തയ്യാറാക്കിയത്: ദീപ നായർ, ബാംഗ്ലൂർ
എല്ലാവർക്കും നമസ്കാരം
നിങ്ങൾക്കെല്ലാവർക്കും കറുമുറെ കൊറിക്കാൻ ഇഷ്ടമല്ലെ. ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാവില്ല ല്ലേ. പ്രത്യേകിച്ച് വീട്ടിൽ കുട്ടികളുണ്ടെങ്കിൽ അവർക്ക് കൊടുക്കാൻ വേണ്ടി ഇങ്ങനെയുള്ള എന്തെങ്കിലും ഉണ്ടാക്കും അല്ലെങ്കിൽ വാങ്ങിക്കും, അല്ലെ.
ഇന്ന് ഞാനൊരു കറുമുറെ കൊറിക്കാൻ പറ്റുന്ന പലഹാരത്തിൻറെ പാചകവിധിയുമായാണ് വന്നിരിക്കുന്നത്. പാലക്കാട് സ്പെഷ്യൽ തേങ്ങാവട. പേരു പോലെ തന്നെ തേങ്ങയും അരിയും കൊണ്ടുണ്ടാക്കുന്ന തേങ്ങാവട.
ഈ പലഹാരവുമായും അമ്മമ്മയുടെ ഓർമ്മകൾ ബന്ധപ്പെട്ടു കിടക്കുന്നു. അമ്മമ്മ ഇടക്കിടെ ഉണ്ടാക്കാറുള്ള പലഹാരങ്ങളിലൊന്ന്. കട്ടിയിൽ അരച്ചുരുട്ടിയെടുത്ത മാവ് ഊൺതളത്തിലെ വലിയ ഊൺമേശയിൽ വിരിച്ചു വച്ചിരിക്കുന്ന മൽമൽ തുണിയിൽ വച്ച് കുറേശ്ശെയായി എടുത്ത് നാരങ്ങാ വലിപ്പത്തിലുള്ള ഉരുളകളാക്കി വയ്ക്കും. ഓരോന്നെടുത്ത് നടുവിലെ മൂന്ന് വിരലുകൾ കൊണ്ട് പതുക്കെ പരത്തും. അങ്ങനെയോരോന്നും ചെയ്യും. അധികമുള്ള വെള്ളം മൽമൽ തുണി വലിച്ചെടുക്കും. പരത്തി കഴിയാറാവുമ്പോൾ അമ്മയെ വിളിച്ചു പറയും.
“ബേബി, എണ്ണ വച്ചോളൂ”
പാകത്തിന് തീ കത്തിച്ച് ഉരുളിയിൽ എണ്ണ വച്ച് ചൂടാകുമ്പോൾ അഞ്ചാറ് തേങ്ങാവടയായി ഇട്ടു വറുത്തു കോരും.
അമ്മയും അമ്മമ്മയും മാറി മാറി അടുപ്പിൻ ചോട്ടിൽ നിന്ന് ഉണ്ടാക്കിയെടുക്കും. ഞങ്ങൾ രണ്ടു പേരും അങ്ങോട്ടുമിങ്ങോട്ടും വരുമ്പോഴും പോകുമ്പോഴും കൊറിച്ചു കൊണ്ടിരിക്കും.
ഈ പലഹാരത്തിന് ഒരു പ്രത്യേകതയുണ്ട്. ബേക്കറിയിൽ കണ്ടിട്ടേയില്ല. അന്യം നിന്നു പോകുന്ന ഒരു വിഭവമാണ്. രുചികരമാണ്. നമ്മുടെ വീട്ടിൽ ലഭ്യമായിട്ടുള്ള സാധനങ്ങൾ കൊണ്ട് പെട്ടെന്ന് ഉണ്ടാക്കാവുന്ന ഒരു വിഭവമാണ്. എല്ലാവർക്കും ഇഷ്ടപ്പെടുകയും ചെയ്യും.
ബ്രാഹ്മിൺസ് ഗ്രൂപ്പ് സംഘടിപ്പിച്ച മൽസരത്തിൽ എന്നെ വിജയിയാക്കിയത് ഈ പാചകക്കുറിപ്പും ഫോട്ടോകളുമാണ്.
തേങ്ങാവടയുണ്ടാക്കാൻ വേണ്ട സാധനങ്ങൾ ഇതൊക്കെയാണ്.
🌻പച്ചരി – 1കപ്പ്
🌻തേങ്ങ – 1/2 മുറി
🌻ഉപ്പ് – പാകത്തിന്
🌻മഞ്ഞൾപ്പൊടി – 1/4 ടീ സ്പൂൺ
🌻ജീരകം – 1/4 ടീ സ്പൂൺ
🌻കറുത്ത എള്ള് – 1/4 ടീ സ്പൂൺ
🌻തേങ്ങാപ്പാൽ/വെള്ളം ആവശ്യത്തിന്
🌻എണ്ണ വറുക്കാൻ ആവശ്യമായത്
🌻ഉണ്ടാക്കുന്ന വിധം
🌻അരി കഴുകി 4-5 മണിക്കൂർ കുതിർത്ത് വെള്ളം വാർത്തു വയ്ക്കുക.
🌻 അരിയും തേങ്ങ ചിരകിയതും ചേർത്ത് വെള്ളം/തേങ്ങാപ്പാൽ തളിച്ച് നല്ല കട്ടിയിൽ അരച്ചെടുക്കുക. നൂൽപ്പുട്ട് മാവിന്റെ പരുവം.
🌻മാവിലേക്ക് ഉപ്പും ഒരു നുള്ളു മഞ്ഞൾപ്പൊടിയും ജീരകവും എള്ളും ചേർത്ത് നന്നായി കുഴച്ചെടുക്കുക.
🌻 പരുത്തി തുണി വിരിച്ച് മാവ് ചെറിയ നാരങ്ങാ വലിപ്പത്തിലുള്ള ഉരുളകളാക്കി പപ്പട വലുപ്പത്തിൽ വിരലുകൾ കൊണ്ട് പരത്തി വയ്ക്കുക. വിരൽത്തുമ്പ് വെള്ളം നനച്ച് പരത്തിയാൽ ഒട്ടാതിരിക്കും. മാവിലുള്ള അധിക വെള്ളം തുണി വലിച്ചെടുക്കും.
🌻എണ്ണ ചൂടാക്കി രണ്ടു മൂന്നെണ്ണം വീതം ഇട്ട് സ്വർണ നിറമാകുമ്പോൾ കോരിയെടുത്ത് ഓട്ടപ്പാത്രത്തിൽ എണ്ണ വാർന്നു പോകാൻ വയ്ക്കുക.
🌻കുട്ടികൾ സ്കൂളിൽ നിന്നും വരുമ്പോൾ കൊടുക്കാൻ തേങ്ങാവട തയ്യാർ.
🌻 അരിപ്പൊടി കൊണ്ടും ഉണ്ടാക്കാം. ഇതേ അളവിൽ അരിപ്പൊടി തേങ്ങയും ചേർത്ത് നന്നായി അരച്ചെടുക്കുക. ബാക്കിയെല്ലാം മുകളിൽ പറഞ്ഞത് പോലെ.
അടുത്ത ആഴ്ച മറ്റൊരു വിഭവവുമായി വീണ്ടും കാണാം.🙏
ദീപ നായർ (deepz)