എല്ലാവർക്കും നമസ്‌കാരം
ഇഞ്ചിപ്പുളി, പുളീഞ്ചി, ഇഞ്ചിക്കറി എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ കറി സദ്യവിഭവങ്ങളിൽ മുഖ്യതാരമാണ്. ഇഞ്ചിപ്പുളി ഇല്ലാതെ എന്തു സദ്യ, അല്ലേ. നൂറ്റൊന്നു കറികൾക്ക് സമമാണ് ഇഞ്ചിപ്പുളി എന്നാണ് പഴമക്കാർ പറഞ്ഞിരുന്നത്. സമ്മിശ്രസമ്മേളന രസം തന്നെയാവും അങ്ങനെ പറയാൻ കാരണവും. ഇഞ്ചിപ്പുളി ഉണ്ടെങ്കിൽ കൂടുതൽ ഊണു കഴിക്കുന്നവരും ഇടയ്ക്കിടെ വിശക്കുന്നവരും നമുക്കിടയിലുണ്ട്. ഇത്രയും പറഞ്ഞപ്പോൾതന്നെ ഇഞ്ചിപ്പുളിയുടെ ഉപ്പും പുളിപ്പും മധുരവും എരിവും ചേർന്ന സ്വാദ് നാവിലൂറി വന്നില്ലേ. എന്നാൽ പിന്നെ ഉണ്ടാക്കിയാലോ.
🏵️ഇഞ്ചിപ്പുളി

🏵️ആവശ്യമായ സാധനങ്ങൾ
🍂പുളി-നാരങ്ങാവലുപ്പത്തിൽ
🍂വെള്ളം-ഒരു കപ്പ്
🍂വെളിച്ചെണ്ണ-നാലു ടീസ്പൂൺ
🍂കടുക്-ഒരു ടീസ്പൂൺ
🍂ഉഴുന്നുപരിപ്പ്-ഒരു ടീസ്പൂൺ
🍂ഉലുവപ്പൊടി-ഒരു നുള്ള്
🍂ഉണക്കമുളക്-ഒരെണ്ണം
🍂ഇഞ്ചി-50 ഗ്രാം
🍂പച്ചമുളക്-നാലെണ്ണം
🍂ഉപ്പ്-പാകത്തിന്
🍂മഞ്ഞൾപ്പൊടി-കാൽ ടീസ്പൂൺ
🍂മുളകുപൊടി-അര ടീസ്പൂൺ
🍂കറിവേപ്പില-ഒരു തണ്ട്
🍂ശർക്കര-ഒരു അച്ച്
🏵️തയ്യാറാക്കുന്ന വിധം
🍂വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ഉഴുന്നുപരിപ്പ്, ഉലുവപ്പൊടി ഇവ ചേർത്ത് മൂപ്പിക്കുക. അതിലേക്ക് ഇഞ്ചിയും പച്ചമുളകും ചെറുതായി മുറിച്ചത് ചേർത്ത് മൂത്ത മണം വരുന്നതുവരെ വഴറ്റുക. ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി ഇവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി പുളി പിഴിഞ്ഞ് ചേർക്കുക. നന്നായി തിള വരുമ്പോൾ തീ കുറച്ച് നന്നായി കുറുകി വരുമ്പോൾ ശർക്കര ചേർത്ത് ഒന്നുകൂടി കുറുക്കുക. കറിവേപ്പില ചേർത്തിളക്കി തീ ഓഫ് ചെയ്യുക. സ്വാദുള്ള ഇഞ്ചിപ്പുളി തയ്യാറായി. കുറേ ദിവസം കേടാകാതെ ഇരിക്കുന്ന കറിയാണിത്.
തയ്യാറാക്കിയത്: ദീപ നായർ(deepz)ബാഗ്ലൂർ✍