എല്ലാവർക്കും നമസ്കാരം
വട എല്ലാവർക്കും അറിയുന്നതാണല്ലോ. മധുരവട കഴിച്ചിട്ടുണ്ടോ. ഇടയ്ക്ക് ഒരു ദിവസം ഒരു റീൽ കണ്ടപ്പോഴാണ് പണ്ട് മുത്തശ്ശി ഉണ്ടാക്കിയിരുന്നല്ലോ ഏന്നോർത്തത്. ആകൃതിയിൽ ഉഴുന്നുവട തന്നെയെന്നു തോന്നിപ്പിക്കുന്ന എന്നാൽ രുചിയിൽ തികച്ചും വ്യത്യസ്തവും രുചികരവുമായ മധുരവട. ഉണ്ടാക്കുന്ന വിധം നോക്കാം
ആവശ്യമായ സാധനങ്ങൾ
നന്നായി പഴുത്ത നേന്ത്രപ്പഴം-രണ്ടെണ്ണം
അരിപ്പൊടി-ഒരു കപ്പ്
ശർക്കരപ്പൊടി-ആവശ്യത്തിന് (optional)
തേങ്ങ ചിരകിയത്-ഒരു കപ്പ്
സോഡ ബൈ കാർബ്- കാൽ ടീസ്പൂൺ
ബേക്കിംഗ് പൗഡർ-കാൽ ടീസ്പൂൺ
എണ്ണ വറുക്കാൻ ആവശ്യത്തിന്
തേൻ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
പഴം നാരു കളഞ്ഞ് നന്നായി ഉടച്ചെടുക്കുക. അതിലേക്ക് എല്ലാ ചേരുവകളും ചേർത്ത് നന്നായി കുഴച്ച് വയ്ക്കുക.
മാവ് ഒരുപാട് അയവിൽ ആവരുത്. അരിപ്പൊടിയുടെ അളവിൽ ചെറിയ വ്യത്യാസം വരാം.
കുറേശ്ശെ മാവെടുത്ത് വടയുടെ ആകൃതിയിൽ ആക്കി എണ്ണ ചൂടാക്കി അതിലേക്കിട്ട് വറുത്തെടുക്കുക.
ശർക്കര ചേർക്കാതെ ആണ് ഉണ്ടാക്കുന്നത് എങ്കിൽ സെർവ് ചെയ്യുമ്പോൾ തേൻ ചേർത്ത് സെർവ് ചെയ്യാം
✍ദീപ നായർ (deepz)ബാംഗ്ലൂർ