ഓഫീസിൽ പോകാൻ വൈകിയതു കാരണം ഞാനൊരൽപ്പം സ്പീഡിലായിരുന്നു ഡ്രൈവ് ചെയ്തതിരുന്നത്.പെട്ടെന്ന് പ്രതീക്ഷിക്കാതെ ഒരു ഒൻപത് വയസ്സുകാരൻ പയ്യൻ കൈയ്യിൽ കവറുമായി റോഡ് മുറിച്ച കടക്കാൻ എൻ്റെ വണ്ടിക്കുനേരെ ചാടി.
സകല ശക്തിയുമെടുത്ത് കാർ ചവിട്ടിയെങ്കിലും ചെറുതായിട്ട് അവനെ തട്ടിയിരുന്നു.അവൻ്റെ വീഴ്‌ചായും നിലവിളിയും കേട്ട് നാട്ടുകാർ എന്നെ വളഞ്ഞു.ഇതിനിടയിൽ മെല്ലെ ആ പയ്യൻ എഴുന്നേറ്റത് കണ്ടപ്പോൾ മനസിന് വല്ലാത്തൊരു ആശ്വാസം.
” പാവം ഒന്നും പറ്റിയില്ല “
പക്ഷെ നാട്ടുകാർ എന്നെ വിടാൻ തയ്യാറല്ലായിരുന്നു.അവർ കാറിൽ നിന്നിറങ്ങാൻ ബഹളം വച്ചു.ഒടുവിൽ രണ്ടും കൽപ്പിച്ച് കാറിൻ്റെ ഗ്ലാസ് താഴ്ത്തി.എക്‌സിക്യുട്ടീവ് ലൂക്കിലുള്ള എൻ്റെ വേഷം കണ്ടതുകൊണ്ടാവാം അവർ ശാന്തരായി. കൂടി നിന്നവർ എന്നോട് പറഞ്ഞു
” സാർ പോകണം ഇവിടെയൊക്കെ പിച്ചയെടുത്ത് നടക്കുന്നവന ”
നാട്ടുകാർ ആ..പയ്യന് നേരെ തിരിഞ്ഞു.അവനെ അവർ പലതും പറഞ്ഞു ഓട്ടിയ്ക്കാൻ ശ്രമിച്ചെങ്കിലും അവൻ അവിടെ നിന്നും പോകാൻ തയ്യാറല്ലായിരുന്നു.
” ഒടുവിൽ എന്നോട് സാർ പോകണമെന്ന് പറഞ് നാട്ടുകാർ പിരിഞ്ഞു.
കാർ മുന്നോട്ട് എടുക്കുന്നതിനിടയിൽ ആ പയ്യനെ ഞാൻ ശ്രദ്ധിച്ചിരുന്നു.അവൻ എൻ്റെ കാറിൻ്റെ വീലിൽ തന്നെ വേദനയോടെ നോക്കി നിൽപ്പുണ്ടായിരുന്നു.ഒരൽപ്പം മുന്നോട്ടു നീങ്ങിയ ഞാൻ കാറിൻ്റെ സെൻൻ്റെർ ഗ്ലാസ്സിലൂടെ നോക്കിയപ്പോൾ കണ്ട കാഴ്ച. കാറിൻ്റെ വീല് കയറിയിറങ്ങിയ അവൻ്റെ കയ്യിലിരുന്ന പൊതിച്ചോർ കണ്ണീരോടെ വാരി കവറിൽ ഇടുന്നതായിരുന്നു.
ആരുടെയൊക്കെയോ ഒരു നേരത്തെ വിശപ്പടക്കാനുള്ള അന്നമായിരുന്നുയെന്നുള്ള ഭാവം അവൻ്റെ മുഖത്ത് ഉണ്ടായിരുന്നു.ആ .. കാഴ്ച് എന്നെ വല്ലാതെ വേദനിപ്പിച്ചു.അന്നത്തെ ദിവസം ഓഫീസിലെ മീറ്റിങ് കഴിഞ്ഞു പെട്ടെന്നിറങ്ങിയ ഞാൻ ആ പയ്യനെ അന്വേഷിച്ചു പോയി.
കുറച്ചു നേരം അലഞ്ഞെങ്കിലും അവൻ്റെ കുടില് ഞാൻ കണ്ടെത്തി.ടാർപ്പ കൊണ്ട് കെട്ടിമറച്ച ഒറ്റമുറിയുള്ള ചെറിയൊരു കുടില്.ആരെയും വിളിച്ചിട്ടു പുറത്തേക്ക് കാണാത്തത് കാരണം ഞാൻ അകത്തേക്ക് കയറിച്ചെന്നു.രണ്ടു കട്ടിലുകളിലായി തളർന്നു കിടക്കുന്ന വൃദ്ധ ദമ്പതിമാരെ ഞാൻ കണ്ടു.
ഞാൻ ആരെന്നുള്ള ഭാവത്തിലുള്ള നോട്ടത്തിൽ നിന്നും മനസിലായി അവർക്ക് കാഴ്ചയുമില്ലെന്നുള്ള സത്യം.
എൻ്റെ കാലൊച്ച കേട്ടിട്ടായിരിക്കാം അവർ എന്നോട് ചോദിച്ചത് ആരെന്ന് ?
പക്ഷെ എനിക്കൊന്നും മിണ്ടാൻ കഴിഞ്ഞില്ല.അവിടെ ആരും ബോധം കെട്ടുവീഴുന്ന ദുർഗന്ധം തളം കെട്ടിനിന്നിരുന്നു.
പരിസരം വീക്ഷിക്കുന്നതിനിടെ ഞാൻ കണ്ടു അവൻ ചോറ് വാരിയിട്ട കവർ. ആ കവർ കാലിയായിരുന്നു.ആ ചോറായിരിക്കും അവർ കഴിച്ചതെന്നോർത്തപ്പോൾ എൻ്റെ മനസ് വിങ്ങിപൊട്ടി.അപ്പോഴേക്കും കയ്യിൽ ഒരുകുടം വെള്ളവുമായി അവൻ വന്നു.
എന്നെ കണ്ടതും ഷോക്ക് ഏറ്റ കണക്കെ അവൻ നിന്നു.അവൻ്റെ മുഖത്തേക്ക് നോക്കിയപ്പോൾ എനിക്ക് സങ്കടം താങ്ങാൻ കഴിഞ്ഞില്ല ഞാൻ പുറത്തേക്കിറങ്ങി എന്നോടൊപ്പം അവനും.
അവൻ എന്നോട് ചോദിച്ചു ; സാർ എന്താ വന്നത് ? സാറിന് വെള്ളം വല്ലതും കുടിക്കാൻ എടുക്കട്ടെ ?
വേണ്ടയെന്ന ഭാവത്തിൽ തലയാട്ടിക്കൊണ്ട് മനസ്സ് കേൾക്കാതെ ആ കവറിലേക്ക് ഞാൻ ഒന്നുകൂടെ നോക്കി.
എൻ്റെ നോട്ടത്തിൻ്റെ അർത്ഥം മനസിലാക്കിയതുകൊണ്ടാവാം അവൻ എന്നോട് പറഞ്ഞത്.
” ഇന്ന് വളരെ കഷ്ട്ടപ്പെട്ടിട്ടാ ഒരു പൊതിച്ചോറിനുള്ള പിച്ച കിട്ടിയത്,
ആ രണ്ട് വയറ് നിറയ്ക്കാൻ എനിക്ക് വേറൊരു മാർഗവും ഇല്ലായിരുന്നു സാർ.
അതുപറയുമ്പോൾ അവൻ്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു,എൻ്റേയും.ഞാൻ അവനോടു ചോദിച്ചു അകത്ത് കിടക്കുന്നത് നിൻ്റെ ആരാണെന്ന് അവൻ പറഞ്ഞു എൻ്റെ മുത്തച്ഛനും മുത്തശ്ശിയും ആണെന്ന്.ഞാൻ വീണ്ടും തിരക്കി നിൻ്റെ അച്ഛനും അമ്മയും ?
അച്ഛനും അമ്മയും ഉണ്ട് വേറെ വലിയൊരു വീട്ടില താമസം.മുത്തച്ഛനും മുത്തശ്ശിയ്ക്കും സുഖമില്ലാതെയയപ്പോൾ അവർക്ക് വച്ചുകൊടുത്ത വീടായിത്.
ഞാൻ ചോദിച്ചു നിൻ്റെ അച്ഛൻ്റെയും അമ്മയോടുമൊപ്പം നീ പോകാത്തതെന്തേയെന്ന് ?
അവർക്ക് എന്നെ കൂടാതെ വേറെ രണ്ടു മക്കൾ ഉണ്ട് സാർ. എൻ്റെ മുത്തച്ഛനും മുത്തശ്ശിയ്ക്കും വേറെ ആരും ഇല്ലല്ലോ ഒരു നേരത്തെ ഭക്ഷണം പോലും കൊടുക്കാൻ ?
അവൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഞാൻ കണ്ടു, ഒപ്പം എൻ്റേയും.
ഈ പ്രായത്തിൽ ഇത്രയും വലിയ മനസ്സിൻ്റെ ഉടമയുടെ അടുത്താണ് നിൽക്കുന്നതെന്നോർത്തപ്പോൾ സ്വയം അഭിമാനം തോന്നി എനിക്ക്.
അവനോടു നാളെ രാവിലെ ഞാൻ വരും നമുക്ക് ഒരിടം വരെ പോകണമെന്ന് പറഞ് ഞാൻ അവിടെ നിന്ന് യാത്രയായി.വരുന്ന വഴി ഞാൻ ശ്രദ്ധിച്ചത് റോഡിൻ്റെ ഇരുവശങ്ങളിലും മത്സരിച്ച് പടുത്തുയർത്തുന്ന ദേവാലയങ്ങളെക്കുറിച്ചാണ്.
ഞാൻ ചിന്തിച്ചു. ഇവിടെ കോടികൾ ചിലവാക്കുന്നത് എന്തിനായിരിക്കും ? ഈശ്വരനെക്കാളും വലിയ മനസ്സുള്ള ചെറിയ മനുഷ്യർ ഈ ഭൂമിയിൽ ജീവിച്ചിരിക്കുമ്പോൾ ?