സദ്യ ഉണ്ണാൻ ഇഷ്ടമല്ലാത്തവർ ആരുണ്ട് അല്ലേ. ഇലയിൽ നിറയെ കറികളും പപ്പടവും പഴവും കായ വറുത്തതും ശർക്കര വരട്ടിയും പിന്നെ ചൂടോടെ ചോറു വിളമ്പുമ്പോളുണ്ടാവുന്ന പ്രത്യേക മണവും. ഹോ! ഇനി വിവരിക്കാൻ വയ്യ, വായിൽ വെള്ളം വരുന്നു.
സദ്യ എന്ന് പറയുമ്പോൾ തന്നെ തേങ്ങ ഉടക്കലും ചിരവലും അരക്കലും വറക്കലും ഒക്കെയായി തിരക്കായിരിക്കും അല്ലേ..സദ്യക്ക് ഒരു കറി തേങ്ങ അരക്കാതെ ഉണ്ടാക്കിയാലോ.. ബർഗണ്ടി കിച്ചടി..പേര് കേട്ട് ഞെട്ടണ്ട ട്ടോ നമ്മുടെ ബീറ്റ്റൂട്ട് ആണ് താരം. അപ്പോ ഇതുണ്ടാക്കാൻ എന്തൊക്കെയാ വേണ്ടതെന്ന് നോക്കാം..
ആവശ്യമുള്ള സാധനങ്ങൾ
ബീറ്റ്‌റൂട്ട് – ഒരെണ്ണം
കട്ട തൈര് – ഒരു ബൗൾ
ഉപ്പ് പാകത്തിന്
വെളിച്ചെണ്ണ – 2 ടീ സ്പൂൺ
കടുക് -1 ടീ സ്പൂൺ
ജീരകപ്പൊടി – 1/4 ടീ സ്പൂൺ
പച്ചമുളക് – ഒരെണ്ണം ചെറുതായി മുറിച്ചത്
കറിവേപ്പില – ഒരു തണ്ട്
ഉണ്ടാക്കുന്ന വിധം
Step 1
വൃത്തിയായി കഴുകിയ ബീറ്റ്‌റൂട്ട് പ്രഷർ കുക്കറിൽ വേവിക്കുക. ചൂടാറിയ ശേഷം തൊലി കളഞ്ഞ് ഗ്രേറ്റ് ചെയ്തു വക്കുക.
Step 2
തയിരിൽ ഉപ്പിട്ട് നന്നായി ഇളക്കി, ബീറ്റ്‌റൂട്ട് ചേർത്ത് ഒന്നുകൂടെ ഇളക്കുക.
Step 3
വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് പച്ചമുളക്, കറിവേപ്പില ചേർത്ത് നന്നായി ഇളക്കി, ഒരു നുള്ള് ഉലുവപ്പൊടി ചേർത്ത് യോജിപ്പിച്ച് തൈര് മിക്സിലേക്ക് ചേർക്കുക.
ബർഗണ്ടി കിച്ചടി തയ്യാർ.
എന്താ കൂട്ടുകാരെ ഒന്നു ട്രൈ ചെയ്യാം ല്ലേ.
deepz