എല്ലാവർക്കും നമസ്കാരം
ചുഴലിക്കാറ്റും മഴയും വീട്ടിലടച്ചിരുപ്പും ഓൺലൈൻ ക്ലാസ്/ജോലി ഒക്കെയായി ദിവസങ്ങളും മാസങ്ങളും പോകുന്നു. കുഞ്ഞന്റെ വിളയാട്ടം അനുസ്യൂതം തുടരുന്നു. വാക്സിൻ ക്ഷാമവും തുടരുന്നു. എന്തായാലും നല്ലൊരു നാളെക്കായി പ്രതീക്ഷയോടെ മുന്നേറാം.
സ്റ്റ്യൂ എല്ലാവർക്കും അറിയുന്ന ഒരു കറിയാണല്ലോ. അതിൽ തർക്കമൊന്നുമില്ലല്ലോ. അപ്പോ ഇന്ന് hot seatൽ ഇരിക്കുന്ന ആൾ സ്റ്റ്യൂ. ഇഡ്ഡലി ദോശ ആപ്പം നൂൽപ്പുട്ട് എന്നിവയുടെ കൂടെ കഴിക്കാൻ പറ്റുന്ന ഒരടിപൊളി കറി.
തേങ്ങാപ്പാലിൽ വെന്ത ഉള്ളിയും ഉരുളക്കിഴങ്ങും പിന്നെ പച്ചമുളകിൻറെ എരിവും, കറിവേപ്പിലയുടെയും വെളിച്ചെണ്ണയുടെയും മണം. അടച്ചു വച്ച പാത്രം തുറക്കുമ്പോൾ തന്നെ മണം മൂക്കിലൂടെ കടന്ന് രസമുകുളങ്ങളെ ഉയർത്തിയിട്ടുണ്ടാവും. പിന്നൊന്നും ആലോചിക്കാനില്ലന്നേ, പ്ളേറ്റിൽ ഒരു മൂന്നോ നാലോ ഇഡ്ഡലി (ദോശ, അപ്പം,നൂൽപ്പുട്ട്) നിരത്തി അതിനു മുകളിൽ ഇളം ചൂടോടെ സ്റ്റ്യൂ വിളമ്പി യാതൊന്നും ശ്രദ്ധിക്കാതെ കഴിച്ചാൽ ഉണ്ടല്ലോ, ഇനിയും പോരട്ടെ പോരട്ടെ ന്നു പറയും. ഒന്ന് അടുക്കള വരെ പോയിട്ട് വരാം. ഇതിന് വേണ്ട സാധനങ്ങൾ എന്തൊക്കെയാണെന്നറിയണ്ടേ.
🌼സ്റ്റ്യൂ🌼

🌼ആവശ്യമുള്ള സാധനങ്ങൾ
ഉള്ളി (സവാള) – രണ്ടെണ്ണം (നീളത്തിൽ അരിഞ്ഞത്)
ഉരുളക്കിഴങ്ങ് – മൂന്നെണ്ണം
ഇഞ്ചി – 25 ഗ്രാം(ചതച്ചത്)
പച്ചമുളക് – 6-7 എണ്ണം(കീറിയത്)
കറിവേപ്പില – 1 തണ്ട്
വെളിച്ചെണ്ണ – 20 ml
ഉപ്പ് പാകത്തിന്
രണ്ടാം തേങ്ങാപ്പാൽ – ഒന്നര കപ്പ്
ഒന്നാം പാൽ – ഒരു കപ്പ്
🌼ഉണ്ടാക്കുന്ന വിധം
🌼 ഉരുളക്കിഴങ്ങ് വേവിച്ച് തൊലി കളഞ്ഞ് ഉടച്ചു വയ്ക്കുക.
🌼 രണ്ടാം പാലിൽ ഉള്ളി നീളത്തിൽ അരിഞ്ഞത്, ഇഞ്ചി ചതച്ചത്, പച്ചമുളക് കീറിയത് ഇവ പാകത്തിന് ഉപ്പു ചേർത്ത് വേവിക്കുക.
🌼 വെന്ത ശേഷം ഉരുളക്കിഴങ്ങ് ചേർത്ത് നന്നായി ഇളക്കി, നന്നായി തിളപ്പിക്കുക.
🌼ഒന്നാം പാൽ ചേർത്ത് ചൂടായി വരുമ്പോൾ കറിവേപ്പില താഴ്ത്തി സ്റ്റൗ ഓഫ് ചെയ്ത് വെളിച്ചെണ്ണ ചേർത്ത് ഇളക്കി അടച്ചുവയ്ക്കുക.
🌼 പത്തുപതിനഞ്ചു മിനിറ്റ് കഴിഞ്ഞ് ഇഡ്ഡലി/ദോശ/അപ്പം/നൂൽ പുട്ട് ഇവയുടെ കൂടെ വിളമ്പാം. അടിപൊളി രുചിയാണ്.
പാലക്കാട് സ്പെഷൽ സ്റ്റ്യൂ ആണിത്. ഇടക്കിടെ ഉണ്ടാക്കാറുള്ള ഒരു കറിയാണ്. എത്ര പേർക്ക് ഇതറിയും എന്നറിയില്ല. എന്തായാലും ഒന്നു try ചെയ്യു. അപ്പോ അടുത്താഴ്ച കാണുന്നതു വരെ 🙏
ദീപ നായർ (deepz)