എല്ലാവർക്കും നമസ്കാരം
ദിവസങ്ങളും,ആഴ്ചകളും, മാസങ്ങളും കടന്നു പോകുന്നു. കുഞ്ഞൻകൊറോണ നമ്മളോടൊപ്പം കൂടിയിട്ട് ഒന്നര വർഷമാവുന്നു. അവൻ കൂടുതൽ ഊർജ്ജ്വസ്വലനായി സംഹാരതാണ്ഡവം ആടിക്കൊണ്ടിരിക്കുന്നു. ഭീതിയോടെ നാമെല്ലാവരും കൂട്ടിലകപ്പെട്ട മൃഗങ്ങൾ കണക്കെ. ഇനിയെന്ത് എന്ന ചോദ്യചിഹ്നം മുന്നിൽ തൂങ്ങിയാടിക്കൊണ്ട് നിൽക്കുന്നു. പഠിത്തമായാലും ജോലിയാലും ജീവിതമായാലും അനിശ്ചിതത്ത്വത്തിൽ. ആരും പരിഭ്രാന്തരാവാതിരിക്കുക. രോഗമുണ്ടെന്നു തോന്നിയാലുടനെ വൈദ്യപരിശോധന നടത്തി വേണ്ടതു ചെയ്യുക. കഴിയുന്നത്ര ശ്രദ്ധിക്കുക. സൂക്ഷിക്കുക.
ഇന്നൊരു ഉത്തരേന്ത്യൻ വിഭവമാണ് പരിചയപ്പെടുത്തുന്നത്. വൈകീട്ടൊക്കെ പുറത്തിറങ്ങുമ്പോൾ, വെറുതെ എന്തെങ്കിലും കൊറിക്കാമെന്നോ തോന്നുമ്പോൾ കഴിക്കാൻ പറ്റുന്ന ഒരു വിഭവം.
ആലൂടിക്കി ചാട്ട്

ഉരുളക്കിഴങ്ങ്-6 എണ്ണം
ഉപ്പ് പാകത്തിന്
മുളകുപൊടി-1tsp
മഞ്ഞൾപ്പൊടി-1/4 tsp
ചാട്ട് മസാല-1tsp
ജീരകപ്പൊടി-1tsp
ആംചൂർ-1tsp
മല്ലിയില കുറച്ച്
പുതിനയില കുറച്ച്
പച്ചമുളക്-4എണ്ണം
അവിൽപൊടിച്ചത്-1/4 കപ്പ്
റിഫൈൻഡ് ഓയിൽ-5ടേബിൾ സ്പൂൺ
ഉരുളക്കിഴങ്ങ് വേവിക്കുക. തൊലി കളഞ്ഞ് ഉടച്ചെടുത്ത് ഉപ്പും മറ്റെല്ലാ പൊടികളും മല്ലിയില പുതിനയില പച്ചമുളക് ചെറുതായി മുറിച്ചതും ചേർത്ത് നന്നായി കുഴക്കുക. അതിനുശേഷം അവിൽപൊടിച്ചത് ചേർത്ത് കുഴക്കുക. മീഡിയം സൈസ് ഉരുളകളാക്കി കൈയിൽ എണ്ണ തൊട്ട് ടിക്കി ഷേപ്പിൽ ആക്കി വയ്ക്കുക. നോൺസ്റ്റിക്ക് തവയിൽ ഒരു സ്പൂൺ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ നാലോ അഞ്ചോ ടിക്കികൾ വീതം വച്ച് തിരിച്ചും മറിച്ചുമിട്ട് വറുത്തെടുക്കുക.
ചാട്ടിന്
തൈര്
ഗ്രീൻ ചട്നി
സേവ്
ഉള്ളി
പച്ചമുളക്
ഒരു പിടി മല്ലിയില, അതിന്റെ പകുതി പുതിനയില നാലഞ്ചു പച്ചമുളകും രണ്ടല്ലി വെളുത്തുള്ളിയും പാകത്തിന് ഉപ്പും ചേർത്ത് മയത്തിൽ അരച്ചെടുക്കുക.പാത്രത്തിലാക്കി തൈര് ചേർത്ത് മിക്സ് ചെയ്യുക. ഗ്രീൻ ചട്നി തയ്യാർ.
ഒരു പ്ലേറ്റിൽ മൂന്നോ നാലോ ടിക്കി അടുക്കി വച്ച് ഗ്രീൻ ചട്നി ഒഴിക്കുക, പിന്നെ തൈര് ഒഴക്കുക. അതിനു മുകളിൽ ഉള്ളി,പച്ചമുളക്, സേവ് എന്നിവ കൊണ്ട് അലങ്കരിച്ചു സെർവ് ചെയ്യാം.
ദീപ നായർ (deepz)