തയ്യാറാക്കിയത്: ദീപ നായർ (Deepz) ബാംഗ്ലൂർ.
എല്ലാവർക്കും നമസ്‌കാരം
എന്തൊക്കെയുണ്ട് വിശേഷങ്ങൾ. എല്ലാവർക്കും സുഖമല്ലെ. ഇന്ത്യ മുഴുവൻ കൊവിഡ് വാക്സിൻറെ പാർശ്വഫലങ്ങളെപ്പറ്റി ചർച്ച ചെയ്യുകയാണല്ലോ.
ലോകത്ത് എന്തൊക്കെ സംഭവിച്ചാലും മനുഷ്യനടക്കം ജീവനുള്ളവയ്ക്കെല്ലാം വിശപ്പ് എന്ന വികാരമുണ്ടാകും. വിശപ്പടക്കാൻ എന്തെങ്കിലും കഴിച്ചേ മതിയാവൂ. വിശപ്പ് എന്ന വികാരം ശമിപ്പിക്കാൻ വേണ്ടിയാണ് മനുഷ്യൻ പല ജോലികളും ചെയ്യാൻ തയ്യാറാവുന്നത്. “ഉദരനിമിത്തം ബഹുകൃതവേഷം”.
ആഹാരകാര്യത്തിലായാലും ആഘോഷകാര്യത്തിലായാലും അനുകരണത്തിൽ മലയാളി എന്നും ഒന്നാം സ്ഥാനത്താണ്. നോൺ റസിഡന്റ് മലയാളിക്ക് അതു പെട്ടന്ന് തിരിച്ചറിയാൻ പറ്റും. നഗരത്തിൽ പോയാൽ കാണുന്ന കൂൺ പോലെ പൊട്ടിമുളച്ചിരിക്കുന്ന ചൈനീസ്/കോൺടിനെൻറൽ/നോർത്ത് ഇന്ത്യൻ റസ്‌റ്റോറന്റുകളും തട്ടുകടകളും
അതിനുദാഹരണമാണ്. അങനെയൊരു മറുനാടൻ വിഭവമാണ് ഇന്ന് നിങ്ങളുടെ രസമുകുളങ്ങളെ ഉണർത്തുന്നത്.
ചിക്കനില്ലാതെ എന്താഘോഷം അല്ലെ? അപ്പോ ചില്ലി ചിക്കനായാലോ!
ഒരു ഇൻഡോ ചൈനീസ് സൈഡ് ഡിഷ്. ഇതിനായി എല്ലില്ലാത്ത ചിക്കൻ കഷണങ്ങളാണ് ഞാൻ ഉപയോഗിക്കാറുള്ളത്. ഡ്രൈ ചില്ലി ചിക്കനും ഗ്രേവി ചില്ലി ചിക്കനും ഉണ്ട്. ഞാൻ ഇവിടെ വരട്ടിയ ചില്ലി ചിക്കനാണ് ഉണ്ടാക്കിയിരിക്കുന്നത്. അതിനു വേണ്ട സാധനങ്ങൾ എന്തൊക്കെയാണെന്നു നോക്കാം.
ചിക്കൻ എല്ലില്ലാത്തത്_500ഗ്രാം
മാരിനേറ്റ് ചെയ്യാൻ
തൈര്-2tsp
ഉപ്പ് പാകത്തിന്
മഞ്ഞൾപ്പൊടി-1/2tsp
കുരുമുളക് പൊടി-1/2tsp
ചോളപ്പൊടി-2tsp
ഗരംമസാലപ്പൊടി-1/2 tsp
ചുവന്ന മുളക്പൊടി-1/2 tsp
നാരങ്ങാനീര്-1tsp
വെളുത്തുള്ളി ഇഞ്ചി പേസ്റ്റ്-1/2 tsp
പാചകയെണ്ണ-2tsp
Food colour -1pinch ഒരു സ്പൂൺ വെള്ളത്തിൽ അലിയിച്ചത്.
വറുക്കാൻ
ഉള്ളി-ഒരെണ്ണം നീളത്തിൽ കനം കുറച്ചരിഞ്ഞത്
വെളുത്തുള്ളി ഇഞ്ചി പേസ്റ്റ്-1/2 tsp
കാപ്സിക്കം-ഒരെണ്ണം കനം കുറഞ്ഞരിഞ്ഞത്
പച്ചമുളക്-നാലെണ്ണം നീളതിൽ അരിഞ്ഞത്
വെളിച്ചെണ്ണ-4tsp
സോയ സോസ്,,-1/2 tsp
ചുവന്ന ചില്ലി സോസ്-1/2 tsp
പച്ച ചില്ലി സോസ്-1/2 tsp
തക്കാളി സോസ്-1/2tsp
മല്ലിയില അരിഞ്ഞത്
ഉണ്ടാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ ചിക്കൻ കഷണങ്ങളിൽ മാരിനേറ്റ് ചെയ്യിനുള്ള എല്ലാ സാധനങ്ങളും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് അര മണിക്കൂർ വയ്ക്കുക.
അരമണിക്കൂർ കഴിഞ്ഞ് കുറഞ്ഞ തീയിൽ ചിക്കൻ വേവിക്കുക. വെള്ളം മുഴുവൻ വറ്റണം.
ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി സവാള വഴറ്റുക
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് പച്ചമണം മാറുന്നതു വരെ വഴറ്റുക.
പച്ചമുളകും കാപ്സിക്കവും ചേർത്ത് കുറച്ചു നേരം വഴറ്റുക.
പാകമായ ചിക്കൻ, സോസുകൾ എന്നിവ ചേർത്തു വഴറ്റുക.
മല്ലിയില കൊണ്ടലങ്കരിച്ചു വിളമ്പാം.
ബിരിയാണി/നെയ്ചോറ്/ഫ്രൈഡ് റൈസ്/ചപ്പാത്തി എന്നിവയുടെ കൂടെ വിളമ്പാനുള്ള അടിപൊളി സൈഡ് ഡിഷ് തയ്യാർ.
ദീപ നായർ (deepz)
