തയ്യാറാക്കിയത്: ദീപ നായർ, ബാഗ്ലൂർ
എല്ലാവർക്കും നമസ്കാരം
നിങ്ങളുടെ രുചിമുകുളങ്ങളെ തൊട്ടുണർത്താൻ തയ്യാറായി നിൽക്കുന്നത് എരിവുള്ള അതിലേറെ രുചിയുള്ള പനീർ കുറുമയാണ്. ഈ തവണ ഒരു ഉത്തരേന്ത്യൻ കറി ആവാന്നു വച്ചു.
പനീർ അഥവാ പാൽക്കട്ടി ഉത്തരേന്ത്യയിൽ പ്രധാന ഭക്ഷണ സാധനം ആണ്. വീട്ടിൽ ഉണ്ടാക്കുകയോ അങ്ങാടിയിൽ നിന്ന് വാങ്ങുകയോ ചെയ്യാവുന്ന പാലുല്പന്നം. അവരുടെ കല്ല്യാണങ്ങളിലും വിരുന്നു സൽക്കാരങ്ങളിലും ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നാണ് പനീർ.
സസ്യഭുക്കുകളും മാംസഭുക്കുകളും ഒരുപോലെ ഇഷ്ടപ്പെടുന്ന മിന്നുന്ന താരം. ബിരിയാണി/പുലാവ്, കറികൾ, മധുരപലഹാരങ്ങൾ, നാലുമണി പലഹാരങ്ങൾ എന്നിവയൊക്കെ പനീർ കൊണ്ടുണ്ടാക്കാം.
ഗുണമേന്മയുടെ കാര്യത്തിലും ഒന്നാമൻ തന്നെ. കാൽസ്യം, വൈറ്റമിനുകൾ, ധാതുലവണങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. പോഷക സമൃദ്ധമാണ്. വളരെ പെട്ടെന്ന് ഊർജം പ്രദാനം ചെയ്യാൻ കഴിവുണ്ട്. രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കും. വളർച്ചക്കാവശ്യമായ എല്ലാ ഘടകങ്ങളും അടങ്ങിയിട്ടുള്ളതു കൊണ്ട് കുട്ടികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതായിരിക്കും.
പനീർ/പാൽക്കട്ടി മസാലയൊക്കെ ചേർത്ത് ചപ്പാത്തി/പൂരി ടെ കൂടെ കഴിക്കാൻ പറ്റുന്ന ഒരടിപൊളി കുറുമ. കോർമ എന്നാണെങ്കിലും പറഞ്ഞു പറഞ്ഞു കുറുമ ആയിപ്പോയി അല്ലേ.
ഉണ്ടാക്കുന്ന വിധം നോക്കാം.
🌼പനീർ കോർമ
🌼ആവശ്യമുള്ള സാധനങ്ങൾ
🌼പനീർ (cottage cheese) – 250 gm
🌼ഉള്ളി – 1
🌼വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് – 1 ടീ സ്പൂൺ
🌼പച്ചമുളക് – 2
🌼പാചക എണ്ണ – 5 ടേബിൾ സ്പൂൺ
🌼മല്ലിപൊടി – 1 ടീ സ്പൂൺ
🌼മുളകുപൊടി – 1 ടീ സ്പൂൺ
🌼മഞ്ഞൾപൊടി – 1/4 ടീ
സ്പൂൺ
🌼ജീരകപ്പൊടി – 1/4 ടീ സ്പൂൺ
🌼ഏലക്ക – 1
🌼ഗ്രാമ്പൂ – 2
🌼പട്ട – 1കഷണം.
🌼തക്കാളി – 1
🌼ഉപ്പ് പാകത്തിന്
🌼തേങ്ങ ചിരകിയത് – 1/4 കപ്പ്
🌼ഗരം മസാലപൊടി – 1/2 ടീ സ്പൂൺ
🌼മല്ലിയില അരിഞ്ഞത് കുറച്ച്
🌼വെള്ളം – 1/2 കപ്പ്
🌼ഉണ്ടാക്കുന്ന വിധം
🌼തക്കാളി തിളച്ച വെള്ളത്തിൽ കുറച്ചു നേരം ഇട്ടു വച്ച് തൊലി കളഞ്ഞ് നന്നായി അരച്ചെടുക്കുക.
🌼തേങ്ങ ചിരകിയത് നല്ല മയത്തിൽ അരച്ചു വയ്ക്കുക.
🌼എണ്ണ ചൂടാക്കി പനീർ കഷണങ്ങൾ ചെറുതായി വറുത്തു കോരുക.
🌼അതേ എണ്ണയിൽ ഉള്ളി ചെറുതായി അരിഞ്ഞത് വഴറ്റുക. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് മൂത്ത മണം വരുന്നതുവരെ വഴറ്റുക.
🌼ഏലക്ക, ഗ്രാമ്പൂ, പട്ട ചേർത്തിളക്കി എല്ലാ മസാല പൊടികളും ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റുക.
🌼ഇനി അരച്ചു വച്ച തക്കാളി ചേർത്തിളക്കി എണ്ണ തെളിയുന്നത് വരെ പാകം ചെയ്യാം. ഇടയ്ക്ക് ഇളക്കി കൊടുക്കാൻ മറക്കല്ലേ.
🌼അര കപ്പ് വെള്ളം ചേർത്ത് തിളപ്പിക്കുക. പനീറും പാകത്തിന് ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക.
🌼തേങ്ങ അരച്ചത് ചേർത്ത് കുറച്ചു നേരം കൂടി പാകം ചെയ്യാം.
🌼ഗ്രേവി കട്ടിയായി തുടങ്ങുമ്പോൾ ഗരം മസാലപ്പൊടി, മല്ലിയില, പച്ചമുളക് കീറിയതും ചേർത്ത് കുറച്ചു നേരം കൂടി പാകം ചെയ്ത് സ്റ്റൗവ് ഓഫ് ചെയ്ത് കറി അടച്ചു വയ്ക്കുക.
🌼10-15 മിനിറ്റ് കഴിഞ്ഞ് നാവിൽ വെള്ളമൂറുന്ന പനീർ കോർമ ചൂടോടെ വിളമ്പാം.
🌼ചപ്പാത്തി/പൂരി/പുലാവ് ഇവയുടെ കൂടെ കഴിക്കാൻ പറ്റിയ രുചികരമായ പനീർ കുർമ.
🌼എന്റെ തന്നെ പാചകക്കുറിപ്പാണ്. ചിലതൊക്കെ അമ്മ, അമ്മമ്മയുടെ ഉണ്ട്. എല്ലാവരും ചെയ്തു നോക്കി അഭിപ്രായം പറയുമല്ലോ.
അടുത്ത ആഴ്ച മറ്റൊരു വിഭവവുമായി വീണ്ടും കാണാം 🙏
ദീപ നായർ (deepz)
