എല്ലാവർക്കും നമസ്കാരം
ഇത്തവണ ഓണസദ്യയിൽ ഒരു വെറൈറ്റി പായസമാണ് ഞാൻ ഉണ്ടാക്കിയത്. ആ പായസത്തിന്റെ പാചകവിധിയുമായാണ് ഞാൻ എത്തിയിരിക്കുന്നത്. മക്രോണിയും സേമിയയും നേന്ത്രപ്പഴവും ശർക്കരയും തേങ്ങപ്പാലും വറുത്ത തേങ്ങയും അണ്ടിപ്പരിപ്പും മുന്തിരിയും ഏലയ്ക്കപ്പൊടിയും ഒക്കെ ചേർന്ന ഒരു സൂപ്പർ ടേസ്റ്റി വെറൈറ്റി പായസം. എങ്ങനെയാണ് ഈ പായസം ഉണ്ടാക്കുന്നത് എന്ന് നോക്കാം.
മക്രോണി-സേമിയ-നേന്ത്രപ്പഴം പ്രഥമൻ
💮തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ
🏵️മക്രോണി-100 ഗ്രാം
🏵️വെള്ളം-250 മില്ലി
🏵️സേമിയ-50 ഗ്രാം
🏵️നേന്ത്രപ്പഴം-1(100-150 ഗ്രാം)
🏵️അണ്ടിപ്പരിപ്പ്-50 ഗ്രാം
🏵️ഉണക്കമുന്തിരി-50 ഗ്രാം
🏵️തേങ്ങ ചെറുതായി മുറിച്ചത്-100 ഗ്രാം
🏵️നെയ്യ്-ആവശ്യത്തിന്
🏵️തിളച്ച വെള്ളം-125 മില്ലി
🏵️ശർക്കരപ്പൊടി-300 ഗ്രാം
🏵️കട്ടിയുള്ള ഒന്നാം തേങ്ങാപ്പാൽ-ഒരു തേങ്ങയുടെ (400 മില്ലി)
🏵️രണ്ടാം പാൽ-ഒരു തേങ്ങയുടെ (500 മില്ലി)
🏵️ഏലയ്ക്കപ്പൊടി-1/2 ടീസ്പൂൺ
💮തയ്യാറാക്കുന്ന വിധം
🏵️ വെള്ളം തിളപ്പിച്ച് മക്രോണി ചേർത്ത് പത്ത് മിനിറ്റ് പാകം ചെയ്ത് കുറച്ച് നേരം അടച്ചു വച്ചതിനു ശേഷം വെള്ളം ഊറ്റിക്കളയുക.
🏵️നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പ്, മുന്തിരി ഇവ വെവ്വേറെ വറുത്തെടുക്കുക.
🏵️അതേ നെയ്യിൽ തേങ്ങ ചെറുതായി മുറിച്ചത് സ്വർണ്ണ നിറമാകുന്നതു വരെ വറുത്തു കോരി എടുക്കുക.
🏵️ബാക്കിയുള്ള നെയ്യിൽ സേമിയ വറുത്തു മാറ്റി വയ്ക്കുക.
🏵️ അതിൽത്തന്നെ നേന്ത്രപ്പഴം നാലാക്കി മുറിച്ച് നിറം മാറുന്നതുവരെ വഴറ്റിയെടുക്കുക.
🏵️രണ്ടാം തേങ്ങാപ്പാലിൽ മക്രോണി ചേർത്ത് അഞ്ചു മിനിറ്റ് പാകം ചെയ്യുക.
🏵️വെന്താൽ വറുത്തു വച്ചിരിക്കുന്ന സേമിയ ചേർക്കുക.
🏵️സേമിയ വേവാകുമ്പോൾ വഴറ്റിയ പഴം ചേർത്തിളക്കി പാകം ചെയ്യുക.
🏵️ നന്നായി തിളക്കുമ്പോൾ ശർക്കരപ്പൊടിയും 125 മില്ലി തിളച്ച വെള്ളവും ചേർത്ത് നന്നായി ഇളക്കി തിള വരുന്നത് വരെ പാകം ചെയ്യുക.
🏵️തിള വരുമ്പോൾ സ്റ്റൗവ് സിമ്മിലാക്കി ഒന്നാം പാൽ ചേർത്തിളക്കി ചൂടാകുമ്പോൾ ഏലയ്ക്കപ്പൊടി ചേർത്തിളക്കി കുറച്ചുനേരം കഴിഞ്ഞ് സ്റ്റൗ ഓഫ് ചെയ്തു പാത്രം അടച്ചു വയ്ക്കുക.
🏵️വറുത്തു വച്ചിരിക്കുന്ന അണ്ടിപ്പരിപ്പ്, മുന്തിരി, തേങ്ങ എന്നിവ ചേർത്തിളക്കുക.
🏵️സദ്യയിൽ വിളമ്പാൻ വെറൈറ്റി ടേസ്റ്റി പായസം തയ്യാർ.
🏵️ചൂടോടെ വാഴയിലയിൽ പായസം വിളമ്പിയാലുള്ള മണം ഹൊ! ഇപ്പൊ നിങ്ങൾക്കും തോന്നുന്നില്ലേ പായസം ഉണ്ടാക്കി ഇലയിട്ടു വിളമ്പി കഴിക്കാൻ. എന്നാപ്പിന്നെ വൈകിക്കണ്ടന്നേ 😃
തയ്യാറാക്കിയത്: ദീപ നായർ (deepz) ബാംഗ്ലൂർ