തയ്യാറാക്കിയത്: ദീപ നായർ, ബാംഗ്ലൂർ
അട/ഇലയട/വൽസൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന നമ്മുടെ സ്വന്തം അടയാണ് ഇന്നത്തെ താരം. പേര് കേട്ടപ്പോൾ തന്നെ വായിൽ വെള്ളമൂറുന്നു ല്ലേ. ഉള്ളിൽ വയ്ക്കുന്ന പൂർണ്ണത്തിൽ ചെറിയ വ്യത്യാസങ്ങളൊഴിച്ചാൽ കേരളത്തിൽ എല്ലാവരും ഉണ്ടാക്കുന്ന ഒരു പലഹാരമാണ് അട. പരമ്പരാഗത പലഹാരം. പ്രാതലായും നാലു മണി പലഹാരമായും കഴിക്കാം. തയ്യാറായ അട കാണാൻ തന്നെ നല്ല ചന്തമാണ്, അതിലേറെ രുചിയും.
വെണ്ണ/നെയ്യ് തേച്ച ഇലക്കഷണത്തിൽ ഒരുരുള മാവെടുത്ത് കൈ കൊണ്ട് പരത്തി ശർക്കരയും തേങ്ങയും നിരത്തി മടക്കി ആവിയിൽ വേവിച്ചെടുത്ത അട കഴിച്ചാലുണ്ടല്ലോ, ചുറ്റുമുള്ളതൊക്കെ കാണാനും പറ്റും, കൂടെ നല്ല രുചിയും ആസ്വദിക്കാം.
ഉള്ളിൽ വയ്ക്കുന്ന പൂർണ്ണം ശർക്കരയും തേങ്ങയും മാത്രമാവാം. കൂടെ നേന്ത്രപ്പഴം ചേർക്കാം.ചക്കവരട്ടി കൈയിൽ ഉണ്ടെങ്കിൽ അതു ചേർത്ത് ചക്കയട ഉണ്ടാക്കാം. ഹോ! പിന്നേം വായിൽ വെള്ളം.
ഓണത്തപ്പന് നേദിക്കാനുണ്ടാക്കുന്ന അട പൂവട എന്നറിയപ്പെടുന്നു. അരിപ്പൊടിയും പഞ്ചസാരയും നാളികേരവും ചേർത്ത് കുറച്ചു തുമ്പപ്പൂവും തൂവി ഉണ്ടാക്കുന്ന വെളു വെളുത്ത പൂവട. സൂപ്പർ ടേസ്റ്റാ ട്ടോ.
പിന്നെ, മധുരവും തേങ്ങയും ഇഷ്ടമല്ലാത്ത എനിക്ക് വേണ്ടി അമ്മമ്മ ഉണ്ടാക്കി തരുന്ന ഉപ്പട. ആലോചിക്കുമ്പോൾ കണ്ണീരുരുണ്ടു കൂടുന്നു.
ഇതു വായിക്കുന്ന നിങ്ങൾക്ക് തോന്നുന്നുണ്ടാവും “ഓ, നമ്മുടെ അടയെ പറ്റിയല്ലേ വിവരിക്കുന്നത്,ഞങ്ങൾക്കറിയാല്ലോ എന്ന്” ല്ലേ.
പുർണത്തിൽ കുറച്ചു വ്യത്യാസം വരുത്തി ഉണ്ടാക്കി.അതു നിങ്ങളുമായി പങ്കു വയ്ക്കുന്നു, അത്രേയുള്ളൂ. അപ്പോ നമുക്കിനി എന്തൊക്കെ സാധനങ്ങൾ വേണമെന്നു നോക്കാം.
സമയം 45 മിനിറ്റ്
4 പേർക്ക്
ആവശ്യമുള്ള സാധനങ്ങൾ
🌸 പൂർണ്ണം (ഫില്ലിംഗ്)
🌸വാഴയില
🌸നെയ്യ്/വെണ്ണ
🌸 വാഴയില ചതുരത്തിൽ/വട്ടത്തിൽ മുറിച്ച് നെയ്യ്/വെണ്ണ പുരട്ടി വയ്ക്കുക.
🌸 ശർക്കര/വെല്ലം-150 ഗ്രാം
🌸 വെള്ളം-2 ടീസ്പൂൺ
🌸 നാളികേരം-ഇഷ്ടാനുസരണം
🌸 ഏലയ്ക്ക പൊടിച്ചത്-1/4 ടീസ്പൂൺ
🌸 അണ്ടിപ്പരിപ്പ്-25 ഗ്രാം
🌸 മുന്തിരി-25 ഗ്രാം
🌸 ബദാം-25 ഗ്രാം
🌸 ഈന്തപ്പഴം-25 ഗ്രാം
🌸 ഉണ്ടാക്കുന്ന വിധം
🌸വെല്ലം 2 സ്പൂൺ വെള്ളം ചേർത്തുരുക്കി അരിച്ചു വയ്ക്കുക.
🌸ചുവടു കട്ടിയുള്ള പാത്രത്തിൽ ശർക്കര പാനി ഒഴിച്ച് ചൂടാകുമ്പോൾ ചെറുതായരിഞ്ഞ ഈന്തപ്പഴവും ബാക്കിയെല്ലാ ചേരുവകളും ചേർത്ത് നന്നായി ഇളക്കുക. പൂർണ്ണം തയ്യാർ. നല്ല കട്ടിയിൽ ആയിരിക്കണം.
🌸മാവിന്
🌸അരിപ്പൊടി-150 ഗ്രാം
🌸നെയ്യ്-1 ടീസ്പൂൺ
🌸 തിളച്ച വെള്ളം-ആവശ്യത്തിന്
🌸 അരിപ്പൊടിയും നെയ്യും ചേർത്ത് നന്നായി കൈ കൊണ്ട് ഒന്നിച്ചാക്കുക.
🌸 ആവശ്യത്തിന് വെള്ളം ചേർത്ത് മയത്തിൽ കുഴച്ചെടുക്കുക.
🌸കുഴച്ച മാവ് സമഭാഗങ്ങളാക്കുക.
🌸ഒരു കഷണം ഇലയിൽ മാവ് വിരലുകൾ കൊണ്ട് പരത്തി ഒരു ഭാഗത്ത് പൂർണ്ണം വച്ച് പതുക്കെ മടക്കുക.
🌸ആറു മിനിറ്റ് ആവിയിൽ വേവിക്കുക.
🌸 രുചിയൂറും അട റെഡിയായി.
ഇനിയുണ്ടാക്കുമ്പോൾ ഇതൊന്നു ചെയ്തു നോക്കൂ.
വേറൊരു വിഭവവുമായി അടുത്ത ആഴ്ച കാണാം.🙏