എല്ലാവർക്കും നമസ്‌കാരം
സദ്യയുണ്ണാൻ എല്ലാവർക്കും ഇഷ്ടമാണല്ലോ. കഴിഞ്ഞ ഒരു വർഷമായി എത്ര സദ്യയാണ് കുഞ്ഞൻകൊറോണ കാരണം നഷ്ടമായത് ല്ലേ.
പായസമില്ലാതെ എന്ത് സദ്യ പൂർണ്ണമാവില്ലല്ലോ..പായസം തന്നെ പല രീതിയിൽ ഉണ്ട്.. വെളുത്തതും കറുത്തതും.. കറുപ്പ് അത്ര മോശമല്ല ട്ടോ. ദേഹണ്ണകാരുടെ ഭാഷ ഉപയോഗിച്ചൂന്നേയുള്ളൂ. നിറമലല്ലോ പ്രധാനം രുചിയല്ലേ.
“മഴമേഘങ്ങളെ പെയ്യാൻ വെമ്പി നിൽക്കുന്ന നിങ്ങൾക്കെന്തിനീ
കറുപ്പ് നിറം!!
പ്രണയിനിയാം
രാധയുടെ കണ്ണനും
കറുപ്പ് നിറം!!
പകലിന്റെ പ്രിയനായ
രാത്രിക്കും കറുപ്പ് നിറം!!
എന്റെ തന്നെ വരികൾ ഓർത്തു പോയി..
വ്യത്യസ്ത രീതിയിലുള്ള പായസം എന്നാലോചിച്ചപ്പോൾ തന്നെ തോന്നിയത് വറുത്ത പായസം ആണ്.. വീട്ടിൽ ഉള്ള സാധനമാണ്, ഉണ്ടാക്കാൻ എളുപ്പവും.. അപ്പോ എങ്ങനെയാ ഉണ്ടാക്കുന്നത് എന്ന് നോക്കാം..
ആവശ്യമുള്ള സാധനങ്ങൾ
അവിൽ – 1 ബൗൾ
ചെറുപയർ പരിപ്പ് – 3/4 ബൗൾ
ശർക്കര – 300 gm
തേങ്ങ – 1 എണ്ണം
ഏലക്ക പൊടി – 1/4 ടീ സ്പൂൺ
ചുക്ക് പൊടി – 1/4 ടീ സ്പൂൺ
നെയ്യ് – 6 ടീ സ്പൂൺ
തേങ്ങ ചെറുതാക്കി മുറിച്ചത് ആവശ്യത്തിന്
അണ്ടിപരിപ്പ് – ആവശ്യത്തിന്
മുന്തിരി – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
Step 1
അവിൽ, പരിപ്പ് എന്നിവ വേറെ വേറെ വറുത്തു മാറ്റി വയ്ക്കുക..ചൂടാറിയ ശേഷം തരുതരുപ്പായി പൊടിച്ചു വയ്ക്കുക..കുറച്ചു വെള്ളം ചേർത്ത് പ്രഷർ കുക്കറിൽ വേവിക്കുക..2 വിസിൽ മതിയാവും.
Step 2
ശർക്കര വളരെ കുറച്ചു വെള്ളം ഒഴിച്ച് ഉരുക്കി അരിച്ച് മാറ്റി വയ്ക്കുക.
Step 3
തേങ്ങ ചിരവി കുറച്ചു തിളച്ച വെള്ളം ഒഴിച്ച് മിക്സിയിൽ ഒന്നടിച്ച് കട്ടിയുള്ള ഒന്നാം പാൽ എടുത്ത് വയ്ക്കുക.
Step 4
വെന്ത മിക്‌സിൽ ഉരുക്കിയ ശർക്കര ഒഴിച്ച് തിളച്ചു വരുമ്പോൾ തേങ്ങാപാൽ ചേർത്ത് ഇളക്കി ചൂടാവുമ്പോൾ
ഏലക്ക,ചുക്ക് പൊടി ചേർത്ത് ഇളക്കി
സ്റ്റൗവ് ഓഫ് ചെയ്യുക.
Step 5
നെയ്യിൽ തേങ്ങയും അണ്ടിപരിപ്പും മുന്തിരിയും വറുത്ത് കൊട്ടുക.
സ്വാദുള്ള വറുത്ത പായസം വിളമ്പാൻ തയ്യാർ.
അടുത്ത ആഴ്ച മറ്റൊരു വിഭവവുമായി വരാം
ദീപ നായർ (deepz)