തയ്യാറാക്കിയത്: ദീപ നായർ (Deepz) ബാംഗ്ലൂർ.
എല്ലാവർക്കും നമസ്കാരം
എന്തൊക്കെയുണ്ട് വിശേഷങ്ങൾ. എല്ലാവരും തിരക്കിലാണോ. ബജറ്റ് വിവരങ്ങളൊക്ക മനസ്സിലായല്ലോ ല്ലേ. രാഷ്ട്രീയത്തിലാണെങ്കിൽ ഇലക്ഷൻ ആവാറായതിന്റെ നെട്ടോട്ടം. കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്നു. ഓരോ വ്യക്തിയും എനിക്കു രോഗം വരരുത് എന്റെ കാരണം മറ്റുളവർക്ക് രോഗം പകരരുത് എന്നു ചിന്തിച്ചു സൂക്ഷിച്ചും ശ്രദ്ധിച്ചും സാമൂഹിക അകലവും ശുചിത്വവും പാലിച്ചാൽ മാത്രമേ കുഞ്ഞിനെ തുരത്താൻ കഴിയൂ. ആരോഗ്യ വകുപ്പിലുള്ളവർക്ക് പൊതുജനങ്ങളെ കാര്യങ്ങൾ ധരിപ്പിക്കുവാനല്ലേ കഴിയൂ.അവനവൻ ചെയ്യേണ്ടത് ചെയ്യാൻ ആരും മടിക്കാതിരിക്കുക. ഇവിടെയാണെങ്കിൽ ആർക്കെങ്കിലും അസുഖമുണ്ടോ ഇല്ലയോ ഒന്നോമറിയില്ല. ഞങ്ങളുടെ അപ്പാർട്ട്‌മെന്റ് കോംപ്ലക്സിനുള്ളിൽ കർശന നിർദ്ദേശങ്ങളുള്ളതു കൊണ്ട് കേസുകൾ ഇല്ല. കുഞ്ഞന്റെ ദ്രുതഗതിയിലുള്ള ചലനത്തെ വാക്സിൻ മന്ദഗതിയിലാക്കും എന്ന പ്രതീക്ഷയോടെ ഇന്നത്തെ രസമുകുളങ്ങളെ ആരാവും കീഴടക്കിയത് എന്നോ നോക്കാം.
ഇന്ന് സ്വാദേറിയ മുട്ട റോസ്റ്റ് ഉണ്ടാക്കുന്ന രീതി മനസ്സിലാക്കാം. നിങ്ങളും ഉണ്ടാക്കുമായിരിക്കും അല്ലേ. പ്രോട്ടീനുകളും നല്ല കൊളൊസ്ട്രോളും പിന്നെ കുറെ കുറേ സംഭവങ്ങളൊക്കെ അടങ്ങിയിരിക്കുന്ന മുട്ടയുടെ ഗുണഗണങ്ങളെപ്പറ്റി ഞാൻ വിവരിക്കുന്നില്ല. കഴിച്ചാൽ നല്ലതാണ്. മുട്ട കൊണ്ട് ഒരുപാട് സാധനങ്ങൾഉണ്ടാക്കാൻ പറ്റും. എല്ലാവർക്കും ഇഷ്ടമുള്ള ഭക്ഷണസാധനമാണല്ലോ, പ്രത്യേകിച്ച് കുട്ടികൾക്ക്.
ആവശ്യമുള്ള സാധനങ്ങൾ
🌼മുട്ട-6 എണ്ണം
🌼സവാള-4 എണ്ണം(നീളത്തിൽ അരിഞ്ഞത്)
🌼വെളുത്തുള്ളി-6-8 അല്ലി(ചെറുതായി അരിഞ്ഞത്)
🌼ഇഞ്ചി-2″കഷണം(ചെറുതായി അരിഞ്ഞത്)
🌼പച്ചമുളക്-4 എണ്ണം(നെടുകെ കീറിയത്)
🌼പെരുഞ്ചീരകം-1/2 ടീസ്പൂൺ
🌼തൈര്-1ടീസ്പൂൺ
🌼മഞ്ഞൾപ്പൊടി-1/4 ടീസ്പൂൺ
🌼മല്ലിപ്പൊടി-1/2 ടീസ്പൂൺ
🌼മുളകുപൊടി-1 ടീസ്പൂൺ
🌼ഗരംമസാലപ്പൊടി-1/2 ടീസ്പൂൺ
🌼കുരുമുളക് ചതച്ചത്-1ടീസ്പൂൺ
🌼ഉപ്പ് പാകത്തിന്
🌼തക്കാളി-3 എണ്ണം(ചെറുതായി അരിഞ്ഞത്)
🌼കറിവേപ്പില-1തണ്ട്
🌼മല്ലിയില ആവശ്യത്തിന്
🌼പുതിനയില-കുറച്ച്
🌼പാചകയെണ്ണ-5 ടീസ്പൂൺ
പാകം ചെയ്യുന്ന വിധം
🌼മുട്ട വേവിച്ച് തോട് കളഞ്ഞു മാറ്റിവയ്ക്കുക.
(വേവിക്കുമ്പോൾ പൊട്ടാതിരിക്കാൻ വെള്ളത്തിൽ ഒരു സ്പൂൺ ഉപ്പു ചേർക്കുക)
🌼എണ്ണ ചൂടാക്കി പെരുഞ്ചീരകം പൊട്ടിച്ച് സവാള,ഇഞ്ചി,വെളുത്തുള്ളി,ഉപ്പ് ചേർത്ത് വഴറ്റുക.
🌼നന്നായി വഴന്നു കഴിഞ്ഞു മഞ്ഞൾ, മല്ലി,മുളകുപൊടികൾ ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റുക.
🌼തൈര്, ഉപ്പ്, തക്കാളി, പച്ചമുളക് ചേർത്ത് വഴറ്റുക.
🌼കുഴഞ്ഞ പരുവമായാൽ ഗരംമസാലപ്പൊടി ചേർത്തിളക്കുക.
🌼കറിവേപ്പില, മല്ലിയില, പുതിനയില കുറച്ചു കുരുമുളക് പൊടി ചേർത്ത് നന്നായിളക്കുക
🌼വരഞ്ഞ മുട്ട ചേർത്ത് പതുക്കെ ഇളക്കി, ബാക്കിയുള്ള കുരുമുളക് പൊടി വിതറി അടച്ചു വയ്ക്കുക.
🌼നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം വിളമ്പുക.
🌼ചപ്പാത്തി, പൂരി,പുലാവ്, നെയ്ചോറ്,ആപ്പം എന്നിവയുടെ കൂടെ വിളമ്പാൻ പറ്റിയ രുചികരമായ മുട്ടറോസ്റ്റ് തയ്യാർ.
ദീപ നായർ (deepz)