എല്ലാവർക്കും നമസ്കാരം
എന്തൊക്കെയുണ്ട് വിശേഷങ്ങൾ. വിഷു അടുത്തെത്തി. കഴിഞ്ഞ വർഷത്തെ വിഷു ലോക്ഡൗണിലായിരുന്നു. ഒരു വർഷത്തിനിപ്പുറം ലോക്ഡൗൺ അല്ലെങ്കിലും നിയന്ത്രണത്തിൽ തന്നെയാണ്.
ആഘോഷങ്ങളും ഉൽസവങ്ങളും വരുമ്പോൾ മനസ്സിൽ ഓർമ്മകളുടെ വേലിയേറ്റം തന്നെ അരങ്ങേറും. ചിന്തകൾ കടിഞ്ഞാൺ പൊട്ടിയ പട്ടം പോലെ ഒരുപാട് ദൂരം പിന്നിലേക്ക് പായും.
വിഷുവിന് പ്രധാനം കണികാണലും കൈനീട്ടം വാങ്ങിക്കലും കോടിയുടുക്കലും പടക്കം പൊട്ടിക്കലും സദ്യ ഉണ്ണലുമാണല്ലോ. ഇന്നും അതെല്ലാം അതേപടി (പടക്കം പൊട്ടിക്കലൊഴിച്ച് ബാക്കിയെല്ലാം.)ചെയ്യാറുണ്ട്.
വിഷു എന്നു പറയുമ്പോൾ തന്നെ ആദ്യം മനസ്സിൽ ഓടിയെത്തുന്നത് വിഷുക്കണിയാണ്. നിറദീപപ്രഭയിൽ തിളങ്ങി നിൽക്കുന്ന കൃഷ്ണവിഗ്രഹത്തിനു മുന്നിൽ കൊന്നപ്പൂക്കളും വാൽക്കണ്ണാടിയും പഴങ്ങളും കോടിയും സ്വർണ്ണവും പുത്തൻ മണക്കുന്ന നോട്ടുകളും നാണയത്തുട്ടുകളും എല്ലാം കണി കണ്ടു കഴിയുമ്പോൾ കണ്ണിലുടക്കി നിൽക്കുന്ന ഒരു കൂട്ടമുണ്ട്. ഭഗവാനെപ്പോലെ തന്നെ പ്രായഭേദമന്യേ ഏവർക്കും ഇഷ്ടമുള്ള ഉണ്ണിയപ്പം. വീഷുവിന് ഉണ്ടാക്കുന്ന ഉണ്ണിയപ്പത്തിന് പ്രത്യേക രുചിയാണ്. ഞങ്ങളുടെ പാടത്തുണ്ടായ നെല്ല് കുത്തിയെടുത്ത് കുതിർത്ത് വീട്ടിലുണ്ടായ ചക്കയും തേങ്ങയും കൊണ്ട് അമ്മമ്മ ഉണ്ടാക്കുന്ന വിഷു സ്പെഷ്യൽ ഉണ്ണിയപ്പം. ഓർമ്മകൾ അയവിറക്കിക്കൊണ്ട് ആവശ്യമായ സാധനങ്ങൾ എന്തൊക്കയാണെന്നു നോക്കാം.
ചക്ക ഉണ്ണിയപ്പം ആവാല്ലേ

ആവശ്യമായ സാധനങ്ങൾ
ഉണക്കലരി-1 1/4 കപ്പ്
ഉഴുന്നുപരിപ്പ്-1 ടീസ്പൂൺ
ചക്കച്ചുള-12 എണ്ണം
തേങ്ങ ചിരവിയത്-1/4 മുറി
പാചക എണ്ണ/നെയ്യ്-ആവശ്യത്തിന്
ഒന്നേകാൽ കപ്പ് ഉണക്കലരിയും ഒരു ടേബിൾ സ്പൂൺ ഉഴുന്നുപരിപ്പും കഴുകി കുതിർക്കുക.
നന്നായി പഴുത്ത പത്തു പന്ത്രണ്ട് ചക്കച്ചുള നന്നായി അരക്കുക. അതിലേക്ക് കുതിർന്ന അരിയും ചേർത്ത് മയത്തിൽ അരക്കുക. വെള്ളം ആവശ്യമെങ്കിൽ മാത്രം ചേർത്താൽ മതി. കട്ടിയുള്ള മാവിലേക്ക് ചൂടോടെ ശർക്കര ഉരുക്കി അരിച്ചത് ഒഴിക്കുക. നാളികേരം ചിരവിയത് ചേർത്ത് നന്നായി ഇളക്കി മൂന്നാലു മണിക്കൂർ വച്ചതിനു ശേഷം ഉണ്ണിയപ്പം ഉണ്ടാക്കാം.
അടുത്ത ആഴ്ച മറ്റൊരു വിഭവവുമായി വരാം
ദീപ നായർ (deepz)