റിറ്റ, ഡൽഹി
കണ്ണെത്താത്ത ദൂരം നീണ്ടുകിടക്കുന്ന മണൽപരപ്പുകളും ഒട്ടകത്തിന്റെ പുറത്തിരുന്ന് സൂര്യാസ്തമയവും കാണണമെങ്കിൽ അങ്ങോട്ട് പോയാൽ മതി. രാജസ്ഥാനെക്കുറിച്ചുള്ള പരസ്യത്തിലാണ് ഇങ്ങനെയൊക്കെ കണ്ടിട്ടുള്ളത് . അതുകൊണ്ടു തന്നെ അതിന്റേതായ ഒരാവേശം മനസ്സിലുണ്ടായിരുന്നു.രാജസ്ഥാനിലെ ഏറ്റവും വലിയ ജില്ലയാണിത്.
അങ്ങോട്ട് അടുക്കുതോറും ചുറ്റുമുള്ള കാഴ്ചകളിൽ നിന്നുള്ള ‘പച്ചപ്പ്’ അപ്രത്യക്ഷമായി കൊണ്ടിരുന്നു. വിജനമായ സ്ഥലം. ചിലയിടങ്ങളിൽ ഒട്ടകങ്ങൾ വലിയ മരത്തിൽ നിന്നും ഇലകൾ തിന്നുന്നത് കാണാം. സിറ്റിയോട് അടുക്കാറായപ്പോൾ ‘സാൻഡ് സ്റ്റോൺ’ എന്ന പ്രത്യേകതരം കല്ലുകൾ കൊണ്ട് നിർമ്മിച്ച കെട്ടിടങ്ങൾ കാണാം.സ്വർണ്ണ നിറമാണുള്ളത്. ‘ഗോൾഡൻ സിറ്റി’ എന്ന പേരിലും ഈ നഗരം അറിയപ്പെടാറുണ്ട്.

‘സാൻഡ് സ്റ്റോൺ കൊണ്ട് നിർമ്മിച്ച ‘ഗോൾഡൻ ഫോർട്ടാണ് ഇവിടത്തെ പ്രധാന ലാൻഡ്മാർക്.കൊട്ടാരത്തിലെ പണ്ടുകാലത്തെ അന്തേവാസികളുടെ പിന്മുറക്കാർ ഇപ്പോഴും അവിടെ താമസിക്കുന്നുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത.കോട്ടയുടെ പ്രധാന കവാടം കടന്ന് ചെല്ലുമ്പോൾ, ചെറിയ വഴിയായതു കൊണ്ട് നടന്നു കേറണം. ഇരുവശങ്ങളിലുമുള്ള ചെറിയ കടകൾ ഒരാശ്വാസം. നമ്മുടേതായ രീതിയിലുള്ള ഷോപ്പിംഗ് -യും വിലപേശലുമായിട്ട് മുന്നേറാം.പൊതുവെ വിദേശികളെ പ്രതീക്ഷിച്ചിരിക്കുന്ന കടക്കാർക്ക് നമ്മുടെ വിലപേശലിനോട് അനുകൂലിക്കാൻ വിമുഖതയുണ്ടെങ്കിലും ചില കാര്യങ്ങളിൽ നമ്മുക്ക് നമ്മളാവാതെ വയ്യല്ലോ ? കൊട്ടാരത്തിൽ നമ്മളെ ആകർഷിക്കുന്നത് അവിടത്തെ കൊത്തുപണികളാണ്. ഒരു പക്ഷെ ഇന്നത്തെ കാലത്തു പ്പോലും ഇത്രയും പരിപൂർണ്ണതയോടെ ചെയ്യാൻ സാധിക്കുമോ എന്ന് സംശയമാണ്.കോട്ടമതിലിന് മുകളിൽ നിന്ന് കേറി നിന്ന് നോക്കിയാൽ ആ സിറ്റി മുഴുവൻ കാണാം.

വൈകുന്നേരം നാലു മണിയോടെ ഒട്ടക സഫാരിക്കായി ഞങ്ങളും ഒട്ടകവും റെഡി. ഒട്ടകത്തിന്റെ പുറത്തേക്ക് വല്ല വിധവും കേറി പറ്റി.
‘പുറകിലോട്ട് ചാരി ഇരുന്നേക്ക് അല്ലെങ്കിൽ ഒട്ടകം എണീക്കുന്നതോടെ നിങ്ങൾ താഴെ വീഴും” നിർദ്ദേശകന്റെ നിർദ്ദേശം.
ചാരാനായിട്ട് ഒന്നുമില്ലാതെ എങ്ങനെ ചാരി ഇരിക്കും, വലിയൊരു ചലഞ്ച് ആയിട്ട് തോന്നി.ഏതോ ‘അമ്മ്യൂസ്‌മെന്റ് പാർക്കിലെ റൈഡിൽ ചെന്ന് പെട്ടത് പോലെ.അടുത്തുള്ള ‘സാം സാൻഡ് ഡ്യൂൺ ‘ ലോട്ടാണ് യാത്ര.ചിലപ്പോൾ ചെരിവുള്ള മണലാരണ്യത്തിൽ കൂടിയാണ് യാത്ര.നിർദ്ദേശകൻ കൂടെയുണ്ടല്ലോ എന്ന ധൈര്യം മാത്രം. സൂര്യാസ്തമനം കാണാനായി ഞങ്ങളെ ആ മണലാരണ്യങ്ങളവിടെയിറക്കി.ഒട്ടകത്തിൽ നിന്ന് താഴെ ഇറങ്ങുന്നത് അടുത്ത ചലഞ്ച്.
ഞങ്ങളെപ്പോലെ സൂര്യാസ്തമയം കാണാനായിട്ട് ഒരുപാട് പേർ അവിടെയുണ്ടായിരുന്നു.അവരുടെയിടയിൽ പാട്ടും ഡാൻസുമൊക്കെയായിട്ട്, ആറോ -ഏഴോ വയസ്സ് വരുന്ന പെൺകുട്ടിയും പാട്ട് പാടാനായിട്ട് അവളുടെ ചേട്ടനും വയലിൻ പോലത്തെ ലോക്കൽ ഉപകരണം വായിക്കാനായിട്ട് അവരുടെ മാമനും. പാട്ടിനും മ്യൂസിക്കിനും അനുസരിച്ച് പെൺകുട്ടി ബോളിവുഡ് ഡാൻസിനെ അനുകരിക്കുന്ന ഏതാനും ചുവടുകൾ. കണ്ടപ്പോൾ വിഷമം തോന്നി.സ്‌കൂളിൽ പോകുന്നില്ലേ എന്ന ഞങ്ങളുടെ ചോദ്യത്തിന്, ആറോ -ഏഴോ കി. മീ ദൂരമുള്ള സ്‌കൂളിൽ എങ്ങനെ പോകുമെന്ന് ചോദിച്ച് ഞങ്ങളോട് തിരിച്ച് വഴക്ക് കൂടുകയാണ് ചെയ്തത്.
‘dune bashing’നുമുള്ള സൗകര്യമുണ്ടവിടെ. ചിലർ അവരുടെ കുട്ടികളെ കുത്തനെയുള്ള ചെരിവുകളിലൂടെ കിടന്നുരുളാൻ പ്രോത്സാഹിപ്പിക്കുകയാണ്.കുട്ടികൾ പലരും മടിയും അതിനേക്കാളേറെ പേടിയുമായിട്ടിരിക്കുന്നു.നഗരദൃശ്യങ്ങളുടെ ചിരപരിചിതമായ കാഴ്‌ചകളിൽ നിന്നും വ്യത്യസ്തമായവ. ഒരു പറ്റം അമ്മമാരുടെ കൈയെല്ലാം പൊക്കിയിട്ടുള്ള തുള്ളൽ കണ്ടപ്പോൾ, വല്ല ബാധ കേറിയതാവുമെന്ന് എൻ്റെ അടുത്തിരുന്ന സ്ത്രീ ഓർത്തേക്കാം. വല്ല exercise -ന്റെ ഭാഗമാണെന്നാണ് ഞാൻ വിചാരിച്ചത്. ഫോണിലെ ഏതോ ‘ആപ്പ്’ നു വേണ്ടിയിട്ടുള്ളതാണെന്ന് പിന്നീടാണ് മനസ്സിലായത്.ചുറ്റുമുള്ളവരെ നോക്കിയിരിക്കാനും രസമാണ്.
സൂര്യൻ പതിയെ മറഞ്ഞു തുടങ്ങുന്നതോടെ പടിഞ്ഞാറ് ആകാശം ചുവപ്പ് പ്രളയത്തിലാണ്.അവിടേയുള്ളവരെല്ലാം സെൽഫിയും അല്ലാത്തവയുമായി ഫോട്ടോകൾ എടുക്കുന്ന തിരക്കിലാണ്. ഏതു ഫോട്ടോയിലും ഒട്ടകമാണ് താരം അതുകൊണ്ടായിരിക്കാം അവരുടെ പുറത്തും പൊട്ടുകൾ തൊടീച്ച് സുന്ദരീ – സുന്ദരന്മാരാക്കിയിട്ടുണ്ട്.
സൂര്യാസ്തമയം കഴിയുന്നതോടെ വീണ്ടും ഒട്ടകപ്പുറത്ത് ഇരുന്ന് താമസ്ഥലത്തോട്ടുള്ള യാത്ര ആരംഭിക്കും. അപ്പോഴേക്കും ഞാനൊരു ‘എക്സ്പെർട്ട് ‘ യായി എന്ന് പറയാം.വലിയ പേടി തോന്നിയില്ല.രാജ എന്നായിരുന്നു ഒട്ടകത്തിന്റെ പേര്.ഒരു ദിവസം 500 രൂപയുടെ ഭക്ഷണം വേണം, നല്ല ഭക്ഷണമില്ലെങ്കിൽ വേഗം ചത്ത് പോകുമെന്നാണ് നിർദ്ദേശകൻ പറഞ്ഞത് . അദ്ദേഹത്തിന് അഞ്ചോ – ആറോ ഒട്ടകങ്ങൾ ഉണ്ട്.കൃഷിയുണ്ടെങ്കിലും ഇപ്പോൾ വെള്ളമില്ല. ഇനി മഴ വന്നാലെ കൃഷി തുടങ്ങാൻ പറ്റുള്ളൂ. മക്കളും ഈ ഒട്ടകങ്ങളെ കൊണ്ടുള്ള സഫാരിയാണ് ചെയ്യുന്നത്. ഈ സീസണിൽ ‘ ടൂറിസം കൊണ്ട് മാത്രമാണ് ഉപജീവനം.മക്കളും പേരക്കുട്ടികളുമൊക്കെയുള്ള ഒരുഅപ്പൂപ്പനാണ് അദ്ദേഹം.അദ്ദേഹത്തിൻ്റെ വിശേഷങ്ങൾ കേട്ടുകൊണ്ട് ഞങ്ങളും ഒട്ടകവും. പരിചിത വഴിയിലൂടെയുള്ള യാത്രയായതു കൊണ്ട് പ്രത്യേകിച്ച് നിർദ്ദേശങ്ങളുടെ ആവശ്യമില്ലായിരുന്നു.

ഒട്ടകസഫാരിയും സൂര്യാസ്തമയവുമൊക്കെയായി ആകെ സന്തോഷവതിയായിട്ടിരിക്കുമ്പോഴും ഇവരുടെയൊക്കെ ജീവിതകഥകൾ കേൾക്കുമ്പോൾ വല്ലാത്തൊരു നിസ്സാഹായത തോന്നി.
അല്ലെങ്കിലും വേണ്ടാത്ത ചിന്തകൾ ചിന്തിക്കുന്നവരാണല്ലോ നമ്മളെല്ലാവരും!
അന്നത്തെ ദിവസത്തിനുള്ള കാഴ്ചകൾക്കും അനുഭവങ്ങൾക്കും വിട പറഞ്ഞുകൊണ്ട് തിരിച്ച് താമസസ്ഥലത്തേക്ക് …..