17.1 C
New York
Wednesday, July 28, 2021
Home Travel ഇറ്റലി - ജനീവ. വഴിയോരക്കാഴ്ചകളും ലീമൻ തടാകക്കരയിലെ വിശേഷങ്ങളും (യൂറോപ്പിലൂടെ ഒരു യാത്ര) – (ഭാഗം...

ഇറ്റലി – ജനീവ. വഴിയോരക്കാഴ്ചകളും ലീമൻ തടാകക്കരയിലെ വിശേഷങ്ങളും (യൂറോപ്പിലൂടെ ഒരു യാത്ര) – (ഭാഗം 33)

തയ്യാറാക്കിയത്: പത്മിനി ശശിധരൻ✍


യാത്ര തുടർന്നു കൊണ്ടിരുന്നു..

ഇറ്റലിയിലെ ഏറ്റവും വലിയ തുറമുഖനഗരമായ(port city)  ജനോവയിലൂടെ ആണ് കടന്നു പോകുന്നത്. വിശ്വപ്രസിദ്ധമായ ഇറ്റാലിയൻ മാർബിൾ (ഖരേര മാർബിൾ-Kharera) ഫാക്ടറിയും ഷോറൂമും  ഇരുവശത്തും കണ്ടു . കുറച്ചു കഴിഞ്ഞപ്പോൾ വലതുവശത്തേക്കു നോക്കിയാൽ ഖരാര മലനിരകളും മെഡിറ്ററേനിയൻ കടലും കാണാമെന്ന് രാമേട്ടൻ പറഞ്ഞു. എന്റെ സീറ്റിലിരുന്ന് എനിക്കത് കാണാൻ കഴിഞ്ഞില്ല. ശശിയേട്ടൻ എഴുന്നേറ്റ്നിന്നപ്പോൾ  കാണാൻ കഴിയുന്നുണ്ട് എന്നു പറഞ്ഞു. വളരെ ജനസാന്ദ്രത  ഉള്ള സ്ഥലം ആണെന്ന് തോന്നുന്നു ധാരാളം വലിയ കെട്ടിടങ്ങൾ ( വ്യവസായശാലകളും പാർപ്പിടങ്ങളും)  പോലെ  കാണുന്നുണ്ട്.

സമയം 2 :22    ഇപ്പോൾ ഒരു തുരങ്കത്തിൽകൂടിയാണ് യാത്ര വളരെ നീളമുള്ള ഒരു തുരങ്കമാണിത്. പലഭാഗത്തും ഗ്ലാസ് കൊണ്ടുള്ള ആവരണമാണ്. അതിൽ കൂടി പ്രകാശം കടന്നു വരുമ്പോൾ ഫോണിൽ മഴവില്ലുകൾ തെളിയുന്നു. പലരും സിനിമയിൽ ഇരിക്കുകയാണ്   ഒരു സമതല പ്രദേശത്ത് കൂടിയാണ് യാത്ര. സൂര്യകാന്തി പാടങ്ങളും പച്ചപിടിച്ച മറ്റു ചില കൃഷിസ്ഥലങ്ങളും കാണുന്നുണ്ട്. കുറേ ദൂരെയായി മലകളും കാണാം. ഇടയ്ക്കിടെ തിങ്ങിനിറഞ്ഞ് മരക്കൂട്ടങ്ങൾ. ചില ചെറിയ വീടുകളാണെന്നു ഇടയ്ക്കിടെ കാണുന്നുണ്ട്. കുറേ സമയത്തിനുശേഷം ആണ് ഇതുപോലെയുള്ള ഒരു ഭൂമികയിലൂടെ സഞ്ചരിക്കുന്നത്. മഴക്കാർ ഉള്ളതിനാൽ വെയിലിന്റെ തീഷ്ണത അല്പം കുറഞ്ഞിട്ടുണ്ട്.. നല്ല ഭംഗിയുള്ള വെയിൽ. അലേസാൻഡ്രല്ല (ALESSANDRELLA) അങ്ങനെയേതോ ഒരു പേര് വാഹനം ഓടുന്നതിനിടയിൽ എവിടെയോ വായിക്കാൻ കഴിഞ്ഞു. മൂന്നു മണി കഴിഞ്ഞപ്പോൾ ഞങ്ങളുടെ വാഹനം ഒരു സ്ഥലത്ത് ചെന്നു നിന്നു. ശൗചാലയത്തിൽ പോകുന്നതിനും, ചായ കുടിക്കുന്നതിനും വേണ്ടി അവിടെ 40 മിനിറ്റ് നേരത്തെ സമയം ഉണ്ട് എന്ന് പറഞ്ഞു. പുറത്തേക്ക് നോക്കിയപ്പോൾ അതിനുള്ള ള്ള സൗകര്യങ്ങൾ ഒന്നും കാണാതെ ഞങ്ങൾ എന്താണെന്ന് വിചാരിച്ചു. അപ്പോഴാണ് രാമേട്ടൻ പറയുന്നത് ഫ്ലൈ ഓവറിന് മുകളിലായി എല്ലാ സൗകര്യങ്ങളുമുള്ള ഒരു സൂപ്പർമാർക്കറ്റ് ഉണ്ടെന്ന്. ലിഫ്റ്റിൽ കയറി എല്ലാവരും അവിടെ എത്തി. കടയിലേക്ക് കയറുന്നതിനു മുൻപ് രാമേട്ടൻ ഒരു കാര്യം പ്രത്യേകം ഓർമിപ്പിച്ചു. ടോയ്‌ലറ്റ് സൗകര്യം ഏറ്റവും അറ്റത്ത് ആണെന്നും അവിടെ കാണുന്ന ലിഫ്റ്റിൽ കയറി ആരും താഴത്തേക്ക് ഇറങ്ങരുതെന്നും.. കാരണം ആ ലിഫ്റ്റിൽ കയറിയാൽ മറുവശത്തുള്ള വേറൊരു സ്ഥലത്താണ് എത്തുക. ഞങ്ങൾ അതിന്റെ മുകളിൽ നിന്നും കാഴ്ചകൾ വല്ലതും പകർത്താൻ ഉണ്ടോ എന്ന് നോക്കി. നീണ്ടുകിടക്കുന്ന റോഡ് മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ. സൂപ്പർ മാർക്കറ്റിൽ സാധനങ്ങൾക്കെല്ലാം നല്ല വിലയായിരുന്നു. ചായ/ കാപ്പി/snacks, ഇങ്ങനെ ഇഷ്ടമുള്ളത് ഓരോരുത്തരും വാങ്ങി കഴിച്ചു. ഏകദേശം നാലുമണിയോടെ വീണ്ടും ഞങ്ങൾ യാത്രയായി.

ഭംഗിയുള്ള പ്രദേശങ്ങൾ താണ്ടി വണ്ടി ഓടിക്കൊണ്ടിരുന്നു.  സമയം അഞ്ചുമണി കഴിഞ്ഞിരിക്കുന്നു മലനിരകൾക്കിടയിലൂടെ നീണ്ടു കിടക്കുന്ന റോഡിൽ കൂടിയാണ് യാത്ര. ഇടയ്ക്ക് ചില ചെറിയ പട്ടണങ്ങൾ. ചില ഭാഗത്ത് മലകൾ തട്ടുതട്ടായി തിരിച്ചുള്ള ടൗൺഷിപ്പുകൾ കാണുന്നുണ്ട്. വീടുകളെല്ലാം കാണാൻ നല്ല ഭംഗിയുണ്ട്. കുറേ കരിങ്കൽ പാറകൾ നിറഞ്ഞ മലകൾ . ചില മലമുകളിൽ എന്തെല്ലാമോ രൂപങ്ങൾ കൊത്തി വെച്ചിട്ടുണ്ട്. ചില ഭാഗങ്ങളിൽ പടവുകൾ കെട്ടിയ പോലെ മടക്കു മടക്കുകൾ ആയി കിടക്കുന്നു. ഏതെങ്കിലും ചില ചെറിയ അറിവുകൾ ഒഴുകി വരുന്നത് കാണാം. പല ഭാവനകളും മനസ്സിൽ തെളിഞ്ഞു .. അതു കഴിഞ്ഞപ്പോഴേക്കും പച്ചപിടിച്ച മലനിരകൾ. പ്രകൃതിയുടെ വ്യത്യസ്തമായ ചിത്രങ്ങൾ  നൊടിയിടയിൽ ദൃഷ്ടിഗോചരമാക്കിക്കൊണ്ട് വാഹനം നീങ്ങിക്കൊണ്ടിരിക്കുകയാണ്

. മുഴുവൻ ക്യാമറയിലാക്കാൻ കൊതി തോന്നിക്കുന്ന ദൃശ്യങ്ങൾ. മലമടക്കുകളിൽ പല കൃഷിയിടങ്ങളിൽ സ്പ്രിംഗ്ലർ ഉപയോഗിച്ച് ജലസേചനം നടത്തുന്നത് കണ്ടു. ഞാൻ ആദ്യം കരുതിയത് അരുവി ഒഴുകുകയാണ് എന്നാണ്. അടുത്തു കണ്ടപ്പോഴാണ് അത് ജലസേചനം നടത്തുകയാണെന്ന് മനസ്സിലായത്. ഇപ്പോൾ മലയുടെ മുകളിൽവരെ വീടുകൾകാണുന്നുണ്ട് ചില ഭാഗത്ത് ഇടതിങ്ങിയ കാടുകളും . നല്ല ഭംഗിയുള്ള വെള്ളപ്പൂക്കൾ നിറഞ്ഞു നിൽക്കുന്ന വലിയ മരങ്ങൾ കണ്ടു യൂറോപ്പിലെ പല ഭാഗങ്ങളിലും ഈ മരങ്ങൾ കണ്ടിരുന്നു. ഇറ്റലിയുടെയും ഫ്രാൻസിന്റെയും അതിർത്തിപങ്കിടുന്ന മൗണ്ട് ബ്ലാങ്ക് മലനിരകളിൽ നിന്നും ഒരു പുഴ ഒഴുകിവരുന്നത് കാണുന്നുണ്ട്. നമ്മുടെ പ്രശസ്ത ആണവ ശാസ്ത്രജ്ഞനായ, ഇന്ത്യൻ ആണവ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഹോമി ജഹാംഗീർ ബാബ 1966 ജനുവരി ഇരുപത്തിനാലിന് ഒരു വിമാനാപകടത്തിൽ മരിച്ചത് ഈ മലനിരകളിലാണ് എന്ന് രാമേട്ടൻ മലനിരകളെ ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു.

 ഇപ്പോൾ മൗണ്ട് ബ്ലാങ്ക് ചെക്ക് പോസ്റ്റ് കടന്നു. അവിടെ അധികം ചെക്കിങ് ഒന്നുമില്ല. പക്ഷേ160 യൂറോ ടോൾ കൊടുക്കണം. അവിടെ ക്യാമറ നിരോധിച്ചിരുന്നു വീഡിയോ എടുത്ത് കൊണ്ടിരുന്നതിനാൽ കുറച്ച് ദൂരക്കാഴ്ച കൈവശം കിട്ടി. ക്യാമറ അവിടെയെത്തുമ്പോഴേക്കും ഓഫ്‌  ചെയ്തു    ഇപ്പോൾ വളരെ ജനസാന്ദ്രതയുള്ള ഒരു പട്ടണത്തിലൂടെയാണ് കടന്നുപോകുന്നത് നീണ്ടുകിടക്കുന്ന കെട്ടിടങ്ങൾ കണ്ടു ഫാക്ടറികളോ വെയർ ഹൗസുകളോ ആണെന്ന് തോന്നുന്നു. Carrefore തുടങ്ങിയ വലിയ ഷോപ്പിങ് മാളുകൾ കാണുന്നുണ്ട്. അതിനിടയിൽ രസകരമായി കണ്ട ഒരു കാഴ്ചയാണ് ഒരേ ഒരു കാക്ക പറന്നു പോകുന്നത്. മലമുകളിലും കെട്ടിടങ്ങൾ കാണുന്നുണ്ട്.ആകെ പച്ചപിടിച്ച ഭൂപ്രകൃതി. രണ്ടുനില കെട്ടിടങ്ങൾക്കും നമ്മുടെ നാട്ടിലെ  ഒറ്റനിലക്കെട്ടിടത്തിന്റെ ഉയരം തോന്നുന്നില്ല. ചില വീടുകൾ തീപ്പെട്ടി കൂട് പോലെ തോന്നുന്നു വീണ്ടും ചില ഭാഗത്ത് മഞ്ഞുമൂടിയ മലനിരകൾ കാണുന്നുണ്ട്. എന്നാൽ  സ്വിറ്റ്സർലണ്ടിൽ കണ്ടതുപോലെ ഇല്ല. ആറുമണി കഴിഞ്ഞിരിക്കുന്നു. ഞങ്ങൾ ഫ്രാൻസിലേക്ക് എത്താറായിരിക്കുന്നു.

ഞങ്ങൾ ഇപ്പോൾ ഒരു നീണ്ട തുരങ്കത്തിലേക്ക് (16 കിലോമീറ്റർ ) കടക്കുകയാണ്.യൂറോപ്പിലെമൂന്നാമത്തെ ഏറ്റവും വലിയ തുരങ്കം ആണിത്. രണ്ടു ഭാഗത്തേക്കും വാഹനഗതാഗതം നടത്തുന്ന തുരങ്കം ആണിത്. ഫ്രാൻസിലേക്ക് എത്തിയിരിക്കുന്നു മൂന്നു ദിവസത്തെ ചൂടിൽ നിന്നും വീണ്ടും തണുപ്പിലേക്ക് സുഖകരമായ തണുപ്പ്. നിരനിരയായി നീങ്ങുന്ന കാറുകളും ട്രക്കുകളും. സമയം 6:20 എങ്കിലും നല്ല വെളിച്ചം ഉണ്ട്. മലനിരകളും സൂചികാഗ്രവൃക്ഷങ്ങളും റോഡിന്റെ രണ്ടുഭാഗത്തും കാണുന്നുണ്ട്.  പർവ്വതങ്ങളുടെ മുകളിലുള്ള മഞ്ഞിൽ തട്ടിവരുന്ന അസ്തമയ സൂര്യ രശ്മികളുടെ അഭൗമസുന്ദരമായ കാഴ്ച. വീണ്ടും ഒരു ചെറിയ തുരങ്കം. ഇതുവരെ കണ്ടതിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു ഭൂപ്രകൃതിയാണ് ഇവിടെ കാണുന്നത്. പച്ചപിടിച്ച് കിടക്കുന്ന ചെറിയ മലനിരകൾക്ക് പിന്നിലായി മഞ്ഞുമൂടിക്കിടക്കുന്ന ഗിരിശൃംഗങ്ങൾ. അവിടെ സൂര്യവെളിച്ചം പതിക്കുമ്പോൾ ഉള്ള മനോഹരക്കാഴ്ച വർണ്ണിക്കാൻ ആവുന്നില്ല. ആറര കഴിഞ്ഞെങ്കിലും സൂര്യേട്ടൻ ഉറങ്ങാൻ പോകാനുള്ള മട്ടില്ല.   

രണ്ടുഭാഗത്തും ഉയരമുള്ള മലനിരകൾ ചിലയിടങ്ങളിൽ പച്ചയണിഞ്ഞും മറ്റിടങ്ങളിൽ വെറും പാറക്കൂട്ടങ്ങളും ആയി നിൽക്കുന്നു. ഏതോ ഒരു വലിയ കോട്ട കൊത്തിവെച്ചത് പോലെയുള്ള ഒരു മല കണ്ടു. ചുറ്റും കാടും . അതിനിടയിൽ കൂടി ഒരു പുഴ ഒഴുകുന്നു. താഴ്വരയിൽ നിറയെ വീടുകൾ. മലമുകളിലേക്ക് പോകുന്ന വൈദ്യുതി കമ്പികൾ. അടിവാരത്തിൽ കൂടി ഒഴുകുന്ന ഒരു നദി ( റോൺ നദിയാണെന്ന് തോന്നുന്നു ) ഇപ്പോൾ കൃഷിസ്ഥലങ്ങളും താമസസ്ഥലങ്ങളും കാണുന്നുണ്ട്.അധികം ഉയരമില്ലാത്ത മലകൾ കുറച്ചു ദൂരെയായി കാണുന്നുണ്ട്. പച്ചസാരിയുടുത്ത സമതല ഭൂമിക്കു അതിരിട്ട പോലെ നിൽക്കുന്ന മലനിരകൾക്കു മുകളിൽ ഒരു ചിത്രകാരൻറെ ക്യാൻവാസ് പോലെ മനോഹരമായി പരന്നുകിടക്കുന്ന ആകാശം.

ഇപ്പോൾ ഒരു പട്ടണപ്രദേശത്തിലെ ഒരു പാലത്തിൽ കൂടിയാണ് പോകുന്നത്. നല്ല ജനസാന്ദ്രതയുള്ള പ്രദേശമാണ്. ഇവിടെയും പർവ്വതക്കാഴ്ചകൾക്ക് കുറവൊന്നുമില്ല. ശില്പങ്ങൾ കൊത്തിവച്ച പോലെ . ചെറിയ കാടുകൾ പോലെ പരന്നുകിടക്കുന്ന മരക്കൂട്ടങ്ങൾ, പച്ചപിടിച്ച് കിടക്കുന്ന ഭൂവിഭാഗങ്ങൾ, എല്ലാം അസ്തമയസൂര്യൻറെ തങ്ക പ്രഭയിൽ മുങ്ങിക്കുളിച്ചു പ്രകൃതി എന്ന ചിത്രകാരന്റെ/ ശില്പിയുടെ അഭൗമമായ കഴിവുകൾ വിളിച്ചോതുന്നു. കാഴ്ചകൾ പിന്നിലാക്കിക്കൊണ്ട് കൊണ്ട് ഞങ്ങളുടെ വാഹനം വീണ്ടും സ്വിസ്സ്-ഫ്രാൻസ് അതിർത്തിയിൽ എത്തിയിരിക്കുന്നു. സമയം 7:13.(ബസ്സിൽ അന്താക്ഷരിയുടെയും സിനിമയുടെയും ബഹളമാണ്. ഇത്രയും ഭംഗിയുള്ള കാഴ്ചകൾ കാണാതെ ബഹളം വെച്ച് ഇരിക്കുന്നവർ.. എനിക്കൊരല്പം വിഷമം തോന്നി. ഇനി പോകുന്നത് ജനീവയിലേക്കാണ്. അവിടെ പോയി കാഴ്ചകൾ കണ്ട് വീണ്ടും ഫ്രാൻ‌സിൽ തിരിച്ചെത്തും. സ്വിറ്റ്സർലാൻഡിൽ ആണ് ജനീവ എങ്കിലും ഈ ഭാഗം ഫ്രഞ്ച് ജനീവ എന്നറിയപ്പെടുന്നു..  സൂര്യരശ്മികൾ ക്ക് നല്ല തീഷ്ണത. കൂളിംഗ് ഗ്ലാസ് വെച്ചിട്ടുണ്ടെങ്കിലും പുറത്തേക്ക് നോക്കാൻ വയ്യ. കുന്നും മലനിരകളും ആകാശവും എല്ലാം ഏതോ ഒരു അഭൗമലോകത്തേക്ക് കൊണ്ടുപോകുന്ന പോലെ ഉള്ള കാഴ്ച. ഇപ്പോൾ പട്ടണത്തിൽ കൂടിയാണ് യാത്ര. വലിപ്പമുള്ള വീടുകൾ കാണുന്നു സാമാന്യം സമ്പന്നർ താമസിക്കുന്ന സ്ഥലം ആണെന്ന് തോന്നുന്നു. ഏഴരയോടെഞങ്ങൾJardin anglais( English garden)എത്തി. ഈ പാർക്ക് 1855 സ്ഥാപിച്ചത് ആണെങ്കിലും 1863 ലാണ് ഇപ്പോഴത്തെ സ്ഥിതിയിലേക്ക് എത്തിയത്.ജനീവാ തടാകത്തിന് അരികിലെത്തി ലീമൻ തടാകം എന്നും അറിയപ്പെടുന്ന ഇത് യൂറോപ്പിലെ ആൽപ്പിയൻ തടാകങ്ങളിൽ വെച്ച് ഏറ്റവും വലുതാണ്. തടാകത്തിന്റെ 60 ശതമാനം ഭാഗം സ്വിറ്റ്സർലൻഡിലും ബാക്കിഭാഗം ഫ്രാൻസിലും ആണ്. ചന്ദ്രക്കലയുടെ ആകൃതിയിൽ ആണ് ഈ തടാകം കാണപ്പെടുന്നത്. പരമാവധി നീളം എഴുപത്തി മൂന്നു കിലോ മീറ്റർ വീതി 14 കിലോമീറ്റർ ആണ്. ശരാശരി ആഴം 154.4 മീറ്റർ ആണെങ്കിലും 310 മീറ്റർ ആഴമുള്ള സ്ഥലവും ഈ തടാകത്തിൽ ഉണ്ട്. സമുദ്രനിരപ്പിൽ നിന്നും 372 മീറ്റർ ഉയരത്തിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. തടാകത്തിന്റെ കരയിൽ സഞ്ചാരികളെ ആകർഷിക്കുന്നതിനായി അനേകം വിസ്മയങ്ങളാണ് ഒരുങ്ങിയിരിക്കുന്നത്. അതിൽ എന്നെ ഹഠാദാകർഷിച്ച  ഒന്നാണ് പുഷ്പഘടികാരം. ഘടികാരനിർമ്മാണത്തിന് ലോക പ്രശസ്തിനേടിയ ജനീവയിലെ ഈ ക്ലോക്കും ലോകപ്രശസ്തി നേടിയിരിക്കുന്നു. ഘടികാര വ്യവസായരംഗത്തിനുള്ള ബഹുമാനാർത്ഥമാണ് 1955ൽ ഈ ക്ലോക്ക് സ്ഥാപിച്ചത്. അഞ്ചു മീറ്റർ വ്യാസമുള്ള ക്ലോക്കിന്റെ സെക്കൻഡ് ഹാൻഡിന്റെ നീളം 2.5 മീറ്റർ ആണ്. ലോകത്തിലെ ഏറ്റവും നീളം കൂടിയ സെക്കന്റ് സൂചി ഇതാണ്. 6500 പുഷ്പിത ചെടികളും കുറ്റിച്ചെടികളും ഉപയോഗിച്ചാണ് ക്ലോക്കിന് മുഖം നൽകിയിരിക്കുന്നത്. ഓരോ സീസണിലും വിരിയുന്ന പൂക്കളുടെ നിറം അനുസരിച്ച് ക്ലോക്കിന്റെ വർണ്ണഭംഗിയും മാറിക്കൊണ്ടിരിക്കും. ഈ വർണഭംഗി നൽകുന്നതും നില നിർത്തുന്നതും,യാതൊരു രാസവസ്തുക്കളും ഉപയോഗിക്കാതെ, പ്രകൃതിയുടെ സഹായത്താൽ മാത്രമാണ്. അരനൂറ്റാണ്ടിലധികം പഴക്കമുള്ള ഈ ക്ലോക്കിന്റെ പ്രവർത്തനം ഒരിക്കലും നിലയ്ക്കുകയോ വ്യത്യാസപ്പെടുകയോ ചെയ്തിട്ടില്ല എന്നുള്ളതും ഒരു പ്രത്യേകതയാണ്. നമ്മൾ കാണുന്ന സമയം സാറ്റലൈറ്റ്് വഴിസംപ്രേക്ഷണം   ചെയ്യുന്നതാണെന്ന് അറിഞ്ഞു. 2005 ടെഹ്റാനിൽ 15 മീറ്റർ വ്യാസമുള്ള ഒരു പുഷ്പ ഘടികാരം നിർമ്മിച്ചപ്പോൾ ലോകത്തിലെ ഏറ്റവും വലിയ പുഷ്പഘടികാരം എന്ന സ്ഥാനം ഇതിന് നഷ്ടമായി.

സഞ്ചാരികളെ ആകർഷിക്കുന്ന രാക്ഷസ യന്ത്രചക്രം സ്വിസ്സ് വീൽ (giant wheel ) ഈ പുഷ്പ ഘടികാരത്തിനു കുറച്ചു പിന്നിലായി തലയുയർത്തി സ്ഥിതിചെയ്യുന്നു.ഈ  ഫെറിസ് വീൽ സ്പോൺസർ ചെയ്തിരിക്കുന്നത് അറബ് സ്വിസ്ർലൻഡ്  ആണ്‌. ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ ഹോറോളജി(horology- ഘടികാരനിർമ്മാണവിദ്യ) മ്യൂസിയമായ Patek Philippe പുറമേനിന്ന് കണ്ടു. പണ്ടുകാലം മുതലുള്ള  ഘടികാരങ്ങൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്  എന്നു രാമേട്ടൻ  പറഞ്ഞു. പിന്നെ അവിടെ കണ്ട പ്രധാനപ്പെട്ട ഒരു ദൃശ്യമാണ്  ദേശീയ സ്മാരകമായ  ഒരു വലിയ സ്തംഭത്തിൽ വാളും പരിചയുമേന്തിനിൽക്കുന്ന രണ്ടു സ്ത്രീകളുടെ വെങ്കല പ്രതിമ. റോബർട്ട് ഡോറർ എന്ന ശില്പിയുടെ ഈ വെങ്കല കലാശിൽപം അനേകം സഞ്ചാരികളെ ആകർഷിച്ചുകൊണ്ട് അവിടെ സ്ഥിതി ചെയ്യുന്നു. 1814 സെപ്റ്റംബർ 12ന് നടന്ന സ്വിസ് കോൺഫെഡറേഷൻ സ്മരണാർത്ഥമാണ് ഇത് സ്ഥാപിച്ചത് 1869 ലാണ് ഇത് ഉദ്ഘാടനം ചെയ്തത്. വാളും പരിചയുമേന്തി നിൽക്കുന്ന രണ്ട് സ്ത്രീകൾ ജനീവയെയും ഹെൽവിറ്റയേയും പ്രതിനിധാനം ചെയ്തു തെക്കോട്ട് ദർശനമായി സ്വിസ്സർലൻഡിലെ മറ്റുഭാഗങ്ങളെ അഭിമാനത്തോടെ നോക്കിക്കൊണ്ട് നിൽക്കുന്നു. വീതിയേറിയ നടപ്പാതകളും സഞ്ചാരികളെ കൊണ്ടുപോകുന്നതിനുള്ള ട്രെയിനുകളും, ലഘു ഭക്ഷണശാലകളും എല്ലാമായി ഏതൊരു സഞ്ചാരിയേയും ആകർഷിക്കുന്നതിനുള്ള  സംവിധാനങ്ങൾ അവിടെ ഒരുക്കിയിട്ടുണ്ട്. തടാകക്കരയിൽ ഉള്ള കൈവരിയിൽ പിടിച്ച് നിന്നുകൊണ്ട് തടാകത്തിൽ യാത്ര ചെയ്യുന്നവരെ ഞങ്ങൾ നോക്കി നിന്നു. കുറെ നേരം അവിടെ എല്ലാം ചുറ്റിനടന്നു. തടാകത്തിലെ ജലധാരയന്ത്രം വേറൊരു കാഴ്ചയാണ്  ക്യാമറയിൽ പകർത്തിയ അതിനേക്കാൾ കൂടുതൽ കാഴ്ചകൾ മനസ്സിൽ പകർത്തിക്കൊണ്ട് എട്ടു മണി കഴിഞ്ഞപ്പോൾ ഞങ്ങൾ അവിടെ നിന്നും യാത്ര തുടർന്നു. ജനീവക്കാഴ്ചകൾ അവസാനിക്കുന്നില്ല അടുത്തലക്കം തുടരും.

തയ്യാറാക്കിയത്: പത്മിനി ശശിധരൻ✍

COMMENTS

2 COMMENTS

  1. കാഴ്ചകൾ കണ്ട പോലെ ..
    മനോഹരമായി എഴുതി
    Congratulations dear❤️❤️❤️

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മന്ത്രി വി. ശിവൻ കുട്ടി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് എബിവിപി മന്ത്രിയുടെ കോലം കത്തിച്ചു.

നിയമസഭയിലെ കൈയ്യാങ്കളി കേസിൽ കോടതി വിചാരണ നേരിടണമെന്നാവശ്യപ്പെട്ട മന്ത്രി വി. ശിവൻ കുട്ടി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് എബിവിപി മന്ത്രിയുടെ കോലം കത്തിച്ചു.കോട്ടയം കെ എസ് ആർ ടി സി സ്റ്റാന്റിന് മുന്പിലായിരുന്നു...

സംസ്ഥാനത്ത് പ്ലസ്ടു പരീക്ഷയിൽ 87.94% വിജയം

തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷയിൽ 87.94 ശതമാനം വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മുൻ വർഷം 85.13 ആയിരുന്നു വിജയ ശതമാനം. 2.81 ശതമാനത്തിന്‍റെ വർധനയാണ് ഈ...

ടോകിയോ ഒളിംപിക്‌സ്; വനിത സിം​ഗിൾസിൽ പി വി സിന്ധുവിന് തകര്‍പ്പന്‍ ജയം

ടോക്കിയോ: ഒളിംപിക്സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ പി. വി സിന്ധുവിന് രണ്ടാംഘട്ട മത്സരത്തില്‍ വമ്പൻ ജയം. ഒളിംപിക്സ് വനിതാ സിംഗിള്‍സില്‍ ഹോങ്കോങ് താരമായ ച്യൂങ് എന്‍ഗാനെ യിയെ 21-9, 21-16 സ്കോറിന് തോല്‍പ്പിച്ചാണ്...

ഡെൽറ്റ വകഭേദം വ്യാപിക്കുമെന്ന് ആശങ്ക; വീണ്ടും മാസ്ക് നിർബന്ധമാക്കി യുഎസ്

വാഷിങ്ടണ്‍: കൊവിഡ് 19 പടരാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി യുഎസ്. ഡെല്‍റ്റ വകഭേദം വ്യാപിക്കുമെന്ന ആശങ്കയെ തുടര്‍ന്നാണ് ഹൈ റിസ്‌ക് മേഖലകളില്‍ വാക്‌സിന്‍ സ്വീകരിച്ചവരടക്കം മാസ്‌ക് നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചതെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. കോവിഡ്...
WP2Social Auto Publish Powered By : XYZScripts.com