എല്ലാവർക്കും നമസ്കാരം.. പുതുവത്സരാശംസകൾ
ക്രിസ്മസും പുതുവർഷവും കഴിഞ്ഞു. ആളും ആരവവും ഒഴിഞ്ഞു. എല്ലാം പഴയതു പോലെയായി. എല്ലാവരും ഒഴിവുകാലം നന്നായി ആസ്വദിച്ചല്ലോ അല്ലേ. നമ്മുടെയൊക്കെ പ്രിയപ്പെട്ട പ്രാതൽ അല്ലേ അപ്പം (ഞങ്ങൾ പാലക്കാട്ടുകാർ ആപ്പം എന്നാണ് പറയുക). സാധാരണ അരിയും ചോറും തേങ്ങയും ഒക്കെ അരച്ച് ഉപ്പും പഞ്ചസാരയും ചേർത്തിളക്കി പുളിപ്പിച്ചല്ലേ അപ്പമുണ്ടാക്കാറുള്ളത്. ഇവിടെ ഞാൻ റാഗി കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്.
റാഗി അപ്പം
ആവശ്യമായ സാധനങ്ങൾ
റാഗി-1 കപ്പ്
പച്ചരി-1കപ്പ്
ഉഴുന്നുപരിപ്പ്-1 ടീസ്പൂൺ
ചോറ്-1കപ്പ്
തേങ്ങ ചിരകിയത്-1കപ്പ്
വെള്ളം ആവശ്യത്തിന്
യീസ്റ്റ്-1/4 ടീസ്പൂൺ
കുക്കിംഗ് സോഡ-1/4 ടീസ്പൂൺ
ബേക്കിംഗ് സോഡ-1 നുള്ള്
പഞ്ചസാര-5 ടീസ്പൂൺ
ഉപ്പ് പാകത്തിന്
പാചകവിധി
അരിയും റാഗിയും ഉഴുന്നും ഒന്നിച്ചാക്കി വൃത്തിയായി കഴുകി ആവശ്യത്തിന് വെള്ളം ഒഴിച്ച് ആറു മണിക്കൂർ കുതിർത്ത് വയ്ക്കുക.
കുതിർത്തവയും ചോറും തേങ്ങയും യീസ്റ്റും ചേർത്ത് കുറച്ച് മാത്രം വെള്ളം ചേർത്ത് നല്ല മയത്തിൽ അരച്ചെടുക്കുക.
പാത്രത്തിലേക്ക് മാറ്റി ഉപ്പും പഞ്ചസാരയും സോഡയും ബേക്കിംഗ് പൗഡറും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് 8 മണിക്കൂർ പുളിക്കാൻ വയ്ക്കുക.
പിറ്റേന്ന് കാലത്ത് പുളിച്ച നന്നായി ഇളക്കി യോജിപ്പിക്കുക.
അപ്പക്കാര ചൂടാക്കി ഒരു കടയിൽ മാവ് ഒഴിച്ച് ചുറ്റിച്ചെടുത്ത് അടച്ചു വയ്ക്കുക. രണ്ടു മിനിറ്റ് കഴിഞ്ഞ് അടപ്പു തുറക്കുമ്പോൾ കാണാം ഭംഗിയുള്ള റാഗി അപ്പം. ബാക്കിയുള്ള മാവും ഇതുപോലെ ചെയ്യുക.
ചൂടോടെ സ്റ്റ്യൂ/ചിക്കൻ കറി/മുട്ടക്കറി കൂട്ടിക്കഴിക്കാം.
✍ദീപ നായർ (deepz) ബാംഗ്ലൂർ