Wednesday, October 9, 2024
Homeകഥ/കവിതബീ പ്രാക്ടിക്കൽ .... (നോവൽ:- അദ്ധ്യായം: പതിനേഴ്) ✍ സുരേഷ് തെക്കീട്ടിൽ

ബീ പ്രാക്ടിക്കൽ …. (നോവൽ:- അദ്ധ്യായം: പതിനേഴ്) ✍ സുരേഷ് തെക്കീട്ടിൽ

സുരേഷ് തെക്കീട്ടിൽ

ആര്യയുടെ അകാല വിയോഗം താങ്ങാൻ കഴിയുന്നതിലപ്പുറമുള്ള ആഘാതമാണ് ഞവരക്കാടിനുണ്ടാക്കിയത്. കാലം വേദനകളെ മായ്ക്കും എന്നാണല്ലോ പൊതുവേ പറയാറ്. എന്നാൽ പത്മനാഭ പണിക്കരിലും, ലക്ഷ്മിക്കുട്ടി ടീച്ചറിലുമെല്ലാം ആ വേദന വർദ്ധിച്ചു വരികയാണുണ്ടായത്. വയസ്സുകാലത്ത് നേരിടേണ്ടി വന്ന വലിയ ദുരന്തങ്ങൾ പണിക്കരിൽ വലിയ ചലനങ്ങളാണ് ഉണ്ടാക്കിയത്. അതു വരെയും പ്രായത്തിന്റെ ക്ഷീണം കാര്യമായി ബാധിക്കാതിരുന്ന അയാൾ അതോടെ തീർത്തും ദുർബലനായി. ശരീരം കൊണ്ടും മനസ്സുകൊണ്ടും.എങ്കിലും പിടിച്ചു നിൽക്കാൻ ആ അവസ്ഥ പുറത്ത് കാണിക്കാതിരിക്കാൻ അയാൾ ശ്രമിച്ചുകൊണ്ടിരുന്നു.

ലക്ഷ്മിക്കുട്ടി ടീച്ചർക്കാകട്ടെ പലപ്പോഴും ഓർമ്മകൾ നഷ്ടപ്പെടുന്ന അവസ്ഥയായി. പഴയ കാര്യങ്ങൾ പറഞ്ഞിരിക്കുക ആ കാലത്തിലെന്ന മട്ടിൽ പെരുമാറുക തുടങ്ങി താളം തെറ്റിയ മട്ടിൽ പ്രവർത്തിക്കും. പലപ്പോഴും ആര്യയെ വിളിക്കുക അവൾക്കിഷ്ടമുള്ള ഭക്ഷണമുണ്ടാക്കി വെക്കുക. ഓണത്തിന് അവൾക്ക് രണ്ട് ഉടുപ്പ് വാങ്ങണം എന്ന് പറയുക തുടങ്ങി അവരുടേതായ വേറൊരു ലോകം.

ചികിത്സക്കായി പലയിടത്തും കൊണ്ടുപോയി. മുൻകൈ എടുത്തത് ദേവാനന്ദൻ തന്നെ.

“കാര്യമായി കുഴപ്പമൊന്നുമില്ല. അസുഖം എന്നൊന്നും പറയാനുമാവില്ല. കുറെയൊക്കെ നമ്മൾ അഡ്ജസ്റ്റ് ചെയ്യുക മാനസിക പ്രയാസം വിഷമം അതൊക്കെ ഉണ്ടാക്കുന്ന ഒരു തരം.”
ഇതു പറഞ്ഞ ഡോക്ടറോട് “ഏത് തരം ” എന്ന് ചോദിച്ച് ദേവാനന്ദൻ ദേഷ്യപ്പെട്ടു.

“ഇതുപോലെയൊക്കെ തന്നെ വേറൊരു തരം ” എന്നായിരുന്നു ഡോക്ടറുടെ മറുപടി.

കൃത്യതയ്ക്കും, അച്ചടക്കത്തിനും വലിയ പ്രാധാന്യം നൽകിയ മികച്ച അദ്ധ്യാപിക, കുളി,വസ്ത്രധാരണം ഭക്ഷണ സമയം എല്ലാം ചിട്ടകൾ പാലിച്ച് കൊണ്ടു നടക്കുകയും എല്ലാവരേയും ആ ചിട്ടയിലൂടെ നടത്തുകയും ചെയ്തിരുന്ന വ്യക്തി. ഒരു പാട് പ്രത്യേകതകൾ ഉണ്ടായിരുന്നു ലക്ഷ്മിക്കുട്ടി ടീച്ചർക്ക് .ഞവരക്കാട്ടേക്ക് കല്യാണം കഴിച്ചു കൊണ്ടു വന്നത് പത്തൊമ്പതാം വയസ്സിൽ. ആറ് കൊല്ലങ്ങൾക്ക് ശേഷമാണ് സന്താനഭാഗ്യമുണ്ടായത്. അതു കൊണ്ടു തന്നെ ദേവാനന്ദൻ്റെ ജനനം ഞവരക്കാട്ട് വലിയ ആഘോഷമായിരുന്നു. വിവാഹം കഴിഞ്ഞു വന്നതിൻ്റെ അടുത്ത കൊല്ലം തന്നെ രാമൻകുട്ടിയെഴുത്തച്ഛന്റെ ഉടമസ്ഥതയിലുള്ള പാടാക്കര എ.യു.പി സ്കൂളിൽ അദ്ധ്യാപികയായ ലക്ഷ്മിക്കുട്ടി ടീച്ചർ പിന്നീട് മുപ്പത്തഞ്ച് കൊല്ലം പാടാക്കരയിലെ കുട്ടികളെ അക്ഷരങ്ങൾക്കൊപ്പം ചിട്ടയും ശീലവുംപഠിപ്പിച്ചു. അതിൽ തന്നെ പതിനേഴ് കൊല്ലം പ്രധാന അദ്ധ്യാപികയുമായിരുന്നു.. ആ കാലത്ത് സ്കൂൾ എല്ലാ തലങ്ങളിലും നിലവാരത്തിലെത്തിക്കാൻ നടത്തിയ ശ്രമങ്ങളൊക്കെയുംവിജയം കാണുകയും ചെയ്തിരുന്നു. സ്കൂൾ കൂടുവാനുള്ള ബെൽ അടിക്കുന്നതിനു അഞ്ച് മിനിട്ട് മുമ്പേ ഒരു ബെൽ മുഴങ്ങും. അതാണ് കരടു ബെൽ.ആ സമയം കുട്ടികൾ സ്കൂൾ മുറ്റത്തെകരടുകൾ പെറുക്കി മാറ്റണം. പ്രാർത്ഥന അസംബ്ലി ,പത്രത്തിലെപ്രധാന വാർത്ത വായനാ ,വാർത്ത ബോർഡിൽ വൃത്തിയായി എഴുതി പ്രദർശിപ്പിക്കൽ, തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധയോടെ നടത്തിക്കും. വസ്ത്രം വൃത്തിയായി ധരിക്കാൻ നിർബന്ധിക്കും. ഉപ്പ് മാവ് വിതരണം, സ്പോട്സ്, കലാമേള തുടങ്ങി സ്കൂളിൽ എല്ലായിടത്തും ടീച്ചറുടെ പൂർണ്ണ നേതൃത്വം ഉണ്ടാവും.സ്കൂൾ കോമ്പൗണ്ടിൽ നിൽക്കുന്ന വരിക്ക പ്ലാവുകളിൽ നിന്ന് ചക്കയിട്ട് പഴുപ്പിച്ച് ചുള പറിച്ച് വലിയ പാത്രത്തിൽ നിറച്ച് കുട്ടികളെ വരിവരിയായി നിർത്തി വിതരണം ചെയ്യുന്ന ഒരു രീതിയുണ്ടായിരുന്നു ടീച്ചർക്ക് .ഒരു തലമുറ മുഴുവൻ അതോർമ്മയിൽ കൊണ്ടു നടക്കുന്നുണ്ടിന്നും .നാവിൽ നിറയും ബാല്യകാല മധുരം എന്ന പേരിൽ അതിനെ കുറിച്ച് ടി.പി.മുരളി പാടാക്കര എഴുതിയിട്ടുണ്ടത്രേ പിന്നീട്.നമ്മള് കുട്ടികളെ അയച്ചാൽ മതി പല്ലുവരെ ടീച്ചർ തേപ്പിക്കും എന്ന് തമാശയായി നാട്ടുകാർ പറഞ്ഞിരുന്ന കാലം. എന്നാൽ അത് വെറുമൊരു തമാശയായിരുന്നില്ല താനും.

ടീച്ചർ വന്നു കയറിയ അവസ്ഥയിൽ നിന്നും ഞവരക്കാട് വളർന്ന് പൊങ്ങിയതും ആ പ്രാഗത്ഭ്യവും, കണക്കുകൂട്ടലുകളും വ്യക്തമായ കാഴ്ച്ചപ്പാടുകളും കൊണ്ടു തന്നെ. എല്ലായിടത്തും നോട്ടമെത്തുന്ന ശ്രദ്ധ പുലർത്തുന്ന ടീച്ചറുടെ ദീർഘവീക്ഷണം തന്നെയാണ് പത്മനാഭ പണിക്കർക്ക് എന്നും പിൻ ബലമായത്.

“വെറുതെ കിടക്കണ തൊടിയും കല്യാണം കഴിച്ചു കൊടുക്കാത്ത പെണ്ണും തറവാടിനു ശാപമാണ് എന്നാണ് പറയാറ്. ”

പണ്ടൊരിക്കൽ ലക്ഷ്മിക്കുട്ടി ടീച്ചർ പറഞ്ഞതിന് .ആര് എന്ന ചെറുചോദ്യം പണിക്കർ തിരിച്ചു ചോദിച്ചു. പിന്നെ ഒരു നേർത്ത ചിരിയോടെ ഉത്തരവും പണിക്കർ തന്നെ പറഞ്ഞു.

“കോട്ടലശ്ശേരി നാരായണൻ നായർ എന്ന മഹാ പണ്ഡിതനാവും.
അതിനാ സാദ്ധ്യത. അതാവും നിന്നെ എന്റെ തലയിൽ കെട്ടിവെച്ചത്.”

“അതോണ്ട് പ്പൊ എന്ത് കൊഴപ്പാണ്ടായത്. .
തലേൽ കെട്ടിവെക്കാൻ ഇത്രയും ബുദ്ധിയുള്ള തലയുമായി എന്തിനാ ആ വഴി വന്നത്. ഞങ്ങളാരും വിളിച്ചതല്ലല്ലോ. ഇനി അത് പോട്ടെ .നാരായണൻ നായരുടെ രണ്ടാമത്തെ മരുമകൻ കോട്ടലശ്ശേരിയിലെ തൊടി നേരെ കണ്ടിട്ടുണ്ടോ. ഇല്ലെങ്കിൽ ഇനി വരുമ്പോൾ ഭാര്യവീട്ടിൽ ഒരു നേരത്തെ ഭക്ഷണം മാത്രം എന്ന ആ ധാരണ മാറ്റി തിരക്ക് പിടിച്ച് ഓടാതെ സർക്കാർ ജോലിയുടെ ഗൗരവവും , ശ്വാസം പിടിയൊക്കെ ഒന്ന് ഒഴിവാക്കി ആ തൊടിയിലൂടെ ഒന്നു നടന്നു നോക്കൂ. അപ്പൊ അറിയാം. ഞങ്ങള് ആ സ്ഥലത്തു നിന്നുള്ള വരുമാനം കൊണ്ടൊക്കെ തന്നെയാ കഴിഞ്ഞിരുന്നത്.പ്പൊ കഴിയുന്നതും.ഇവിടെ ധാരാളം സ്ഥലമുണ്ട് .എന്നാൽ തൊട്ടാവാടിയും കൊടുത്തുവ്വയും ഇള്ളിപ്പട്ടിലുമൊക്കെയാണ് ഞവരക്കാട്ടെ പ്രധാന കൃഷി. അത് മാറ്റണം എന്നേ പറഞ്ഞുള്ളൂ. ”

തൊടിയിൽ പറ്റാവുന്ന ഭാഗത്ത് മുഴുവൻ തെങ്ങും കവുങ്ങും വെപ്പിച്ചതും വാഴ ചേന തുടങ്ങി കൃഷികൾ ചെയ്തു തുടങ്ങിയതും എല്ലാം ടീച്ചറുടെ താൽപ്പര്യപ്രകാരമാണ്.പിന്നെ പിഞ്ചുണ്ണി എഴുത്തച്ഛൻ കാര്യസ്ഥനായി വന്നു.ക്രമേണ ഞവരക്കാട് വളർന്നു.ദേവാനന്ദന് ജോലിയായി വലിയവളപ്പ് വാങ്ങി, ഒഴിഞ്ഞ സ്ഥലം വാങ്ങി റബ്ബർ വെച്ചു. പിഞ്ചുണ്ണി യ്ക്കുശേഷം ശങ്കരൻ കാര്യസ്ഥനായി എത്തി. ടൗണിൽ സ്ഥലമായി കടമുറികളായി, ആര്യാ ടാക്കീസായി അങ്ങനെയങ്ങനെ.
തന്റെ കുട്ടികളോട് നല്ല സ്നേഹവും വാത്സല്യ വുമൊക്കെയണ്ടെങ്കിലും അവരോടും അതേ ചിട്ട തന്നെയായിരുന്നു ടീച്ചർക്ക് .ആര്യയ്ക്കൊക്കെ മാലിനിയുമായി ഇത്രഅടുത്ത ബന്ധം വരാനുള്ള കാരണവും മറ്റൊന്നായിരിക്കില്ല.

എന്നാൽ ശരിയായ ഓർമ്മകൾ നഷ്ടപ്പെട്ടാൽ തീർത്തുംദയനീയമാണ് മനുഷ്യാവസ്ഥകൾ. അതെത്രപ്രഗത്ഭരായാലും . അവർ പറയുന്നതിന്റെ ഗൗരവം നഷ്ടപ്പെട്ട് കേൾക്കുന്നവർക്ക് തമാശകളായി മാറും. അത് സ്വാഭാവികമാണല്ലോ
ലക്ഷ്മിക്കുട്ടി ടീച്ചർക്ക് സംഭവിച്ചതും അതു തന്നെ.

രാമാനന്ദന് കല്യാണം നോക്കണം നിനക്ക് പരിചയത്തിലാരെങ്കിലുമുണ്ടാ എന്നൊക്കെ മാലിനിയോട് ചോദിച്ചാൽ മറ്റന്നാൾ ആര്യയുടെ കല്യാണമാണ് അതിനു മുമ്പ് രാമാനന്ദന് രണ്ട് ട്രൗസർ എടുക്കണം എന്നൊക്കെ പറഞ്ഞാൽ പിന്നെ കേൾക്കുന്നവരുടെ അവസ്ഥയെന്ത്.ഒരിക്കൽ ദേവാനന്ദനെ അച്ഛച്ഛാ എന്ന് ലക്ഷ്മിക്കുട്ടി ടീച്ചർ വിളിച്ചതു കേട്ട് ശ്രീക്കുട്ടൻ ചിരിച്ചു കൊണ്ടോടി.

ഏതായാലും ആര്യയുടെ മരണം മാനസികമായി തളർത്തിയ ടീച്ചർ പിന്നെ മൂന്നു വർഷം കൂടിയേ ഉണ്ടായുള്ളൂ.

എന്നും പിൻബലമായി നിന്ന ടീച്ചറും പോയതോടെ പത്മനാഭപ്പണിക്കർ ആകെ തളർന്നു. താമസിയാതെ കിടപ്പിലുമായി.ആ കിടപ്പ് അഞ്ചു വർഷം നീണ്ടു. രാമാനന്ദനും മാലിനിയും തന്നെയായിരുന്നു പരിചരിച്ചത്.
ദേവാനന്ദൻ രണ്ടോ മൂന്നോ മാസം കൂടുമ്പോൾ വരും അടുത്തു നിന്ന് “അച്ഛാ ” എന്ന് ഒരു വിളിക്കും. പണിക്കർ ഒന്നുമുളും. “ഉള്ളോർമ്മയുണ്ട് “എന്ന അഭിപ്രായം പറഞ്ഞ് ദേവാനന്ദൻ മുറിക്ക് പുറത്തുവരും.പിന്നെ വൈകീട്ട് മടങ്ങും അത്ര തന്നെ.

അച്ഛൻ അമ്മ ചേർത്തു നിർത്തുന്ന അടിസ്ഥാന ശിലകൾ നഷ്ടമായതോടെ ദേവാനന്ദന്റെ ഇടയ്ക്കെങ്കിലുള്ള വരവുകളും കുറഞ്ഞു. പാടാക്കരപാടമയാൾക്ക് കൃഷിസ്ഥവും, ഞവരത്തോട് കൃഷി നനയ്ക്കാനുള്ള ഒരു മാർഗ്ഗവും നടവരമ്പ് നടന്നു പോവാനുള്ള ഒരു സംവിധാനവും മാത്രമായിരുന്നു . നാടിനൊന്നുംഅയാളെ സ്വാധീനിക്കാൻ ഒരിക്കലും കഴിഞ്ഞിട്ടില്ല. പണിക്കരുടേയും, ടീച്ചറുടേയും മരണത്തോടെ പിന്നോട്ടു തിരിഞ്ഞു നോക്കിയല്ല മുന്നോട്ട് നടക്കേണ്ടത് എന്ന ദേവാനന്ദന്റെ ചിന്താഗതിയേയും പിന്നോട്ടു നോക്കാതെ മുന്നോട്ടു പോയിട്ടെന്തിന് എന്ന രാമാനന്ദന്റെ ചിന്താഗതിയേയും കൂട്ടി യോജിപ്പിച്ചു നിർത്താൻ പാലങ്ങളില്ലാതായി. പണിക്കരുള്ള സമയത്തു തന്നെ ആര്യാ ടാക്കീസ് പ്രവർത്തനം നിർത്തിയിരുന്നു. ആര്യയുടെ ഓർമ്മകൾക്കായി അതു തുടരുകയല്ല ചെയ്തത്അവളില്ലാതെ ഇനി അതു വേണ്ട എന്ന് നിശ്ചയിക്കുകയാണുണ്ടായത്.
അച്ഛന്റേയും അമ്മയുടേയും മരണശേഷം സ്വാഭാവികമായും വരുന്ന ചർച്ച ഞവരക്കാടും വന്നു. ഭാഗം വെക്കുകയാണെങ്കിൽ ശങ്കരന് കാര്യമായി എന്തെങ്കിലും നൽകണം എന്ന രാമാനന്ദന്റെ ഒരഭിപ്രായത്തിന്
“അതേതു നിയമപ്രകാരം ”
എന്ന് എന്ന മറു ചോദ്യമാണ് ദേവാനന്ദനിൽ നിന്നു വന്നത്.

“നിയമം വ്യാഖ്യാനിക്കാൻഇത് കോടതിയല്ലല്ലോ ”
എന്ന രാമാനന്ദന്റെ മറുപടി ദേവാനന്ദനെ ചൊടിപ്പിച്ചു.

“നീയെന്താ ഉദ്ദേശിച്ചത് മനസ്സിലായില്ല ”

ദേവാനന്ദന്റെ ശബ്ദം പൊങ്ങി.
“എട്ടൻ മനസ്സിലാക്കിയതു തന്നെ ”
എന്ന് ശബ്ദം ഒട്ടും കൂട്ടാതെ എന്നാൽ ഉറച്ച മറുപടി രാമാനന്ദനിൽ നിന്നു വന്നത് പ്രശ്നങ്ങളെ വഷളാക്കി. സൗഹൃദാന്തരീക്ഷം തകർന്നു തുടങ്ങുകയായിരുന്നു. അല്ലെങ്കിലുംചെറിയ ചെറിയ വാക്കുകളാണല്ലോ വലിയ മുറിവുകളായും തീർത്താൽ തീരാത്ത വാശികളായുമൊക്കെ രൂപപ്പെടുന്നത്. ഞവരക്കാട്ടും അതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. അതും യാതൊരു സ്വാർത്ഥ മോഹങ്ങളും ഇല്ലാതെ ഞവരക്കാടിനെ സ്നേഹിച്ച ആ തറവാടിന്റെ വളർച്ചയ്ക്കായി മാത്രം പ്രവർത്തിച്ച പ്രവർത്തിക്കുന്ന ശങ്കരൻ എന്ന സാധു മനുഷ്യന്റെ പേരിൽ തുടക്കം. അയാൾ അറിയുക പോലും ചെയ്യാതെ.

✍ സുരേഷ് തെക്കീട്ടിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments