എല്ലാവർക്കും നമസ്‌കാരം
എല്ലാവർക്കും സുഖമല്ലേ.എന്തൊക്കെയുണ്ട് വിശേഷങ്ങൾ. നാട്ടിൽ കടുത്ത വേനൽച്ചൂടും പോരാത്തതിന് കുഞ്ഞന്റെ വിളയാട്ടവും പൂർവ്വാധികം ശക്തമായ രീതിയിൽ തുടരുന്നു. കുത്തിവച്ചാലും ഇല്ലെങ്കിലും അവനവൻ സൂക്ഷിക്കുക. അകലം പാലിച്ചും കൈ കഴുകിയും മാസ്ക് ഉപയോഗിച്ചും നമുക്കവനെ ശക്തമായി ചെറുക്കാം.ഓരോരുത്തരും വിചാരിച്ചാലേ അവനെ തുരത്താൻ കഴിയൂ.
മാർച്ച് 30, ലോക ഇഡ്ഡലി ദിനമായി ആചരിച്ചു വരുന്നു. ദക്ഷിണേന്ത്യയിലെ പ്രധാന പ്രാതലായ ഇഡ്ഡലി ലോകപ്രശസ്തനായത് അതിന്റെ ഗുണങ്ങൾ കൊണ്ടു തന്നെയാണ്. WHO ഇഡ്ഡലിയെ ഏറ്റവും ആരോഗ്യകരമായ പ്രഭാതഭക്ഷണളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വളരെ മൃദുവും രുചികരവും ദഹിക്കാൻ എളുപ്പവുമായ ആവിയിൽ വെന്ത ഇഡ്ഡലി പോഷക സമ്പുഷ്ടമായ പ്രാതലാണ്. അതുകൊണ്ട് തന്നെ ഏതു പ്രായത്തിലുള്ളവർക്കും കഴിക്കാം.
ഇഡ്ഡലി അരി ഉപയോഗിച്ച് ഉണ്ടാക്കുന്നതു പോലെ തന്നെ റവ കൊണ്ടും ഉണ്ടാക്കാം. അതിനു പ്രത്യേക റവയുണ്ട്. ഇഡ്ഡലി റവ. ഇന്നു നമുക്ക് റവ ഇഡ്ഡലിയെ പരിചയപ്പെടാം. കർണ്ണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽ റവ ഇഡ്ഡലിയാണ് കൂടുതൽ പ്രചാരം. രുചിയിൽ അല്പം വ്യത്യാസമുണ്ടെങ്കിലും ഒട്ടും മോശമല്ല. ചൂടോടെ റവ ഇഡ്ഡലി കൂടെ ചട്നിയും ഉള്ളി സാമ്പാറും. ഹൊ! ഒരു രക്ഷയുമില്ല. കഴിക്കാൻ തോന്നിയില്ലേ. ഉണ്ട് എനിക്കറിയാം. അപ്പോ ഉണ്ടാക്കുന്ന രീതി നോക്കാം.

ആവശ്യമായ സാധനങ്ങൾ
🌼ഇഡ്ഡലി റവ – 2 1/2 കപ്പ്
🌼ഉഴുന്നുപരിപ്പ് – 1 കപ്പ്
🌼ഉപ്പ് പാകത്തിന്
🌼തൈര് – 1/4 കപ്പ്
🌼കുക്കിംഗ് സോഡ – 1/2 ടീസ്പൂൺ
🌼വെള്ളം ആവശ്യത്തിന്
🌼പാചകയെണ്ണ – 3-4 ടീ സ്പൂൺ
🌼കടുക് – 1ടീസ്പൂൺ
🌼കാരറ്റ് – ഒരെണ്ണം
🌼പച്ചമുളക് – 3-4 എണ്ണം
🌼കറിവേപ്പില -രണ്ട് തണ്ട്
🌼മല്ലിയില ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
🌼ഉഴുന്നുപരിപ്പ് കഴുകി നാല് മണിക്കൂർ കുതിർക്കുക.
🌼റവ ഒരു കപ്പ് വെള്ളമൊഴിച്ച് രണ്ടു മണിക്കൂർ കുതിർക്കുക
🌼കുതിർന്ന ഉഴുന്നുപരിപ്പ് നല്ല മയത്തിൽ അരച്ചെടുക്കുക.
🌼അരച്ച ഉഴുന്നും കുതിർന്ന റവയും ഒന്നിച്ചാക്കി ഇളക്കി ഉപ്പ്, സോഡ,തൈര് എന്നിവ ചേർത്ത് നന്നായി ഇളക്കി ഒരു രാത്രി വയ്ക്കുക.
🌼എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ചെറുതായരിഞ്ഞ പച്ചമുളകും കറിവേപ്പിലയും മല്ലിയിലയും ഗ്രേറ്റ് ചെയ്ത കാരറ്റും ചേർത്ത് ഒരു മിനിറ്റ് വഴറ്റിയെടുക്കുക. ചൂടാറിയതിനു ശേഷം പുളിച്ച മാവിലേക്ക് ചേർത്തിളക്കി സാധാരണ പോലെ ഇഡ്ഡലി ഉണ്ടാക്കാം. അരി ഇഡ്ഡലിയേക്കാൾ വേവ് അല്പം കൂടുതൽ ഉണ്ട്.
🌼ചൂടോടെ ചട്നിയും സാമ്പാറും കൂടി വിളമ്പാം.
അടുത്തയാഴ്ച മറ്റൊരു വിഭവവുമായി വരാം🙂🙏
ദീപ നായർ (deepz)