എല്ലാവർക്കും നമസ്കാരം
എന്തൊക്കെയുണ്ട് വിശേഷങ്ങൾ. എല്ലാവരും സുഖമായി ഇരിക്കുന്നുണ്ടല്ലോ ല്ലേ.
ഊണു കഴിക്കുമ്പോൾ കറികളുടെ കൂടെ അച്ചാറും വേണം ല്ലേ. അതില്ലാതെ ഊണു കഴിക്കുക വളരെ ബുദ്ധിമുട്ടാണ്, ശരിയല്ലേ. കുട്ടിക്കാലത്ത് അമ്മമ്മയും അച്ഛമ്മയും കടുമാങ്ങയും അടമാങ്ങയും എണ്ണനാരങ്ങയും നെല്ലിക്ക അച്ചാറും ഒക്കെ ഉണ്ടാക്കുന്നത് അത്ഭുതത്തോടെ നോക്കിയിരുന്നിട്ടുണ്ട്. കണ്ണിമാങ്ങ വാങ്ങിച്ചു കൊണ്ടുവന്നാൽ തന്നെ വാസന നിറയും. അതിനെ നല്ലതുപോലെ കഴുകി വെള്ളം ഒട്ടുമില്ലാതെ തുടച്ചു പാകത്തിനുപ്പും മുളകും ചേർത്ത് ഭരണിയിലാക്കി മുകളിൽ ഉപ്പുശീല വച്ച് അടപ്പു കൊണ്ടടച്ച് കോട്ടൺ തുണി കൊണ്ട് മൂടിക്കെട്ടും എന്നിട്ട് ഇരുളടഞ്ഞ കലവറയിൽ വയ്ക്കും. കുറച്ചു മാസങ്ങൾക്ക് ശേഷം രുചിയൂറും കടുമാങ്ങ തയ്യാർ. ആലോചിക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്നു. അതുപോലെ തന്നെ അതാതു സീസണിൽ ഇതൊക്ക ഉണ്ടാക്കി സൂക്ഷിക്കുക അന്നത്തെ കാലത്ത് പതിവായിരുന്നു. ഇന്നിപ്പോൾ എല്ലാം എല്ലായ്പ്പോഴും കിട്ടുന്നു. ഉണ്ടാക്കാൻ ആർക്കും നേരമില്ല. ഒരു അച്ചാറുണ്ടാക്കുന്ന വിധവുമായാണ് ഇന്ന് ഞാൻ വന്നിരിക്കുന്നത്.
ഞാൻ ഇവിടെ പോസ്റ്റ് ചെയ്ത ഏതെങ്കിലും പാചകക്കുറിപ്പ് ആരെങ്കിലും പരീക്ഷിച്ചുവോ?? ആരും ഒന്നും പറഞ്ഞില്ല.
ഇന്ന് തക്കാളി അച്ചാർ ആയിട്ടാണ് ഞാൻ വന്നിരിക്കുന്നത്. തക്കാളി എല്ലാവർക്കും ഇഷ്ടമുള്ളതല്ലേ. ചുവന്നു തുടുത്ത സുന്ദരൻ തക്കാളി കൊണ്ടുള്ള അച്ചാർ. വായിൽ വെള്ളമൂറുന്നു ല്ലേ 😜. തുടു തുടെയുള്ള തക്കാളി എണ്ണയിൽ കിടന്ന് കുഴഞ്ഞു മറിഞ്ഞ്, ആഹാ! കാണുമ്പോൾ തന്നെ ചോറ് വിളമ്പിയെടുക്കും.
നമ്മുടെ ഈ തക്കാളിക്കുട്ടൻ ആളു ചില്ലറയല്ല ട്ടോ. അവനെ പച്ചക്കറിയായും പഴമായും കണക്കാക്കും. പോഷകസമൃദ്ധമാണ്. വിറ്റാമിനുകളുടെ കലവറയാണ്. സൗന്ദര്യസംരക്ഷണത്തിനും ഉപയോഗിക്കാറുണ്ട്.
തക്കാളിയുടെ മേൻമയതിനിയുമനേകം.

ആവശ്യമുള്ള സാധനങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
🌼തക്കാളി – 1/2 കിലോഗ്രാം
🌼എള്ളെണ്ണ – 150 മില്ലി ലിറ്റർ
🌼 കടുക് – 1ടീസ്പൂൺ
🌼 ഉണക്കമുളക് – 2എണ്ണം
🌼 കറിവേപ്പില – 1 തണ്ട്
🌼 ഉപ്പ് പാകത്തിന്
🌼 മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
🌼എരിവുള്ള മുളകുപൊടി – 5 ടീ സ്പൂൺ
🌼 കായപ്പൊടി – 1/2 ടീ സ്പൂൺ
🌼 ഉലുവപ്പൊടി – ഒരു നുള്ള്
പാകം ചെയ്യുന്ന വിധം
🌼 തക്കാളി നന്നായി കഴുകി കോട്ടൺ തുണി ഉപയോഗിച്ച് വെള്ളം തുടച്ച് ചെറുതായി മുറിച്ച് വയ്ക്കുക.
🌼എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. മുളക്, കറിവേപ്പില ചേർത്ത് ഇളക്കുക. സ്റ്റൗവ് ഓഫ് ചെയ്ത് മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഉപ്പും ഉലുവ കായം പൊടിയും ചേർക്കുക. പൊടികൾ കരിയരുത്. തക്കാളി അരിഞ്ഞത് ചേർത്ത് നന്നായി ഇളക്കുക. സ്റ്റൗവ് ഓൺ ചെയ്ത് തിളക്കാൻ തുടങ്ങുമ്പോൾ തീ കുറച്ച് അടച്ചു വയ്ക്കുക. നീരെല്ലാം വറ്റി എണ്ണ തെളിഞ്ഞു വരാൻ ഒന്നര രണ്ടു മണിക്കൂർ എടുക്കും. ഇടയ്ക്ക് ഇളക്കി കൊടുക്കാൻ മറക്കല്ലേ.
🌼 ചൂടാറിയ ശേഷം കുപ്പിയിൽ ആക്കി വയ്ക്കാം. ചോറിനും ചപ്പാത്തിക്കും ഉപയോഗിക്കാം.
🌼അച്ചാറിനായി നാടൻ തക്കാളി ഉപയോഗിക്കുക. അതാണ് സ്വാദ്.
🌼 ഉലുവപ്പൊടി പേരിനു മാത്രം ചേർക്കുക. ഇത്തിരി കൂടിയാൽ കയ്പ്പു രുചി വരും. അച്ചാറിൻറെ രുചിയാകെ മാറും.
🌼തക്കാളിക്ക് പുളി കുറവാണെങ്കിൽ കുറച്ചു പുളി ചേർക്കാം. തക്കാളി ചേർക്കുമ്പോൾ ചേർക്കണം.
അടുത്തയാഴ്ച കാണാം 🙏
ദീപ നായർ (deepz)