തയ്യാറാക്കിയത്: ഹേമാമി, പെരിന്തൽമണ്ണ.
ഏറ്റവും സ്വാദിഷ്ടവും ഗുണമേന്മയുള്ളതുമായ ഒരു വിഭവം ആണ് ചെമ്പില തോരൻ . പഴയ കാലത്ത് ആൾക്കാർ ഇത് യദേഷ്ടം ഉപയോഗിച്ചിരുന്നു. എന്നാൽ കാലം പുരോഗമിച്ചതോടുകൂടി ഇത്തരം പോഷക മൂല്യമുള്ള ആഹാരങ്ങൾ പാചകം ചെയ്തു കഴിക്കുവാനുള്ള താല്പര്യം കുറഞ്ഞു, യാന്ത്രിക ജീവിതത്തിലെ സമയക്കുറവ് മൂലം പലരും ഫാസ്റ്റ് ഫുഡ്‌ഡിൽ അഭയം തേടി. തന്മൂലം അസുഖങ്ങളും ആരോഗ്യ പ്രശ്നങ്ങളും കൂടി.
പ്രകൃതിദത്തവും വിശാംശങ്ങളും കീട നാശിനികളുമില്ലാതെ നമ്മുടെ തൊടിയിൽ വളരുന്ന ചേമ്പില വച്ച് സ്വാദിഷ്ടമായ ചേമ്പില തോരൻ ഉണ്ടാക്കുന്ന വിധം നമുക്ക് നോക്കാം .
ആവശ്യമുള്ള സാധനങ്ങൾ:
ചേമ്പില കഴുകി അരിഞ്ഞത് : 2കപ്പ്.
പച്ചമുളക് : 2എണ്ണം.
ചെറിയ ഉള്ളി: 10എണ്ണം.
കടുക് : 1/2 ടീ സ്പൂൺ.
ഉഴുന്നുപരിപ്പ് :1/2 ടീ സ്പൂൺ.
ഉപ്പ് പാകത്തിന്.
എണ്ണ : 1ടേബിൾ സ്പൂൺ.
നാളികേരം ചിരകിയത് 1/4: കപ്പ്.
പാചകം ചെയ്യുന്ന വിധം.
ഒരു പാൻ ചൂടാക്കി എണ്ണ ഒഴിക്കുക. കടുകും ഉഴുന്നുപരിപ്പും പൊട്ടിച്ചതിനു ശേഷം കുഞ്ഞുള്ളി ചതച്ചത് ചേർക്കുക. പിന്നീട് അരിഞ്ഞു വെച്ച ചേമ്പിലയും ആവശ്യത്തിനുപ്പും ചേർക്കുക. ഒരുമൂടികൊണ്ട് ചെറിയ ചൂടിൽ പത്തു മിനുട്ട് അടച്ചുവെക്കുക. അതിനുശേഷം നാളികേരവും പച്ചമുളകും ഒതുക്കി ചേമ്പിലയിൽ ചേർത്തിളക്കുക. വാങ്ങി വെക്കുക. സ്വാദിഷ്ടമായ നാടൻ തോരൻ തയ്യാർ.