17.1 C
New York
Wednesday, December 1, 2021
Home Travel എന്റെ ഊട്ടി യാത്ര (യാത്രാവിവരണം)

എന്റെ ഊട്ടി യാത്ര (യാത്രാവിവരണം)

✍ഡോളി തോമസ് കണ്ണൂർ.

ഓർക്കാപ്പുറത്താണ് ഒരു ഊട്ടി യാത്ര തരപ്പെട്ടത്. മകന്റെ സുഹൃത്ത് ബോബിറ്റ്, അമ്മ ബീന, സഹോദരി ബോണിറ്റ, ഞാൻ, മോൻ, എന്നിവർ അടങ്ങുന്ന അഞ്ചംഗ സംഘം ബുധനാഴ്‌ച വെളുപ്പിന് പന്ത്രണ്ടരയ്ക്ക് യാത്ര തിരിച്ചു. വയനാട് ചുരം വഴി ബന്ദിപ്പൂർ വനത്തിനുള്ളിലൂടെയുള്ള യാത്ര. ചെറിയ ഉൾഭയം ഉണ്ടായിരുന്നു. വനമേഖലയിൽ, ആന ഇറങ്ങുമോ എന്ന്. അതു കൊണ്ടു തന്നെ സ്പീഡ് കുറച്ചാണ് കുട്ടികൾ കാർ ഓടിച്ചത്. ഏതായാലും ആന പോയിട്ട് ഒരു എലിയെ പോലും കണ്ടില്ല. ഭാഗ്യം. ഗൂഡല്ലൂർ ടൌൺ പിന്നിട്ടപ്പോഴേയ്ക്കും കിഴക്ക് ആകാശത്തു നേരിയ വെളിച്ചം കാണാൻ തുടങ്ങി.

കിഴക്കൻ മാനത്ത് വെളിച്ചം പരക്കുന്ന മനോഹര ദൃശ്യം ആസ്വദിച്ചു കൊണ്ട് ഏഴു മണിയോട് കൂടി പ്രശസ്തമായ ഷൂട്ടിങ് ലൊക്കേഷനിൽ എത്തിച്ചേർന്നു. ഏറെ സിനിമകളിൽ കണ്ട സ്ഥലം. പക്ഷെ ഒരു ക്യാമറ ഫ്രെയിമിൽ ഉൾക്കൊള്ളുന്നതല്ല അവിടുത്തെ ദൃശ്യഭംഗി.

ഊട്ടി പ്രകൃതിയുടെ അതി മനോഹരമായ ക്യാൻവാസ്. ചിത്രങ്ങളിൽ ഊട്ടിയുടെ ഒരു ശതമാനം ഭംഗി പോലും ഇല്ല എന്നതാണ് സത്യം. നേരിട്ട് കാണുമ്പോളാണ് ആ മനോഹാരിത മുഴുവൻ ആസ്വദിക്കാൻ പറ്റുക. വല്ലാതെ ഭ്രമിച്ചു പോകുന്ന പ്രകൃതി ദൃശ്യങ്ങൾ. മഹാനവമി ആയതു കൊണ്ടാണോ എന്നറിയില്ല തിരക്ക് വളരെ കുറവ്. അതു ഏതായാലും സൗകര്യപ്രദമായി. ഓരോന്നും സ്വതന്ത്രമായി ആസ്വദിക്കാൻ കഴിഞ്ഞു.

ഷൂട്ടിങ് ലൊക്കേഷനിൽ കുതിരകൾ മേയുന്നുണ്ട്. ഏക്കറുകളോളം പച്ചപ്പരവതാനി വിരിച്ചപോലെ മൊട്ടക്കുന്നുകൾ. ഇതിലൂടെ നടന്നപ്പോൾ തലേന്നത്തെ യാത്രാക്ഷീണവും, ഉറക്കക്ഷീണവും പമ്പ കടന്നു. ഈ കുന്നുകൾക്ക് അതിരിട്ടു നിൽക്കുന്ന പൈൻ മരങ്ങൾ. കണ്ടാലും തീരാത്ത കാഴ്ച്ചസൗഭഗം ഒരുക്കുന്നു. കുറച്ചു സമയം അവിടെ ചെലവിട്ടു. മോന്റെ സുഹൃത്ത് ബോബിറ്റ്, കിട്ടിയ അവസരം പാഴാക്കാതെ ഓരോ കുതിരയുടെയും അടുത്തു പോയി തൊട്ടു തലോടി ചേർന്നു നിന്ന് ഫോട്ടോകൾ എടുക്കുന്നു. കുതിരകൾ അനുസരണയോടെ നിന്നു കൊടുക്കുന്നു. തണുപ്പ് കാറ്റ് നേരിയ തോതിൽ വീശുന്നുണ്ട്. സെറ്റർ എടുക്കാഞ്ഞത് കൊണ്ട് ചെറുതായി വിറയ്ക്കാൻ തുടങ്ങി. അല്പസമയത്തിന് ശേഷം ഇളവെയിൽ പരന്നപ്പോൾ സുഖദമായ ഒരു അന്തരീക്ഷം. ഇറങ്ങി പോരാൻ മനസ്സു സമ്മതിക്കുന്നില്ല.

നീലഗിരി കുന്നുകളുടെ മനോഹാരിത ആവോളം ആസ്വദിച്ചു കൊണ്ട് യാത്ര തുടർന്നു. പൈൻ മരങ്ങളും, യൂക്കാലി മരങ്ങളും റോഡിനിരുവശവും യഥേഷ്ടം. ഇടയ്ക്ക് തേയിലത്തോട്ടങ്ങളുടെ മാദക ഭംഗിയും. കുന്നിൻ ചരിവുകൾ തട്ടുകളായി തിരിച്ചു, കാരറ്റും, ബീറ്റ്‌റൂട്ട്, കോളിഫ്ലവർ, കാബേജ് തുടങ്ങിയ പച്ചക്കറികൾ കൃഷി ചെയ്തിരിക്കുന്നത് കാണാൻ തന്നെ അതീവ ഭംഗിയാണ്. കൂടെ ഉയരം കുറഞ്ഞ വീടുകൾ കുന്നുകളെ നോവിക്കാതെ അടുക്കടുക്കായി വിവിധ വർണ്ണങ്ങളിൽ നിലകൊള്ളുന്നതും കാഴ്ചയുടെ ആസ്വാദ്യത വർധിപ്പിക്കുന്നു. പ്രകൃതിയുടെ ക്യാൻവാസിൽ മനുഷ്യന്റെ ശ്രദ്ധാപൂർവ്വമായ കരവിരുത്. പ്രകൃതി മനുഷ്യരെ സംരക്ഷിക്കുന്നോ, മനുഷ്യർ പ്രകൃതിയെ സംരക്ഷിക്കുന്നോ എന്ന് ഒരു വേള നമുക്ക് സംശയം തോന്നാം. ഊട്ടിയിലേയ്ക്കുള്ള യാത്ര പോലും അത്രമാത്രം ആസ്വാദ്യ മാകുന്നു. കാഴ്ചാനുഭവം ഇല്ലാത്ത ഒരിഞ്ചു സ്ഥലം പോലും ഇവിടെ ഇല്ല എന്നതാണ് സത്യം. ചില സമയങ്ങളിൽ കോടയിറങ്ങി ഈ കാഴ്ച്ചകളെ മറയ്ക്കും.

ഒൻപത് മണിയോട് കൂടി ഊട്ടി തടാകത്തിൽ എത്തി. അര മണിക്കൂർ ബോട്ടിങ് ആസ്വദിച്ചു.

ഏകദേശം 65 ഏക്കർ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന ഊട്ടി ലേക്ക് ഊട്ടിയിലെ ഏറ്റവും മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന ഇടങ്ങളിലൊന്നാണ്. നീലഗിരി മലനിരകൾക്കു താഴെയായി, താഴ്വരകൾക്കു നടുവിലായി സ്ഥിതി ചെയ്യുന്ന ഊട്ടി തടാകം പച്ചപ്പിനാൽ പൊതിഞ്ഞു നിൽക്കുന്ന ഇടമാണ്. 1824 ൽ ജോൺ സള്ളിവൻ എന്ന ബ്രിട്ടീഷുകാരന്റെ നേതൃത്വത്തിലാണ് ഈ കൃത്രിമ തടാകം നിർമ്മിക്കുന്നത്. ഇന്ന് ഊട്ടിയിലെ പ്രധാന വിനോദ സഞ്ചാര സ്ഥാനങ്ങളിലൊന്നാണ്.

അടുത്തതായി തേയില ഫാക്ടറിയിലേക്ക്. ഫാക്ടറിയിൽ കയറിയ ഉടൻ ഒരു കപ്പ് ചായ തരും. മസാലചായ, സാദാ ചായ എന്നിങ്ങനെ ഉണ്ട്. നമുക്ക് ഇഷ്ടമുള്ളത് പറഞ്ഞാൽ മതി. തേയില കൊളുന്ത് നുള്ളി കൊണ്ട് വന്ന്, അത് നാം ചായ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന തേയില പൊടി ആകുന്നിടം വരെയുള്ള പ്രക്രിയകൾ ജോലിക്കാർ വിശദീകരിച്ചു തരികയും യന്ത്രങ്ങളുടെ സഹായത്താൽ എങ്ങനെ ഈ പ്രവർത്തനം നടക്കുന്നു എന്നും നമുക്ക് നേരിൽ കാണാം. കൂടെ കൊക്കോയിൽ നിന്നും ചോക്കലേറ്റ് നിർമ്മിക്കുന്നത് എങ്ങനെ എന്നും ഇവിടെ കാണാവുന്നതാണ്. ഒരു ടിക്കെറ്റിന് ഓരോ ചോക്കലേറ്റ് ബാർ വെറുതെ കിട്ടും. വേണമെന്നുള്ളവർക്ക് വിവിധ ഫ്ലേവറുകളിൽ ചായപ്പൊടികളും ചോക്കളേറ്റും ഇവിടെ നിന്നും വാങ്ങാവുന്നതാണ്. ഈ തേയില ഫാക്ടറിയും പരിസരവും അതി മനോഹരമയ വ്യൂ പോയിന്റ് ആണ്. കുറച്ചു സമയം തങ്ങി അവിടെ നിന്നും തിരിച്ചിറങ്ങി. കാഴ്ചകൾ കണ്ണുകളിൽ ആവോളം ആവാഹിച്ചു കൊണ്ടുള്ള യാത്ര.

പന്ത്രണ്ടു മണിക്ക് ഹോട്ടലിൽ റൂമിൽ പോയി ഫ്രഷ് ആയി. ഭക്ഷണം കഴിച്ചു മൂന്നു മണി വരെ ഉറങ്ങി.

വൈകുന്നേരം ഊട്ടി ബൊട്ടാണിക്കൽ ഗാർഡൻ സന്ദർശനം.

1847-ൽ ട്വീഡേലിലെ മാർക്യിസ് നിർമ്മിച്ച ഈ ഉദ്യാനം 55 ഏക്കറിൽ പരന്നു കിടക്കുന്ന മനോഹരമായ പ്രദേശമാണ്. പല ഭാഗങ്ങളായി തിരിച്ചിരിക്കുന്ന ഈ ഉദ്യാനം, ദോഡ്ഡബേട്ട കൊടുമുടിയുടെ ചരിവുകളിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിൽ തന്നെ വിരളമായ ചെടികൾ ഇവിടെ സം‍രക്ഷിക്കപ്പെട്ടിട്ടുണ്ട്. പുല്ലുകളും ചെടികളും വളരെ ശ്രദ്ധയോടെ പരിപാലിക്കപ്പെടുന്നു. കോർക്കുമരം, കുരങ്ങനു കയറാനാവാത്ത മങ്കി പസ്സിൽ മരം, 20 ദശലക്ഷം വർഷം പഴക്കമുള്ള ഫോസിൽ മരം, പേപ്പർ ബാർക്ക് മരം എന്നിവയും ഇവിടെയുണ്ട്. നന്നായി പരിപാലിക്കപ്പെടുന്ന ഒരു ഫെർണ് ഹൌസ്, ഓർക്കിഡുകൾ, കാക്ടസുകൾ എന്നിവയും കാണാം. മേയ് മാസത്തിൽ നടക്കുന്ന പുക്ഷ്പഫല സസ്യ പ്രദർശനം പ്രശസ്തമാണ്. ഈ ഉദ്യാനം ഇന്ന് തമിഴ്‌നാട്ടിലെ ഹോർട്ടികൾച്ചർ വിഭാഗം ആണ് സം‍രക്ഷിക്കുന്നത്.

നടന്നാലും തീരാത്ത കണ്ടാലും കണ്ടാലും മതി വരാത്ത ഉദ്യാനം. മനസ്സിനെ ത്രസിപ്പിക്കുന്ന പൂക്കളുടെ ശേഖരം. അവ സംരക്ഷിച്ചിരിക്കുന്നതും അതീവ ശ്രദ്ധയോടെയും ചിട്ടയോടും. വൃക്ഷങ്ങൾ സംരക്ഷിച്ചിരിക്കുന്നത് കുത്തനെയുള്ള കുന്നിൻ ചരുവിൽ ആയതു കൊണ്ട് അവിടേക്ക് നടന്നു കയറുക കുറച്ചു സാഹസം ആവശ്യമുള്ള ഒന്നാണ്. അതു കൊണ്ട് അതിന് മുതിർന്നില്ല. അവിടേക്ക് കയറാൻ എളുപ്പത്തിന് പടിക്കെട്ടുകൾ നിർമ്മിച്ചിട്ടുണ്ട്. എന്നാലും കയറ്റം കഠിനം. ഏകദേശം ഒന്നര മണിക്കൂറോളം ചെലവഴിച്ചു പൂന്തോട്ടം ചുറ്റി നടന്നു കണ്ടു. പിന്നെ ദൊഡ്ഡബട്ട പീക്കിലേയ്ക്ക്.

അവിടെ ചെല്ലുമ്പോളാണ് അറിഞ്ഞത് വ്യൂ പോയിന്റ് അടച്ചിട്ടിരിക്കുന്നു. ടൂറിസ്റ്റുകളെ കടത്തി വിടുന്നില്ല. കാരണം റോഡ് ഇടിഞ്ഞു പോയി. പിന്നെ വന്ന റോഡിലൂടെ കുറച്ചു കൂടി മുന്നോട്ട് പോയി. കുന്നിൻ ചരുവിൽ ചെറിയൊരു തേയിലത്തോട്ടം. കോടയിറങ്ങിയിരിക്കുന്നു. അവിടെ ഇറങ്ങി. കോട മുഖത്തുരുമ്മി കടന്നു പോകുമ്പോളുള്ള അനുഭൂതി അനുഭവിക്കുക തന്നെ വേണം. കാവൽക്കാരൻ വിളിച്ചു പറയുന്നുണ്ട് അധികം താഴേയ്ക്ക് ഇറങ്ങരുത്. പുലിയുള്ള സ്ഥലമാണ് എന്ന്. കുറച്ചു സമയം അവിടെ ചിലവിട്ടു തിരിച്ചു റൂമിലേയ്ക്ക്. നന്നായി ഉറങ്ങണം. കാരണം ഒരു ദിവസത്തെ മുഴുവൻ ഉറക്കവും ബാക്കി.

പിറ്റേന്ന് രാവിലെ എട്ടു മണിക്ക് റെയിൽവേ സ്റ്റേഷനിലേക്ക്. നീലഗിരി മൗണ്ടൻ റെയിൽവേ, പ്രശസ്തവും , പൗരാണികവും ആയ യാത്രാ ടോയ് ട്രെയിൻ. ടിക്കെറ്റ് ബുക്ക് ചെയ്തിരുന്നു. പക്ഷെ വെയ്റ്റിംഗ് ലിസ്റ്റിൽ. ഏതായാലും അവസാന നിമിഷം ടിക്കെറ്റ് ഓകെ ആയി. ഭാഗ്യം. ടോയ് ട്രെയിനിൽ ഒന്നു കയറുക എന്നുള്ളത് ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു.

ഊട്ടി യാത്രകളില്‍ യാതൊരു കാരണവശാലും ഒഴിവാക്കുവാന്‍ സാധിക്കാത്ത ഒരു അനുഭവമാണ് ടോയ് ട്രെയിന്‍ എന്നറിയപ്പെടുന്ന നീലഗിരി മൗണ്ടൻ റെയിൽവേ യാത്ര. മേ‌ട്ടുപ്പാളയത്തെയും ഊ‌ട്ടിയെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് . മേട്ടുപ്പാളയം, കൂനൂർ, വെല്ലിംഗ്ടൺ, അറവുകാട്, കേത്തി, ലവ്ഡെയ്ൽസ് എന്നീ പ്രധാന സ്റ്റേഷനുകളിലൂടെയാണ് കടന്നു പോകുന്നത്. . ഈ യാത്രയിൽ കൂനൂർ വരെ ആവി എൻജിനും പിന്നീടങ്ങോട്ട് ബയോ ഡീസൽ എൻജിനുമാണ് യാത്രയ്ക്കുപയോഗിക്കുന്നത്.

പതിനേഴാം നൂറ്റാണ്ടിലാണ് നീലഗിരി മലയോര തീവണ്ടിപ്പാതയുടെ ചരിത്രം ആംരഭിക്കുന്നതെങ്കിലും പിന്നെയും പതിറ്റാണ്ടുകളെടുത്തിട്ടാണ് ഇത് യാഥാർഥ്യമാവുന്നത്. മേട്ടുപ്പാളയത്തിൽ നിന്നും നീലഗിരിയിലേക്ക് 1884 ലാണ് ഒരു തീവണ്ടിപ്പാത തുടങ്ങേണ്ടതിനെക്കുറിച്ച് ചർച്ചകൾ വന്നത്. നീണ്ട 45 വർഷങ്ങൾക്കു ശേഷമാണ്; നടപടി ക്രമങ്ങളും മറ്റും പിന്നിട്ട് ഇത് യാഥാർഥ്യത്തിലേക്ക് വരുന്നത്.

കൂനൂർ വരെ മാത്രം
1889 ൽ ഇതിന്റെ നിർമ്മാണം പൂർത്തിയാക്കുകകയും യാത്രകൾക്കായി തുറന്നുകൊടുക്കുകയുംചെയ്തു. ആദ്യകാലങ്ങളിൽ കൂനൂർ വരെ മാത്രമായിരുന്നു സർവ്വീസ് ഉണ്ടായിരുന്നത്. പിന്നീട് 1908 ലാണ് ഊട്ടി അഥവാ ഉദഗമണ്ഡലം വരെ ഇതിന്റെ സർവ്വീസ് നീട്ടുന്നത്. ലോക പൈതൃക പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട് ഈ റെയിൽവേ.

8.45 നു ട്രെയിൻ ഊട്ടിയിൽ എത്തി. ഞങ്ങളുടെ ടിക്കെറ്റ് കുനൂർ വരെയാണ്. സന്ദർശകർക്ക് ഫോട്ടോ എടുക്കാനും മറ്റുമായി ഒരു എൻജിൻ സ്റ്റേഷനിൽ സെറ്റ് ചെയ്തിട്ടുണ്ട്. പാലത്തിന്റെ മുകളിൽ എൻജിൻ നിൽക്കുന്നത് പോലെ. അതിൽ കയറിയിരുന്നും, നിന്നുമൊക്കെ ഫോട്ടോ എടുക്കുന്നതിന്റെ തിരക്കിലാണ് സഞ്ചാരികൾ.

കൃത്യം 9.15 ന് തന്നെ ട്രെയിൻ യാത്ര ആരംഭിച്ചു. വളവുകളും, തിരിവുകളും തുരങ്കങ്ങളും, ഉയരം കൂടിയ പാലങ്ങളിൽ കൂടിയും ട്രെയിൻ മണിക്കൂറിൽ 10.5 കിലോമീറ്റർ വേഗതയിൽ ഓടിക്കൊണ്ടിരിക്കുന്നു. അതി മനോഹരമായ കാഴ്ചകൾ. തേയിലത്തോട്ടങ്ങൾ, പൈൻ മരക്കാടുകൾ ചെറിയ കുന്നുകൾ, അഗാധമായ താഴ്ചകൾ എന്നിവ ഓരോന്നായി കടന്നു പൊയ്ക്കൊണ്ടിരിക്കുന്നു. ട്രെയിനിൽ യാത്രക്കാരുടെ ആട്ടവും പാട്ടും ഫോട്ടോ സെഷനും. തുരംഗത്തിലേയ്ക്ക് ട്രെയിൻ പ്രവേശിക്കുമ്പോൾ യാത്രക്കാരുടെ ആവേശം . കൂവലുകളായി പുറത്തു വന്നു. എനിക്കും വെറുതെ ഒന്ന് കൂവാൻ തോന്നി. അത്രയ്ക്കും മനസ്സ് തൂവൽ പോലെ കനം കുറഞ്ഞു പോകുന്നു. പറഞ്ഞറിയിക്കാൻ പറ്റാത്ത ആഹ്ലാദം. ഒരിക്കലെങ്കിലും ഇവിടെ വരാൻ പറ്റുമെന്നോ ട്രെയിനിൽ കയറാൻ കഴിയുമെന്നോ ഓർത്തതല്ല.

ട്രെയിൻ കുനൂർ എത്തി. അവിടെ ഇറങ്ങി. കാർ ഊട്ടി റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്തിരിക്കുകയാണ്. തിരിച്ചു ട്രെയിനിൽ ടിക്കെറ്റ് ഇല്ല. അങ്ങനെ തമിഴ്‌നാട് ട്രാൻസ് പോർട്ട് ബസ്സിൽ തിരിച്ചു ഊട്ടിയിലേയ്ക്ക്. ബസ് യാത്രയും ഒട്ടും മോശമല്ല. ഇതേപോലെ കുന്നിൻ ചരിവുകളിലൂടെയും, ഹെയർപിൻ വളവുകളിലൂടെയും ആണ് യാത്ര. പുറത്തേയ്ക്ക് തന്നെ നോക്കിയിരിക്കാം. ഒട്ടും മുഷിയില്ല.

ഊട്ടിയെപ്പറ്റി പറയുമ്പോൾ എടുത്തു പറയേണ്ട ഒന്നുണ്ട്. വൃത്തി. റോഡരുകിൽ പോലും ഒരു കടലാസ് കഷണം പോലും കാണാൻ ഇല്ല. മെയിൻ റോഡുകളിൽ ഓരോ കിലോമീറ്റർ ഇടവിട്ടു വേസ്റ്റ് ബിന്നുകൾ വെച്ചിരിക്കുന്നു. സമ്പൂർണ്ണ പ്ലാസ്റ്റിക് നിരോധിത മേഖല. ഈ കാര്യത്തിൽ അവിടുത്തെ ഭരണാധികാരികളെ നമിക്കാൻ തോന്നുന്നു. കണ്ടു പഠിക്കാം നമുക്ക്. എത്ര ഉത്തരവാദിത്തത്തോടെയാണ് അവർ ടൂറിസത്തെ കൈകാര്യം ചെയ്യുന്നത് എന്ന്.

തിരിച്ചു മസിനഗുഡി വഴി പോരാൻ ആണ് തീരുമാനിച്ചിരുന്നത്. പക്ഷെ അവിടേക്ക് ഊട്ടിയിൽ നിന്നും യാത്രക്കാരെ കയറ്റി വിടുന്നില്ല. ഊട്ടിയിലേയ്ക്ക് ആ റൂട്ടിൽ പോകുന്നതിന് വിലക്കില്ല. അങ്ങനെ മസിനഗുഡി നഷ്ടമായി. ചെറിയൊരു നിരാശ തോന്നി.

വഴിയിൽ നീഡിൽ റോക് വ്യൂ പോയിന്റിൽ നിർത്തി. കുത്തനെയുള്ള മലയിൽ സുരക്ഷാക്രമീകരണങ്ങളോടെ ചുറ്റുമുള്ള പ്രദേശത്തിന്റെ വന്യമായ കാഴ്ച്ച. താഴെ അഗാധമായ ഗർത്തം. ഇടതൂർന്ന വനം. താഴേയ്ക്ക് നോക്കിയാൽ തന്നെ കാൽപാദങ്ങളിൽ കൂടി ഒരു വിറയൽ കടന്നു പോകും. അങ്ങു ദൂരെ അടുക്കടുക്കായി മലനിരകൾ. ഒരു വശത്ത് ഭീമാകാരമായ ഒരു പാറ. ഒരു വന്മലപോലെ.

വ്യൂ പോയിന്റിന് തൊട്ടു മുന്നിലായി വേറൊരു പാറ. അതിന്റെ മുകളിൽ കുറെ യുവാക്കൾ കൂട്ടം കൂടി ആടിപ്പാടുന്നു. കാൽ ഒന്നു തെറ്റിയാൽ മൃതദേഹം പോലും കിട്ടില്ല. ഇത് കണ്ടു നിൽക്കുന്നവരുടെ ഉള്ളും കിടുങ്ങിപോകും. യുവത്വത്തിന്റെ ആവേശം. വീട്ടിൽ ഇവരെ കാത്തിരിക്കുന്ന ഉറ്റവരെ ഓർക്കാതെയുള്ള സാഹസം. ഇങ്ങനെയുള്ള സാഹസങ്ങളാണ് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നടക്കുന്ന ഓരോ അപകടത്തിന്റെയും മൂലഹേതു. ഓർക്കുക കുട്ടികളെ. ജീവൻ പണയം വെച്ചു എന്തിനീ സാഹസം. അതുകൊണ്ട് എന്തു കിട്ടാൻ. ആവേശങ്ങൾ കുറച്ചു സമയത്തേക്ക് മാത്രം. ജീവിതം പിന്നെയും ഉണ്ടെന്നോർക്കുക.

ഈ സർക്കസ് അധികനേരം കണ്ടു നിൽക്കാൻ ഉള്ള മനസ്സാനിധ്യം ഇല്ലാത്തത് കൊണ്ട് വേഗം തിരിച്ചു പോന്നു.

ദേവർഷോലെ എസ്റ്റേറ്റ് വഴി ഗൂഡല്ലൂർ ബന്ദിപ്പൂർ വയനാട് . വയനാട് ചുരം പാതയിൽ വനത്തിനുള്ളിൽ മുടി നീട്ടി വളർത്തിയ ഒരു മനുഷ്യൻ ആരും നടക്കാത്ത വഴിയിൽ നിൽക്കുന്നത് ബോബിറ്റ് കാട്ടിത്തന്നു. അത് ആരാവാം? ഒരു പക്ഷെ മനസിന്റെ സമനില തെറ്റി അലഞ്ഞു നടക്കുന്നതാവും. വന്യമൃഗങ്ങൾ ഇറങ്ങുന്ന വന പാതയിൽ സുബോധം ഉള്ള ആരും ഏതായാലും ആ അസമയത്ത് നിൽക്കില്ല. പകൽ പോലും വാഹനങ്ങളിൽ അല്ലാതെ കാൽനടയായി അതിലെ ആരും പോകില്ല. പതിനൊന്നു മണിയോട് കൂടി വീട്ടിൽ എത്തിച്ചേർന്നു. രണ്ടു ദിവസത്തെ അവിസ്മരണീയ അനുഭവങ്ങൾ ഇനി ഓർമ്മയിൽ സൂക്ഷിക്കാം.

ഡോളി തോമസ് കണ്ണൂർ.

COMMENTS

5 COMMENTS

  1. ആധികാരിക മായ എഴുത്ത്.. യാത്രാവിവരണത്തി നപ്പുറം വിജ്ഞാനകോശം പോലെ …സമൃദ്ധമായ ജ്ഞാനം…. അഭിനന്ദനങ്ങൾ

  2. ഒരിപാടിഷ്ടമായി ഈ വിവരണം ഊട്ടിയിൽ 3 പ്രാവശ്യം പോയിട്ടുണ്ടെങ്കിലും, ചില കഥകളോക്കെ പുതുതായി കിട്ടിയ അറിവാണ്, തടാകം മനുഷ്യനിർമ്മിതിയാണെന്നതും എടുത്തു പറയണം, ഈ 3 തവണ പോയിട്ടും, തേയില ഫാക്ടറിയും, ടോയി ട്രയിൻ കാണാനും, കയറാനും സാധിച്ചില്ലാ,, എന്തായാലും ഈ വിവരണം അടിസ്ഥാനമാക്കി, ഒരു യാത്ര പ്ലാൻ ചെയ്യും, ചേച്ചിക്ക് ഒരു പാട് നന്ദിയും, കടപ്പാടും അറീക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: