എല്ലാവർക്കും നമസ്കാരം.
വിശേഷാവസരങ്ങളിൽ മധുരം നൽകുന്നത് നമ്മുടെ ഭക്ഷണ സംസ്കാരത്തിന്റെ ഒരു ഭാഗം കൂടിയാണ്. ആതിഥേയർക്കും അതിഥികൾക്കും ഒരുപോലെ ഇഷ്ടമുള്ള നല്ല സ്വാദിഷ്ടമായ ഒരു പാലട പായസം ഉണ്ടാക്കാം.
പായസങ്ങൾ പലതുണ്ടെങ്കിലും ഇന്ന് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് പാലട പ്രഥമൻ തന്നെ….
ആവശ്യമായ സാധനങ്ങൾ:
പാലട – 100 gm
പാൽ – 2 1/2 lit
വെള്ളം – 1 1/4 lit
പഞ്ചസാര – 650 gm
പാലട 4-5 മണിക്കൂർ വരെ ചൂടുള്ള വെള്ളത്തിലിട്ട് കുതിർക്കാൻ വയ്ക്കുക.ശേഷം പച്ചവെള്ളമൊഴിച്ച് അട നന്നായി കഴുകിയെടുത്ത് വെള്ളം വാർന്ന് പോകാൻ വയ്ക്കുക.
അടി കട്ടിയുള്ള പാത്രത്തിൽ രണ്ടര ലിറ്റർ പാലിൽ ഒന്നേകാൽ ലിറ്റർ വെള്ളം ചേർത്ത് തിളപ്പിയ്ക്കുക. പാൽ നന്നായി ഇളക്കിക്കൊണ്ടിരിക്കണം. അല്ലെങ്കിൽ അടിയിൽ പിടിച്ച് പാൽ പിരിഞ്ഞതു പോലെ വരുന്നതായി കാണാം . പാൽ നന്നായി കുറുകി വരുമ്പോൾ കുതിർത്ത് വെച്ചിരിക്കുന്ന അടചേർത്ത് കൊടുക്കുക. നന്നായി ഇളക്കി കൊടുത്ത് അട വേവിക്കുക. അട വെന്തു വരുമ്പോൾ 650 ഗ്രാം പഞ്ചസാര ചേർത്തു കൊടുക്കുക. ആദ്യം തന്നെ പഞ്ചസാര ചേർത്താൽ അട വേകാതെ വരും. മധുരം അടയിൽ പിടിക്കുന്നതു വരെ ഇളക്കി കൊടുക്കുക. ഒരു പാട് കുറുകി പോകാനും പാടില്ല. ഇത് പാകമാകുമ്പോൾ പായസത്തിന് ഒരു പിങ്ക് കളർ വന്നു തുടങ്ങിയിട്ടുണ്ടാവും.
പാലട പായസത്തിനുണ്ടായിരിക്കുന്ന ഒരു പ്രത്യേക കളറില്ലേ, അതുപോലെ . ഇതിലേക്ക് കുറച്ച് പഞ്ചസാര കരിച്ചതും ചേർത്തു കൊടുക്കുക. നല്ലൊരു കളർ കിട്ടാനാണിത്. ഇത് ചേർത്തു കഴിയുമ്പോൾ പായസത്തിന് നല്ല നിറവും മണവും ഉണ്ടാകും. ഒഴിച്ച പാലിന്റെ അത്ര തന്നെ അളവ് പായസം ആകുമ്പോൾ തീ ഓഫ് ചെയ്യാം.
മിൽക്ക് മെയ്ഡ് ഒന്നും ചേർക്കാത്ത നല്ല പാലട പായസം റെഡി….😋
(NB: അടയുടെ വ്യത്യാസമനുസരിച്ച് കുതിരുന്നതിനും വ്യത്യാസമുണ്ടാകും. ചില പാക്കറ്റ് അട പെട്ടെന്ന് അലിഞ്ഞു പോകുന്നതായി കാണാം. ഞങ്ങൾ മഹിമ പാലടയാണ് ഉപയോഗിക്കുന്നത്. പഞ്ചസാര കരിയ്ക്കുമ്പോൾ കരിഞ്ഞ രുചി വരാതിരിക്കാൻ ശ്രദ്ധിക്കണം. അളവ് കുറച്ച് പായസം മതിയെങ്കിൽ എല്ലാ അളവുകളും നേരെ പകുതിയാക്കിയാൽ മതി).
തയ്യാറാക്കിയത്: മിനി ശശികുമാർ, പാലക്കാട്✍