തയ്യാറാക്കിയത്: ദീപ നായർ (deepz) ബാംഗ്ലൂർ
എല്ലാവർക്കും നമസ്കാരം
ദേ പോയി ദാ വന്നൂ എന്ന മട്ടിൽ നാട്ടിലൊന്ന് പോയി വന്നു. ധനുമാസത്തിൽ പണ്ടൊക്ക നല്ല മഞ്ഞും കുളിരും ഉണ്ടാവും. സാധാരണ ഉണ്ടാവാറുള്ള കാറ്റിനും കുറവ്.നല്ല നിലാവുള്ള മാമ്പൂമണം വഴിഞ്ഞൊഴുകുന്ന കുളിരും കാറ്റുമുള്ള പുലർച്ചെ എണീറ്റു കുളിച്ച് ആർദ്രാദർശനത്തിനു പോകുന്നതും തിരുവാതിര നോയമ്പ് നോൽക്കുന്നതും ഓർമ്മളിലോടിയെത്തി. കിഴങ്ങുവർഗ്ഗങ്ങളെല്ലാം വിളവെടുക്കുന്ന സമയമായതുകൊണ്ട് ചായ്പ്പിൽ നിറയെ ചേനയും ചേമ്പും കാവുത്തും ചെറുകിഴങ്ങും കൂർക്കയും ഒക്കെ കൂട്ടിയിട്ടിരിക്കും. ഓർമ്മകളിലോളം തല്ലി മുറ്റത്തെ കോണിലെ നിറയെ കായ്ച്ചു നിൽക്കുന്ന നെല്ലിമരത്തിൻറെ ചോട്ടിൽ പോയി നിന്നപ്പോഴാണ് മനസ്സിലായത് മരം മാനം മുട്ടെ വളർന്നുവെന്നും കൈയെത്തും ദൂരെ ഒരു കായ പോലുമില്ലെന്നും. പിന്നെ ഏണിയായി, തോട്ടിയായി, എങ്ങനെയൊക്കെയോ കുറച്ചു നെല്ലിക്ക പറിച്ചു.
നെല്ലിക്ക കൊണ്ടുണ്ടാക്കുന്ന വിഭവങ്ങളിൽ വച്ച് എനിക്കേറ്റവും ഇഷ്ടമുള്ള അരച്ചുകലക്കി എന്നു നാടൻ ഭാഷയിൽ പറയുന്ന കറി അപ്പോൾ തന്നെ ഉണ്ടാക്കി ചെറിയമ്മ. സൈഡ് ഡിഷായും ഒഴിച്ചുകൂട്ടാനായും ഉണ്ടാക്കാം. എളുപ്പം തയ്യാറാക്കാം.
നെല്ലിക്ക അരച്ചുകലക്കി അഥവാ ചട്‌നി
നെല്ലിക്ക-6-7എണ്ണം
തേങ്ങ-1/2 മുറി (ചെറുത്)
പച്ചമുളക്-എരിവിന് അനുസരിച്ച്
ഉപ്പ്-പാകത്തിന്
തൈര്-1/2കപ്പ്
വെളിച്ചെണ്ണ-2ടീസ്പൂൺ
കടുക്-1/2ടീസ്പൂൺ
ഉണക്കമുളക്-1എണ്ണം
കറിവേപ്പില-1തണ്ട്
തയ്യാറാക്കുന്ന വിധം
നെല്ലിക്ക കുരു കളഞ്ഞ് തേങ്ങ, ഉപ്പ്, പച്ചമുളക് ചേർത്ത് നന്നായി അരച്ചെടുത്ത് തൈരും ചേർത്ത് നന്നായി ഇളക്കുക.
വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് മുളകും, കറിവേപ്പിലയും ചേർത്തിളക്കി ചട്നി ഒഴിച്ചിളക്കുക. ഒന്നു ചൂടാകോമ്പോൾ സ്റ്റൗ ഓഫ് ചെയ്യുക. ചട്നി വെന്തു പോകരുത്. തിളക്കരുത്. രുചിയാകെ മാറും.
ഇനി കാണും വരെ 🙏
ദീപ നായർ (deepz) ബാംഗ്ലൂർ
