തയ്യാറാക്കിയത്: ദീപ നായർ (Deepz) ബാംഗ്ലൂർ.
എല്ലാവർക്കും നമസ്‌കാരം
എല്ലാവരും സുഖായിട്ടിരിക്കുന്നുണ്ടല്ലോ ല്ലേ. നാട്ടിൽ ഒരു വരണ്ട കാറ്റും വേനലിന്റെ ആരംഭവും തുടങ്ങിക്കഴിഞ്ഞല്ലോ. ഋതുക്കൾ മാറിമറഞ്ഞുകൊണ്ടിരിക്കുന്നു.,എത്ര പെട്ടെന്നാണ് ഒരു വർഷം കടന്നുപോയത്. കേരളത്തിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തതും അതിനെത്തുടർന്നുണ്ടായ ഭീതിയും എല്ലാം ഇന്നലെ നടന്നതു പോലെ തോന്നുന്നു ല്ലേ. എത്ര മാസങ്ങളാണ് നമ്മൾ വീട്ടിലിരുന്നു കഴിച്ചു കൂട്ടിയത്. ഓർക്കുമ്പോൾ വല്ലാതെ തോന്നുന്നു. ഉണ്ടും ഉറങ്ങിയും എഴുതിയും സിനിമ കണ്ടും കഴിഞ്ഞ ദിനരാത്രങ്ങൾ. നമ്മളൊന്നും സ്വപ്നേപി വിചാരിക്കാത്ത കാലം.കുഞ്ഞൻ കൊറോണ നടമാടുന്ന കാലം. സ്കൂളും കോളേജും ട്യൂഷനും ഓഫീസ് ജോലികളും ചികിത്സയും ആഘോഷങ്ങളും എന്തിനേറെ പെണ്ണുകാണലും നിശ്ചയവും വരെ ഓൺലൈൻ വഴി. അമ്മമ്മ പറയുമ്പോലെ “കാലം പോയ പോക്കേ”.അങ്ങനെ ലോകം മുഴുവൻ മാറ്റി മറിച്ചുകൊണ്ട് കുഞ്ഞന്റെ വിളയാട്ടം തുടർന്നു കൊണ്ടിരിക്കുന്നു.
എഴുത്തു പുഷ്ടിപ്പെടാനും കുറേ കൂട്ടായ്മകളിൽ അംഗമാകാനും നിങ്ങളെയൊക്കെ പരിചയപ്പെടാനും കഴിഞ്ഞു എന്നുള്ളത് വളരെ വലിയ കാര്യമാണ്. അങ്ങനെ കുറേ പേർക്ക് അവരവരുടെ കഴിവുകൾ പൊടിതട്ടിയെടുത്ത് സോഷ്യൽ മീഡിയ വഴി ആളുകളുടെ മുന്നിൽ എത്തിക്കാൻ,അവതരിപ്പിക്കാൻ ലോക്ഡൗൺ മൂലം സാധിച്ചു. ലോക്ഡൗൺ കൊണ്ട് ലോകത്താകമാനം ഉണ്ടായ നഷ്ടം വളരെ വലുതാണ്. പക്ഷെ എന്തു ചെയ്യാം. ലോക്ഡൗൺ അനിവാര്യമായിരുന്നു.
വീട്ടിൽ കിണറ്റിന്റെ അരികിലായി ഒരു നാരങ്ങച്ചെടി (മരം) നിന്നിരുന്നു. മിക്കവാറും വർഷം മുഴുവൻ കായ്കൾ ഉണ്ടായിരുന്നു. വടുകപ്പുളി നാരകം.അതുകൊണ്ട് രുചികരമായ അച്ചാറും,കറിയും ഒക്കെ ഉണ്ടാക്കുമായിരുന്നു അച്ഛമ്മ. പച്ചമുളകും ഇഞ്ചിയുമൊക്ക ചേർത്ത് ഉപ്പിലിട്ടു വയ്ക്കാം. അടിപൊളി രുചിയാണ്. എല്ലാ നാട്ടിലും നല്ല വിവരവും അറിവുമുള്ള ഒരു കാരണവർ ഉണ്ടാവുമല്ലോ.(നിർ)ഭാഗ്യവശാൽ അതുപോലെ ഒരാൾ ഞങ്ങളുടെ നാട്ടിലും ഉണ്ടായിരുന്നു. ഒരു ദിവസം അയാൾ വന്നു. നല്ല പരിചയമുള്ള ആളായതു കൊണ്ട് നേരെ അകത്തേക്കു വന്നു. ഊൺതളവും കഴിഞ്ഞു പുറത്തെത്തി പ്ലാവിൻചോട്ടിൽ നിന്നു മുകളിലേക്കു നോക്കി. എന്നിട്ടു നേരെ നടന്നു കിണറിനടുത്തേക്ക്. “വെള്ള്വക്കെ ണ്ടല്ലോ പാറുക്കുട്ട്യമ്മേ”. അയാളുടെ മട്ടും ഭാവവും പിടിക്കാത്ത ഭാവത്തിൽ അച്ഛമ്മ മൂളി. “ങും”. “നെറ്യേ നാരങ്ങ ണ്ടല്ലോന്നു” നാരകത്തിനെ നോക്കി അയാൾ പറഞ്ഞു. “ങാ” അച്ഛമ്മയുടെ മൂളലിനു കനം കൂടിയിരുന്നു. “നിങ്ങക്കറിയോ, വീട്ടിൽ നാരകം ണ്ടായിക്കൂടാ, കേട്ടിട്ടില്ലേ…നാരി ഭരിച്ചിടം നാരകം നട്ടിടം നാശ്വല്ലേ….ആ കണ്ടനെയോ കോരനെയോ വിളിച്ച് അതൊന്ന് വെട്ടിക്കോളിൻന്നു”….ചായകുടിച്ച് കുറച്ചുനേരം കൂടി നാട്ടുവർത്തമാനങ്ങൾ പറഞ്ഞിരുന്ന് അയാൾ പോയി. അയാൾ പറഞ്ഞതനുസരിച്ച് പിറ്റേന്ന് നാരകത്തിന്റെ കടക്കൽ മഴു വീണു. ഓരോരുത്തർ ചെയ്യുന്ന ‘ഉപകാരമേ’😢. ഇപ്പോൾ നാരങ്ങ കടയിൽ നിന്നും വാങ്ങുകയാണ് പതിവ്.
അപ്പോൾ പറഞ്ഞുവന്നത് വടുകപ്പുളി നാരങ്ങ കൊണ്ടുണ്ടാക്കുന്ന ഒരടിപൊളി അച്ചാറാണ് ഇന്നത്തെ വിഭവം. ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്നു നോക്കാം.
ആവശ്യമുള്ള സാധനങ്ങൾ
വടുകപ്പുളി നാരങ്ങ – ഒരെണ്ണം (ചെറുതായി മുറിച്ച് കുരു കളഞ്ഞത്)
പച്ചമുളക് – 5-6 എണ്ണം ചെറുതായി മുറിച്ചത്
ഇഞ്ചി – 2 ഇഞ്ച് കഷണം ചെറുതായി മുറിച്ചത്
ഉപ്പ് പാകത്തിന്
നല്ലെണ്ണ – 50 ml.
എരിവുള്ള മുളകുപൊടി -3-4 ടീ സ്പൂൺ
ഉലുവപ്പൊടി – 2 നുള്ള് (വറുത്ത് പൊടിച്ചത്)
കായം – 3/4 ടീ സ്പൂൺ
കടുക് – 1ടീ സ്പൂൺ
കറിവേപ്പില ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
Step 1
ചെറുതായി മുറിച്ചു വച്ചിരിക്കുന്ന നാരങ്ങ,പച്ചമുളക്,ഇഞ്ചി ഇവയെല്ലാം ഒന്നിച്ചാക്കി ഇളക്കി വെക്കുക
Step 2
നല്ലെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച്, കറിവേപ്പില ചേർത്ത് സ്റ്റൗ ഓഫ് ചെയ്യുക.ഉടനെ തന്നെ ഉലുവപ്പൊടി,മുളകുപൊടി,കായം,ഉപ്പ് എന്നിവ ചേർക്കുക.
സ്റ്റെപ് 3
നാരങ്ങ,പച്ചമുളക്,ഇഞ്ചി മിക്സ് ചേർത്ത് നന്നായി ഇളക്കി വെക്കുക. ഈ സമയത്ത് ഉപ്പ് കുറവാണെങ്കിൽ ചേർക്കാം. നന്നായി തണുത്തതിനു ശേഷം വായു കടക്കാത്ത കുപ്പിയിൽ ആക്കി വയ്ക്കാം.
സ്വാദുള്ള വടുകപ്പുളി നാരങ്ങ അച്ചാർ വിളമ്പാൻ തയ്യാറായി.
NB : നാരങ്ങയും പച്ചമുളകും ഇഞ്ചിയും എത്ര ചെറുതാക്കി മുറിക്കുന്നുവോ അത്രയും സ്വാദ് കൂടും. നാരങ്ങ നീര് കളയാതെ മുറിക്കാൻ ശ്രദ്ധിക്കുക.
ഇനി മറ്റൊരു വിഭവവുമായി കാണുന്നതുവരെ🙏🙂
ദീപ നായർ (deepz)
