എല്ലാവർക്കും നമസ്കാരം
സ്കൂൾ കുട്ടിയായിരിക്കുമ്പോൾ വൈകീട്ട് വിശന്ന് ക്ഷീണിച്ചു വരുമ്പോൾ അമ്മ ഉണ്ടാക്കി വയ്ക്കാറുള്ള ഒരു നാടൻ പലഹാരമാണ് അവൽ നനച്ചത്. സ്വാദിഷ്ടവും ആരോഗ്യപ്രദവും തയ്യാറാക്കാൻ എളുപ്പവുമായ ഒരു പാലക്കാടൻ പലഹാരം.
ആവശ്യമായ സാധനങ്ങൾ
അവൽ-300 ഗ്രാം
ശർക്കരപ്പാനി-ഒരു കപ്പ്
വെള്ളം-ആവശ്യത്തിന്
നെയ്യ്-3 ടീസ്പൂൺ
അണ്ടിപ്പരിപ്പ്-ആവശ്യത്തിന്
ബദാം-കുറച്ച്
മുന്തിരി-ആവശ്യത്തിന്
ഏലയ്ക്കാപ്പൊടി-കാൽ ടീസ്പൂൺ
നാളികേരം ചിരകിയത്-അര മുറി
നേന്ത്രപ്പഴം നാലാക്കി മുറിച്ചത്-ഒരെണ്ണം (optional)
തയ്യാറാക്കുന്ന വിധം
അവിൽ വൃത്തിയായി കഴുകി വെള്ളം വാലാൻ വയ്ക്കുക. കുതിർന്നു പോകാതെ വേഗം കഴുകിയെടുക്കാൻ ശ്രദ്ധിക്കുക.
നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പ് മുന്തിരി ബദാം എന്നിവ വറുത്തു കോരുക.
നെയ്യിലേക്ക് നാളികേരം ചിരകിയത് ചേർത്ത് നന്നായി ഇളക്കി അൽപസമയം കഴിഞ്ഞ് ശർക്കരപ്പാനി ചേർത്ത് വീണ്ടും ഇളക്കി പാകം ചെയ്യുക. ഒന്നു കുറുകി വരുമ്പോൾ ഏലയ്ക്കാപ്പൊടി ചേർത്തിളക്കി അവിൽ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. വെള്ളം വലിഞ്ഞ് നന്നായി ചൂടായി വരുമ്പോൾ വറുത്ത നട്സ് ചേർത്തിളക്കി സ്റ്റൗവ് ഓഫ് ചെയ്തു കുറച്ചുനേരം അടച്ച് വയ്ക്കുക.
നല്ലൊരു നാലുമണി പലഹാരം തയ്യാറായി.
തയ്യാറാക്കിയത്: ദീപ(deepz)ബാംഗ്ലൂർ