എല്ലാവർക്കും നമസ്കാരം
വേനലവധി എന്നു പറയുമ്പോൾ തന്നെ മനസിലേക്ക് ഓടിയെത്തുന്നത് മൂത്തു പഴുത്ത മാമ്പഴവും ചക്കപ്പഴവുമല്ലേ. വിഷമയമില്ലാത്ത മാമ്പഴത്തിന്റെ രുചിയോർമ്മകൾ മനസ്സിൻ്റെ ചെപ്പു തുറന്നു പുറത്തേക്കു ചാടുന്നു. തിങ്ങിനിറഞ്ഞു കായ്ക്കുന്ന അഞ്ചു മാവുകൾ വീട്ടിൽ ഉണ്ടായിരുന്നു. അഞ്ചു തരം രുചിഭേദങ്ങൾ. മൂത്തു പാകമായ മാങ്ങ പറിക്കാൻ പ്രത്യേകതരം തോട്ടിയുമായി ആളുകൾ എത്തും. താഴെ വീഴാതെ ശ്രദ്ധിച്ചു പറിച്ച് മാങ്ങകൾ വീട്ടാവശ്യത്തിനുള്ളത് യഥേഷ്ടം എടുത്ത് ബാക്കിയെല്ലാം ബന്ധുവീടുകളിലേക്ക് വിതരണം ചെയ്യും. വട്ടികളിൽ വയ്ക്കോൽ നിരത്തി മുകളിൽ മാങ്ങകൾ നിരത്തി വച്ച് വീണ്ടും വയ്ക്കോൽ നിരത്തി കോണി മുറിയിൽ വയ്ക്കും. നാലഞ്ചു ദിവസത്തിനകം മനം മയക്കുന്ന മാമ്പഴത്തിന്റെ മണം മൂക്കിലെത്തും. പിന്നീട് ഇഷ്ടം പോലെ പഴമായും ജ്യൂസായും പുളിശ്ശേരിയായും കാളനായും വായിലും അതുവഴി വയറിലുമെത്തും. ഇപ്പോഴും മാമ്പഴം നിറയെ കഴിക്കുന്നുണ്ട്, വീട്ടിലേത് അല്ലെന്നും മാത്രം.
പറഞ്ഞു പറഞ്ഞു മാമ്പഴം പുളിശ്ശേരി ഉണ്ടാക്കുന്ന വിധം പറയാൻ മറന്നു. ഇനി
പുളിശ്ശേരി ഉണ്ടാക്കാം.
മാമ്പഴം പുളിശ്ശേരി
🌻 ചെറിയ മാമ്പഴം – നാലെണ്ണം
🌻വെള്ളം – കാൽ കപ്പ്
🌻 ഉപ്പ് – പാകത്തിന്
🌻 മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ
🌻 മുളകുപൊടി – അര ടീസ്പൂൺ
🌻 പച്ചമുളക് – രണ്ടെണ്ണം
🌻 കറിവേപ്പില – ഒരു തണ്ട്
🌻 തൈര് – കാൽ കപ്പ്
🌻 തൈര് – അര കപ്പ്
🌻തേങ്ങ – ഒരു കപ്പ്
🌻 പച്ചമുളക് – നാലെണ്ണം
🌻 ജീരകം – കാൽ ടീസ്പൂൺ
🌻കുരുമുളക് – ഒരു ടീസ്പൂൺ
🌻വെളിച്ചെണ്ണ – രണ്ടു ടീസ്പൂൺ
🌻കടുക് – ഒരു ടീസ്പൂൺ
🌻 ഉലുവ -കാൽ ടീസ്പൂൺ
🌻ഉണക്കമുളക് – രണ്ടെണ്ണം
കറിവേപ്പില – ഒരു തണ്ട്
തയ്യാറാക്കുന്ന വിധം
🌻 തേങ്ങ, പച്ചമുളക്, ജീരകം, കുരുമുളക് എന്നിവ കാൽ കപ്പ് തൈര് ചേർത്ത് നല്ല മയത്തിൽ അരച്ചെടുക്കുക.
🌻തൈര് നന്നായി അടിക്കുക.
🌻മാമ്പഴം തൊലി കളഞ്ഞ് രണ്ടു ഭാഗവും വേർപെടാതെ മുറിച്ച് വെള്ളം, തൈര്, കീറിയ പച്ചമുളക്, കറിവേപ്പില, മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് അഞ്ചു മിനിറ്റ് വേവിക്കുക. അതിലേക്ക് അടിച്ച് തൈരും അരച്ചതും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. തിള വരുമ്പോൾ സ്റ്റൗവ് ഓഫ് ചെയ്തു അടച്ചു വയ്ക്കുക. വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു ഉലുവ മൂപ്പിച്ച് മുളകും കറിവേപ്പിലയും ചേർത്തിളക്കി പുളിശ്ശേരിയിൽ ചേർക്കുക. സ്വാദിഷ്ടമായ മാമ്പഴം പുളിശ്ശേരി തയ്യാർ.
🌻ഈ മാങ്ങാ സീസൺ കഴിയുന്നതിന് മുമ്പേ ഉണ്ടാക്കി നോക്കൂ ട്ടോ.
തയ്യാറാക്കിയത്: ദീപാ നായർ (deepz) ബാംഗ്ലൂർ