എല്ലാവർക്കും നമസ്‌കാരം
എല്ലാവരും സുഖമായിരിക്കുന്നു എന്നു വിശ്വസിക്കുന്നു. എന്തൊക്കെയുണ്ട് വിശേഷങ്ങൾ. നാട്ടിൽ നല്ല ചൂടു തുടങ്ങിയെന്നറിഞ്ഞു. അറുപതു വയസ്സിനു മുകളിലുള്ളവർക്കുള്ള കൊവിഡ് വാക്സിൻ റെജിസ്ട്രേഷനും ഇലക്ഷൻ ചൂടും സീറ്റ് തർക്കവും എല്ലാം തകൃതിയായി നടക്കുന്നത് ടിവി ഓൺ ചെയ്താൽ കാണാം. നാട്ടിലാണെങ്കിൽ രോഗികളുടെ എണ്ണം കൂടുതലാണ്.
ദോശ നമുക്കെല്ലാവർക്കും ഇഷ്ടമുള്ള ഒരു ഭക്ഷണമാണല്ലോ. മീശക്കാരൻ കേശവനു പോലും ദോശ തിന്നാനാശ. പിന്നെയാണോ നമ്മൾ ല്ലേ. തെക്കെ ഇന്ത്യയിൽ ഏറ്റവും പ്രസിദ്ധമായ ജനപ്രിയ ഭക്ഷണം വേറെയുണ്ടോന്നു സംശയമാണ്. ഒരുപാട് തരം ദോശ ഉണ്ട്. എഴുതിത്തുടങ്ങിയാൽ തീരില്ല അത്രയ്ക്കുണ്ട് ദോശവിശേഷങ്ങൾ. സിനിമയിലും സിനിമാഗാനങ്ങളിലും ആൾ താരമാണ്. “തട്ടിൽ കുട്ടി ദോശ, ദോസ നല്ലൊരു ദോസ വേണോ….” ഇതൊക്കെ ഓർമ്മയില്ലേ.
ഞങ്ങൾ ദോശയുണ്ടാക്കുന്നത് കനം കുറച്ച് പരത്തി മൊരിച്ചെടുത്താണ്.ചില സ്ഥലങ്ങളിൽ കട്ടിയിൽ പരത്താതെയാണ്. ഞങ്ങൾ അതിനെ ഊത്തപ്പം എന്നാണ് പറയുന്നത്. അതുപോലെ തന്നെ തമിഴ്നാട്, കർണ്ണാടക, ആന്ധ്ര എല്ലായിടത്തും ദോശ വ്യത്യസ്തമാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ജനപ്രിയതാരമാണ് ഡോസ (dosa).വിദേശരാജ്യങ്ങളിൽ രൂപത്തിൽ മാറ്റമില്ലാതെ ഭാവവ്യത്യാസങ്ങളോടെ-ന്യൂഡിൽസ് ദോശ, പാസ്ത ദോശ, ചോക്ലേറ്റ് ദോശ- ആടിത്തിമർക്കുന്നുണ്ട് താരം.
ഇടയ്ക്കിടെ മക്കൾക്കു വേണ്ടി ഉണ്ടാക്കാറുള്ള ഒരു ദോശയുടെ പാചകക്കുറിപ്പാണ് ഇന്ന് ഇവിടെ അവതരിപ്പിക്കുന്നത്. ദോശയും ഓംലെറ്റും വെവ്വേറെ കഴിച്ചല്ലേ ശീലം. ഒന്നിച്ചായാലോ, അങ്ങനെയൊരു തോന്നൽ . അടുത്ത ദിവസം തന്നെ ഉണ്ടാക്കി. സംഗതി സൂപ്പർ ഹിറ്റ്. ഇത്രയും വായിച്ചു ക്ഷീണിച്ചതല്ലേ. ഇനി ദോശയുണ്ടാക്കി കഴിക്കാം.
ദോശയ്ക്ക് ആവശ്യമായ സാധനങ്ങൾ
ദോശയരി/പച്ചരി – 3 കപ്പ്
പുഴുങ്ങലരി – 1കപ്പ്
ഉഴുന്നുപരിപ്പ് – 1/2 കപ്പ്
ഉലുവ – 1ടീ സ്പൂൺ
കടലപരിപ്പ് – 1 ടീ സ്പൂൺ
ഉപ്പ് പാകത്തിന്
വെള്ളം ആവശ്യത്തിന്
എണ്ണ
രണ്ടരിയും ഒന്നിച്ചാക്കി നന്നായി കഴുകി അഞ്ചാറു മണിക്കൂർ കുതിർക്കുക.
ഉഴുന്നുപരിപ്പ്, ഉലുവ,കടലപരിപ്പ് നല്ലതുപോലെ കഴുകി കുതിർക്കുക.
ആദ്യം ഉഴുന്ന് നല്ല മരത്തിൽ അരച്ചെടുക്കുക.
അരിയും മയത്തിൽ അരച്ചെടുക്കുക. ഒന്നിച്ചാക്കി പാകത്തിന് ഉപ്പു ചേർത്ത് നന്നായി ഇളക്കി എട്ടു മുതൽ പത്തു മണിക്കൂർ പുളിക്കാൻ വയ്ക്കുക.
ഓംലെറ്റ് ന് ആവശ്യമായ സാധനങ്ങൾ
മുട്ട – ഒരെണ്ണം
ഉപ്പ് പാകത്തിന്
ഉള്ളി – ചെറുത് ഒരെണ്ണം
പച്ചമുളക് – 1 എണ്ണം
ഇഞ്ചി – ഒരിഞ്ചു കഷണം
കുരുമുളക് പൊടി
എണ്ണ – 1 ടീസ്പൂൺ
ഉള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചെറുതായി മുറിച്ചതും മുട്ടയും ഉപ്പും ചേർത്ത് നന്നായി അടിച്ചു വയ്ക്കുക.
ദോശക്കല്ല് ചൂടാക്കി പാകത്തിന് പുളിച്ചു തയ്യാറായിട്ടുള്ള മാവ് ഒരു കയിൽ ഒഴിച്ചു കനം കുറച്ചു പരത്തി എണ്ണ തൂവി അടിച്ചു വച്ച മുട്ട ഒഴിച്ചു പരത്തി എണ്ണ തൂവി കുരുമുളക് പൊടി വിതറുക. അടിവശം മൊരിഞ്ഞു സ്വർണ്ണവർണ്ണത്തിലാവുമ്പോൾ മറിച്ചിടുക. കുറച്ചുനേരം കഴിഞ്ഞു ദോശക്കല്ലിൽ നിന്നും വാങ്ങി വിളമ്പാം. ചട്നി, സാമ്പാർ, ഉള്ളി ചമ്മന്തി കൂട്ടി കഴിക്കാം. നിങ്ങൾ ചെയ്തു നോക്കിയിട്ടുണ്ടോ എന്നറിയില്ല. ഇല്ലെങ്കിൽ ഉണ്ടാക്കി നോക്കൂ. നിങ്ങളുടെ വിലയേറിയ കമന്റുകൾ, വിമർശനങ്ങൾ ആണ് എനിക്ക് എഴുതാനുള്ള പ്രചോദനം.
അപ്പോ അടുത്തയാഴ്ച കാണും വരെ 🙏
ദീപ നായർ (deepz)