മഹാ പരിശുദ്ധനായ എൽദോ മോർ ബസേലിയോസ് ബാവയുടെ ജീവിതരേഖ.
പുണ്യവാനായ എൽദോ മോർ ബേസ്സെലിയോസ് ബാവ ഇറാഖിലെ മൂസലിന് സമീപം കൂദൈദ് എന്ന ഗ്രാമത്തിൽ AD 16-ആം നൂറ്റാണ്ടിന്റെ അവസാനം “ഹദ്ദായി ” എന്ന കുടുംബത്തിൽ ജനിച്ചു. ഈ ഗ്രാമം ഇപ്പോൾ “കർക്കൊശ് “എന്ന പേരിൽ അറിയപ്പെടുന്നു. സത്യവിശ്വാസത്തിനു വേണ്ടി വി. മർത്തശ്മുനിയും മക്കളും രക്തസാക്ഷിത്വം വരിച്ചത് ഇവിടെ വച്ചാണ്.
മമ്മോദിസ ചടങ്ങ്:-
“യൽദോ “എന്നായിരുന്നു മാമ്മോദിസാപ്പേര്. ബാല്യകാലം മുതൽ തികഞ്ഞ ദൈവവിശ്വാസിയും, ശാന്തശീലനും ആയിരുന്നു. ചെറുപ്പത്തിൽ തന്നെ “മാർ ബഹനാൻ “ദയറാ യിൽ ചേർന്ന് സന്യാസജീവിതം നയിച്ചു. അറബിയിലും സുറിയാനിയിലും അഗാധമായ പാണ്ഡിത്യം നേടിയ യൽദോ റമ്പാൻ പട്ടക്കാരെയും ശേമ്മാശന്മാരെയും സുറിയാനിയും വേദശാസ്ത്രവും പഠിപ്പിച്ചിരുന്നു. ദയറായുടെ പ്രധാന ചുമതലക്കാരനായ ഗീവർഗീസ് റമ്പാനുമായി സഹകരിച്ച് “ബഹനാൻ ദയറ “പുതുക്കി പണിതു.
കിഴക്കിന്റെ മഫ്രിയാന:-
AD. 1678ൽ എൽദോ റമ്പാൻ “കിഴക്കിന്റെ മഫ്രിയാന”യായി മാർ ബേസ്സെലിയോസ് എന്ന പേരിൽ വാഴികപ്പെട്ടു. തികഞ്ഞ ഭക്തനും ജ്ഞാനിയുമായിരുന്ന ‘തിരുമേനി ‘ നല്ല ഇടയനും സമൂഹത്തിനു നല്ല മാതൃകയുമായി നേതൃത്വം നൽകി.മൂസ്സൽ എന്ന സ്ഥലത്തുള്ള മാർ മത്തായിയുടെ ദയറായെ കാതോലിക്ക സിംഹസനത്തിന്റെ ആസ്ഥാനമാക്കി.
1684 ൽ മർദീനയിലെ വലിയ പള്ളിയിൽ വെച്ച് നടന്ന വിശുദ്ധ മൂറോൻ കൂടാശയിൽ മാർ ഇഗ്നാത്തിയോസ് അബ്ദുൾ മിശിഹാ പ്രഥമൻ പാത്രിയർക്കീസിനോടോപ്പം കിഴക്കിന്റെ ‘മഫ്രിയാനാ’ യ മാർ ബേസ്സെലിയോസ് യൽദോബാവയും മറ്റ് എപ്പിസ്കോപ്പന്മാരോടൊപ്പം പങ്കെടുത്തു.പോർട്ടുഗീസ് അധിനിവേശത്തിന്റെ ഫലമായി മലങ്കരസഭ പീഡിപ്പിക്കപ്പെടുന്ന വിവരം പരിശുദ്ധ പാത്രിയർക്കീസ് ബാവ അവിടെ വച്ച് അറിയിച്ചു. ഇടയനില്ലാത്ത ആടുകളെപ്പോലെ കഷ്ടപ്പെടുന്ന മലങ്കര മക്കളുടെ അടുക്കലേക്ക് പോകുവാൻ പരിശുദ്ധ യൽദോബാവ തയ്യാറായി.
ശിഥിലമായികൊണ്ടിരുന്ന വിശ്വാസസമൂഹത്തെ സത്യവിശ്വാസത്തിൽ ഉറപ്പിച്ചു നിർത്തുവാനുള്ള വെല്ലുവിളി സ്വയം ഏറ്റെടുത്ത ആ മഹാത്യാഗത്തെ മറ്റ് പിതാക്കന്മാർ പ്രശംസിച്ചു.
(തുടരും….)
മിനി എൽദോസ്, കോതമംഗലം.