എല്ലാവർക്കും നമസ്കാരം
കുംഭം, മീനം, മേട മാസങ്ങളിൽ മാങ്ങാക്കാലമാണല്ലോ. പ്രത്യേകിച്ച് മീനമാസത്തിൽ വിഷുക്കണിക്കായി ഒരുങ്ങി നിൽക്കുന്ന ചെനഞ്ഞ (നല്ലവണ്ണം മൂപ്പെത്തി നിറം മാറിയവ) മാങ്ങകളും, ഗ്രീഷ്മത്തിലും വസന്തമൊരുക്കുന്ന കർണ്ണികാരവും, കുയിൽപ്പാട്ടും ഉഴുതുമറിച്ച പാടങ്ങളും വിഷുപ്പക്ഷിയുടെ തേങ്ങലും അങ്ങനെ പ്രകൃതിക്കൊരു പ്രത്യേക സൗന്ദര്യമാണാക്കാലത്ത്.
വീട്ടിൽ അഞ്ചു തരം മാവുമുണ്ടായിരുന്നു. എല്ലാ വർഷവും നന്നായി കായ്ക്കുന്ന മാവുകൾ. ഒഴിവുദിവസങ്ങളിൽ അതിലൊന്നിലെ തുഞ്ചത്തിരുന്നായിരുന്നു ഞാൻ പഠിച്ചിരുന്നത്. ചാഞ്ഞ കൊമ്പിൽ സുഖമായിരുന്ന് കാറ്റുകൊണ്ട് അണ്ണാനേയും പക്ഷികളേയും കണ്ട് ഇടക്ക് മാങ്ങ പറിച്ചുതിന്ന് പഠിക്കും.
കുട്ടിക്കാലത്ത് കളിക്കുന്നതിനിടയിൽ മാങ്ങ കടിച്ചു വയ്ക്കും. പിന്നെപ്പോഴെങ്കിലും അമ്മമ്മ മാങ്ങയെ നോക്കിപ്പറയും “ഈ അണ്ണാൻ മോളിലെ മാങ്ങയൊന്നും പോരാതെ ഇത്ര താഴത്തെ മാങ്ങ കടിച്ച്വോ”. അതു കേട്ടിട്ടും യാതൊരു ഭാവവ്യത്യാസവുമില്ലാതെ ഞാനും അനുജത്തിയും. ങാ അതൊക്കെ ഒരു കാലം.
മാങ്ങയെക്കുറിച്ചാണല്ലോ പറഞ്ഞുവന്നത്. മാങ്ങാക്കാലത്ത് വീട്ടിൽ ഉണ്ടാക്കാറുള്ള ഒരു വിഭവമാണ് മാങ്ങാപെരുക്ക്. എരിവും പുളിയും മധുരവുമുള്ള രുചികരമായ സൈഡ് ഡിഷ്. പാലക്കാട്ടുകാരുടെ ഇഷ്ടപ്പെട്ട
മാങ്ങാപെരുക്ക്.

ആവശ്യമായ സാധനങ്ങൾ
കിളിച്ചുണ്ടൻ മാങ്ങ – എണ്ണം പാതി ചെനഞ്ഞത് ഒരെണ്ണം
പച്ചമുളക്- എരിവിനനുസരിച്ച്
കടുക്-1/2 ടീസ്പൂൺ
നാളികേരം-ഒരു മുറി
ഉപ്പ് പാകത്തിന്
തൈര്-1/2കപ്പ്
തയ്യാറാക്കുന്ന വിധം
തേങ്ങയും കടുകും പച്ചമുളകും ഒന്നിച്ചാക്കി അരക്കുക. ചെറുതായി അരിഞ്ഞ മാങ്ങയും ഉപ്പും ചേർത്ത് ഒന്നു കൂടെ തരുതരുപ്പായി അരക്കുക. പാത്രത്തിലാക്കി തൈരും ചേർത്തു ഇളക്കി യോജിപ്പിച്ചു വിളമ്പാം. രുചികരമായ മാങ്ങാപെരുക്ക് തയ്യാറായി. അപ്പോ ട്രൈ ചെയ്യ്യല്ലേ.
ദീപ നായർ (deepz)✍