എല്ലാവർക്കും നമസ്‌കാരം
അപ്രതീക്ഷിതമായി ഒരു ഡൽഹി യാത്ര കഴിഞ്ഞു വന്നതിന്റെ ത്രില്ലിലാണ് ഞാൻ. കുറച്ചു വർഷങ്ങൾ അവിടെ താമസിച്ചതിന്റെ ഓർമ്മകളും പേറി ഒമ്പതു വർഷങ്ങൾക്ക് ശേഷം തലസ്ഥാന നഗരിയിലേക്കൊരു യാത്ര. വസന്തം തേരിലേറി വന്നിറങ്ങി മനോഹരമാക്കിയ ചെടികളും മരങ്ങളും.
പലതരം വർണ്ണങ്ങളിൽ പുഷ്പിച്ചു നിൽക്കുന്ന പലതരം പൂക്കൾ നഗരത്തെ കൂടുതൽ സുന്ദരിയാക്കിയിരിക്കുന്നു. വർഷങ്ങൾക്കിപ്പുറം നഗരം കണ്ടാൽ അറിയാത്ത വിധം ഒരുപാട് മാറിയിരിക്കുന്നു. ഈ നഗരത്തിനോട് വല്ലാത്തൊരു വൈകാരിക ബന്ധമുള്ളതിനാലാവാം പല സ്ഥലങ്ങളും കണ്ടപ്പോൾ ഇത്രയും ഗൃഹാതുരത അനുഭവപ്പെട്ടത്.
Maximum utilization എന്ന് ഇക്കണോമിക്സിൽ പഠിച്ചത് ഓർമ്മിച്ച് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ മാർക്കറ്റുകൾ കറങ്ങി എന്തൊക്കെയോ വാങ്ങിക്കൂട്ടി പാനി പൂരിയും, സമൂസയും,രാജ് കച്ചോരിയും,ഐസ്ക്രീമും,ആലൂ ടിക്കിയും കഴിച്ചപ്പോൾ ഓർമ്മകൾ ഒന്നൊന്നായി ഒഴുകിയെത്തി.
ഈ സമയത്താണ് സ്ട്രാബെറി സീസൺ. വരുമ്പോൾ അതും കുറേ വാങ്ങിച്ചു. മറുനാടൻ പഴങ്ങളിൽ വച്ചേറ്റവും ഇഷ്ടമുള്ള ചുവന്നു തുടുത്ത സുന്ദരിക്കുട്ടി. നിറവും ആകൃതിയും കൊണ്ടാവാം ഹൃദയസമാനമായി തോന്നാറുണ്ട്. ഫ്രഷ് സ്ട്രാബെറി കൊണ്ട് ഒരു കേക്കുണ്ടാക്കി. പാചകവിധിയും മറ്റും നിങ്ങളുമായി പങ്കു വയ്ക്കാം.

ആവശ്യമുള്ള സാധനങ്ങൾ
മൈദ – 1 കപ്പ്
പഞ്ചസാര – 1 കപ്പ്
പുളിക്കാത്ത തൈര് – 1/4 കപ്പ്
സൂര്യകാന്തി എണ്ണ – 1/2 കപ്പ്
ബേക്കിംഗ് സോഡ – 3/4 ടീ സ്പൂൺ
കുക്കിംഗ് സോഡ – 1/4 ടീ സ്പൂൺ
സ്ട്രാബെറി – 1/2 കപ്പ്
ഉണ്ടാക്കുന്ന വിധം
സ്ട്രാബെറി വൃത്തിയായി കഴുകി വെള്ളം തുടച്ച് ഒട്ടും വെള്ളം ചേർക്കാതെ ബ്ളെന്ററിൽ പ്യൂരിയാക്കി വയ്ക്കുക.
മൈദയും കുക്കിംഗ്, ബേക്കിംഗ് സോഡ ഒന്നിച്ചാക്കി അരിച്ചു വയ്ക്കുക.
പഞ്ചസാര പൊടിച്ചു വയ്ക്കുക.
മൈക്രോവേവ് അവൻ 250°c ൽ പ്രീഹീറ്റ് ചെയ്യുക.
എണ്ണയും തൈരും ഒന്നിച്ചാക്കി ഇളക്കി യോജിപ്പിക്കുക. അതിലേക്ക് പൊടിച്ച പഞ്ചസാര ചേർത്തിളക്കുക. മൈദ ചേർത്ത് പതിയെ കട്ട കെട്ടാതെ യോജിപ്പിക്കുക. സ്ട്രാബെറി പ്യൂരി ചേർത്തിളക്കുക. ഒരു ഗ്ലാസ് ബൗൾ നെയ്യ് തേച്ചു തയ്യാറാക്കിയ കേക്ക് മിക്സ് ഒഴിച്ച് മൈക്രോവേവ്+കൺവെക്ഷനിൽ 8-10 മിനിറ്റ് ബേക്ക് ചെയ്യുക.
പപ്പടക്കോൽ കൊണ്ട് കുത്തി നോക്കി വെന്തോ എന്നു നോക്കി പുറത്തേക്കെടുക്കാം. ചൂടാറിയതിനു ശേഷം മറ്റൊരു പ്ലേറ്റിലേക്കു മാറ്റി സ്ട്രാബെറി സിറപ്പ്,ഫാൻസി വെർമിസെല്ലി,സിൽവർ ഷുഗർബോൾസ് കൊണ്ട് അലങ്കരിച്ചു സെർവ് ചെയ്യാം.
അടുത്ത ആഴ്ച കാണുമ്പോഴേക്കും ഇത് ട്രൈ ചെയ്യുമല്ലോ.
കേക്കിനുപയോഗിക്കുന്ന എല്ലാ സാധനങ്ങളും റൂം ടെംപറേച്ചറിൽ ആയിരിക്കാൻ ശ്രദ്ധിക്കുക.
deepz