2nd day
ബന്ധു വീട്ടിലേക്ക് പോകും വഴി ‘gps’ പണിമുടക്കി. ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ, കൂട്ടത്തിൽ നിന്നും ഒറ്റപ്പെട്ടു പോയ കുട്ടിയുടെ അവസ്ഥ. പുലർക്കാലെ ആയതുകൊണ്ട് ട്യൂഷനോ മറ്റോ പോകുന്ന ഏതാനും കുട്ടികളും പത്രക്കാരും പാൽ കൊണ്ടു പോകുന്ന വണ്ടിക്കാരും അങ്ങനെ കുറച്ചു ആൾക്കാരെ റോഡിലുള്ളൂ.
ഇവരുടെ അഡ്രസ്സ് തിരക്കിയപ്പോൾ അവരിലാർക്കും വലിയ ധാരണയൊന്നുമില്ല.
ഞങ്ങൾ താമസിച്ച ‘ദിയോഘർ മഹൽ’ അടുത്ത സിറ്റി ആണ് ‘ഉദയ്പൂർ(Udaipur). ബന്ധു വീട് സന്ദർശനം ഉള്ളതു കാരണം അതിരാവിലെ തന്നെ ഞങ്ങൾ പുറപ്പെട്ടു.ഡൽഹിലേതു പോലുള്ള തണുപ്പും മൂടല്‍മഞ്ഞും ഇല്ലാത്തതു ഒരനുഗ്രഹമായിരുന്നു. വീട് അന്വേഷിച്ച്, ആ കോളനി മുഴുവന്‍ ഏതോ ഗതി കിട്ടാ പ്രേതം പോലെ കറങ്ങി കൊണ്ടിരുന്നു. അവസാനം ഏതാനും’Morning walk’ ഇറങ്ങിയ ഒരു കൂട്ടം ആള്‍ക്കാരുടെ സഹായത്തോടെയാണ് വീട് കണ്ടുപിടിച്ചത്. ആധുനിക സാങ്കേതിക വിദ്യയുടെ ഗുണമോ ദോഷമോ എന്നറിയില്ല, അവിടുത്തെ സന്ദര്‍ശനത്തിനു ശേഷമുള്ള യാത്രയില്‍ ‘റ്റാറ്റാ’ പറയാനും യാത്ര പറയാനുമായി ഏതാനും പേര് വഴിയിലുണ്ടായിരുന്നു.
പുലർക്കാലെയുള്ള യാത്രകളിൽ പലരും ഗതാഗതനിയമങ്ങൾ പാലിക്കാറില്ല. ട്രാഫിക് സിഗ്നലുകളൊന്നും അവർക്ക് ബാധകമല്ല എന്ന മട്ടിലാണ്.അതിനുപുറമേയാണ് എതിർദിശയിലൂടെ ‘ലൈറ്റും& ഹോണും ‘ ആയിട്ടുള്ള വരവ്.’ ദാ ഇവിടെ വരെയല്ലേയുള്ളൂ ‘ എന്ന ചിന്തയായിരിക്കും അവർക്ക്.ചിലർ ഇടത്തോട്ടോ വലത്തോട്ടോ തിരിയുന്നതിന് ‘സൂചകങ്ങൾ (Indicator) ഉപയോഗിക്കാറില്ല.ഒരു വണ്ടി വാങ്ങിച്ചു
കൂട്ടത്തിൽ റോഡും എന്ന മട്ടിലാണവരും. രണ്ടു വശത്തായി പോകുന്ന റോഡുകളുടെ ഇടയ്ക്കുള്ള മതിലുകളോ സ്ളാബ് കട്ടകളോ മറികടന്നോ ചാടി കടന്നോ ഉള്ള ആളുകളുടെ ‘റോഡ് ക്രോസ്സ് ചെയ്യൽ’ …….. ഇതൊക്കെ അവസാന നിമിഷമാണ് ഓടിക്കുന്നയാൾ ശ്രദ്ധിക്കുന്നതെങ്കിൽ തലനാരിഴക്കാണ് രണ്ടു പേരും രക്ഷപ്പെടുന്നത്.ഇതൊക്കെ ആ റോഡിലെ മാത്രമുള്ള പ്രത്യേകതകള്‍ അല്ല. ഡല്‍ഹി മുതല്‍ കേരളം വരെയുള്ള യാത്രയില്‍ കണ്ടതാണ്. രണ്ടു -മൂന്നു പ്രാവശ്യം പുറകിലിരിക്കുന്ന ഞാനാണ്, ഓടിക്കുന്നയാളുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഞങ്ങളുടെ ഹെൽമെറ്റിൽ വർത്തമാനം പറയുന്നതിനായി മൈക്കും ഹെഡ് ഫോണും ഘടിപ്പിച്ചിട്ടുണ്ട്(Sena bluetooth headset). അതുകൊണ്ട് വിവരം അറിയിക്കാന്‍ വലിയ പ്രയാസമില്ല.ഓടിക്കുന്നതിനിടയില്‍ ഫോൺകാളില്‍ വർത്തമാനം പറയാനും സാധിക്കും. ബ്ലൂ റ്റൂത്ത് വഴി ആശയസംക്രമണം നടത്തുകയാണ്. ഗ്രൂപ്പ് ആയിട്ട് പോകുമ്പോൾ ഏകദേശം അഞ്ചു പേരായിട്ട് സംഭാഷണം നടത്താവുന്നതാണ്.
വിദേശ രാജ്യങ്ങളിൽ ഏതൊരു വാഹനത്തിന്റെയും പുറകെ വന്നിടിക്കുകയാണെങ്കിൽ എപ്പോഴും പുറകിലത്തെ വണ്ടിയുടെ കുഴപ്പമായിട്ടായിരിക്കും കണക്കാക്കുക.ഓടിക്കുമ്പോൾ വണ്ടികൾ തമ്മിൽ അകലം സൂക്ഷിക്കണമെന്നുള്ളതാണ്, നിയമം.നിയമങ്ങൾ തെറ്റിച്ചതു കൊണ്ടുണ്ടാകുന്ന അപകടങ്ങൾക്ക്, നമ്മുടെ നിയമങ്ങൾ എങ്ങനെയാകും കൈകാര്യം ചെയ്യുക? പുറകിൽ ഇരിക്കുന്നയാൾക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തതിനാൽ , ദേശീയവും അന്തർദേശീയവുമായ കാര്യങ്ങളൊക്കെ, ഞാന്‍ വെറുതെ ചിന്തിച്ചു കൂട്ടി.
ഗ്രാമീണക്കാഴ്ചകളില്‍ ചോളത്തിന്റെയും കരിമ്പിന്റേയും പാടങ്ങളാണ് കണ്ടത്.അത്തരം പാടങ്ങളുടെ വഴിയുടെ വശത്തായി ചോളം വിൽക്കാനും ചുട്ടു കൊടുക്കാനുമായി ആളുകൾ ഇരുപ്പുണ്ട്.അങ്ങനെ ചോളം തിന്നു കൊണ്ടിരുന്നപ്പോൾ, ‘ ചായ ഉണ്ടാക്കി തരട്ടെ ‘ എന്ന് ചോദിച്ചു കൊണ്ട് ഒരാൾ അടുത്ത വീട്ടിൽ നിന്ന് വന്നു.ഞങ്ങൾ, അവിടുത്തെ പുതുമുഖങ്ങളും ബൈക്കും ഞങ്ങളുടെ വേഷമൊക്കെ കണ്ടു കൊച്ചു വർത്തമാനത്തിനായി വന്നതാണ്.കാര്യങ്ങളൊക്കെ മനസ്സിലാക്കി കഴിഞ്ഞപ്പോൾ, അവിടെ ഏതാനും കടകളുടെ പണി നടക്കുന്നുണ്ട്. അതിലൊരെണ്ണം വാങ്ങിക്കണമെന്ന നിർബന്ധമായി. നിങ്ങൾ കേരളത്തിൽ നിന്നും തിരിച്ചു വരുമ്പോഴേക്കും കടയുടെ ഉദ്ഘാടനം നടത്താമെന്നാണ് പറയുന്നത്.ആ വഴി ദേശീയ പാതയുടെ ഭാഗമാണ്, റോഡിന്റെ വീതി ഇപ്പോൾ കൂട്ടും. കട തുടങ്ങുന്നതോടെ ഉണ്ടാകുന്ന ലാഭത്തിൻ്റെ കണക്ക് ……..അയാളിലെ ‘കച്ചവടക്കാരൻ’ സടകുടഞ്ഞെഴുന്നേറ്റു. ഇപ്പോൾ കടയുടെ പണി നടത്തുന്നവർക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നതാണ് തൊഴിൽ. ഒന്നുങ്കിൽ കട അല്ലെങ്കിൽ ചായ വാങ്ങിക്കണമെന്ന നിർബന്ധത്തിലായി.
ആദ്യകാലത്ത് ബറോഡ എന്നറിയപ്പെടുന്ന ഗുജാറാത്തിലെ ‘വഢോദര’യാണ് , അടുത്ത താവളം. ഏകദേശം അഞ്ചു മണിയോടെ ഞങ്ങൾ അവിടെ എത്തിച്ചേർന്നു. ഹോട്ടലിൽ പോയി ‘ഫ്രഷ് ‘ ആയതിനു ശേഷം അടുത്ത കണ്ട ‘ഷോപ്പിംഗ് മാളിലേക്ക് പോയി. ഇന്ത്യയിലുള്ള എല്ലാ ‘ഷോപ്പിംഗ് മാളുകളും അവിടം സന്ദർശിക്കുന്നവരും ഒരേ പോലെയുള്ളവർ ആണെന്ന് തോന്നുന്നു. സ്ഥിരം കാണുന്ന ബ്രാൻഡ് കടകളും sale ന്റെ ബോർഡുകള്‍ക്കും മാറ്റമില്ല. പലരും സമയം കളയാൻ വന്നവരാണെങ്കിൽ യുവജനങ്ങള്‍ക്ക് ‘സെൽഫിയിലാണ് ശ്രദ്ധ. ഇതൊക്കെ തന്നെയാണ് ഞാന്‍ ഡൽഹി മാളിലും കാണാറുള്ളത്. ഏറ്റവും മുകളിലത്തെ നിലയിലെ ഫുഡ് കോർട്ടിനും ഒരേ മുഖഛായ തന്നെ. ഫാസ്റ് ഫുഡ് & പ്രാദേശിക ഭക്ഷണശാലകളാണ്. പതിവു പോലെ ഫാസ്റ്റ് ഫുഡ് ന്റെ അവിടെയാണ് തിരക്ക്.
കലയുടെ നഗരം കൂടിയാണ് വഡോദര. പാലസും & മ്യൂസിയവും ഒക്കെയായി കാണാനേറെയുള്ള സ്ഥലമാണിത്.സമയക്കുറവ് കാരണം ഞങ്ങൾക്ക് അതിനൊന്നും സാധിച്ചില്ല. ഏകദേശം 1000 കി.മീ നു മേലെ യാത്ര ചെയ്ത മനസ്സമാധാനത്തോടെ ……….
Thanks
റിറ്റ ഡൽഹി.✍