എല്ലാവർക്കും നമസ്കാരം
ഇന്ന് വളരെ എളുപ്പത്തിൽ ആർക്കും ഉണ്ടാക്കാൻ സാധിക്കുന്ന ഒരു അച്ചാർ ആണ് വിഭവം. അച്ചാർ ഇഷ്ടമല്ലാത്ത ആരും ഉണ്ടാവില്ലല്ലോ. അതൊക്കെ തോന്നലാണ്. ഇഷ്ടമല്ലാത്തവരും ഉണ്ടന്നെ. കുരുമുളക് നാട്ടിൽ ഒട്ടുമിക്ക വീടുകളിലും ഉണ്ടാവാറുള്ളതാണല്ലോ. കുരുമുളക് കൊണ്ടൊരു അച്ചാർ. സാധാരണ അച്ചാർ ഉണ്ടാക്കുന്നതു പോലെ എണ്ണ, മുളകുപൊടി, ഉലുവപ്പൊടി ഒന്നും ആവശ്യമില്ല. തയ്യാറാക്കാൻ ഗ്യാസും സ്റ്റൗവും ഒന്നും വേണ്ട.
കുരുമുളകിന്റെ ഔഷധ ഗുണങ്ങൾ എല്ലാവർക്കുമറിയാമല്ലോ. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ, ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക്, ചുമ, ജലദോഷം മാറ്റാൻ ഒക്കെ കുരുമുളക് ഒറ്റമൂലി ആണ്. കറുത്ത പൊന്ന് എന്ന പേരിൽ അറിയപ്പെടുന്ന കുരുമുളകിന്റെ ഗുണങ്ങൾ ഇനിയുമിനിയുമനേകം.
സുഗന്ധ വ്യഞ്ജനങ്ങളിൽ രാജാവ് എന്നറിയപ്പെടുന്ന കുരുമുളക് ലോകത്തിലെ ഏറ്റവും പുരാതനമായ സുഗന്ധവ്യഞ്ജനമാണ്. നമ്മുടെ കേരളത്തിലെ സുപ്രധാന നാണ്യവിളകളിൽ ഒന്ന്. അതി പ്രാചീന കാലത്ത് ലോക ഭൂപടത്തിൽ പൊട്ടു പോലെ കിടക്കുന്ന നമ്മുടെ കേരളത്തെത്തേടി വിദേശികൾ എത്തിയത് കുരുമുളകിന്റെ ഉറവിടം അന്വേഷിച്ചായിരുന്നു. ലോക സഞ്ചാരിയായിരുന്ന മാർക്കോ പോളോയുടെ സഞ്ചാരക്കുറിപ്പിൽ നിന്നാണ് മലബാർ തീരമാണ് കുരുമുളകിന്റെ യഥാർത്ഥ ഉറവിടമെന്ന് അവർ മനസ്സിലാക്കിയത്.അവൻ ചില്ലറക്കാരനല്ല. കേരളത്തിന്റെ തലവര മാറ്റിയെഴുതിയവനാണ്.
കുരുമുളക് അച്ചാർ

ആവശ്യമുള്ള സാധനങ്ങൾ
🌻 കുരുമുളക് – 15 കുല
🌻 നാരങ്ങനീര് – ഒരു കപ്പ്
🌻 ഉപ്പ് പാകത്തിന്
🌻 ചീനി മുളക് – 3-4 എണ്ണം
ഉണ്ടാക്കുന്ന വിധം
🌻 കുരുമുളക് കുലയോടെ നന്നായി കഴുകി കോട്ടൺ തുണി ഉപയോഗിച്ച് വെള്ളം മുഴുവൻ തുടച്ചു കളഞ്ഞു രണ്ടു മൂന്ന് കഷണമാക്കുക.ഒരു കുപ്പിയിൽ നിരത്തി ചീനി മുളക് കീറിയതും പാകത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കുക. നാരങ്ങ നീര് ചേർത്ത് അടച്ചു വയ്ക്കുക. കുരുമുളക് മുങ്ങിക്കിടക്കണം. ഒരാഴ്ച കഴിഞ്ഞുപയോഗിക്കാം.സ്വാദിഷ്ഠമായ കുരുമുളക് അച്ചാർ ഒന്നുണ്ടാക്കി നോക്കി അഭിപ്രായം പറയൂ ട്ടോ. അപ്പോ അടുത്തയാഴ്ച കാണാം.🙏
NB : അധികം മൂക്കാത്ത കുരുമുളക് എടുക്കാൻ ശ്രദ്ധിക്കുക.
ദീപ നായർ (deepz)
*ചീനിമുളക് എന്ന് പറയുന്നത് കാന്താരി മുളകാണ്