തനിക്ക് കിട്ടിയ മാച്ച് ഫീ മുഴുവൻ ഇന്ത്യൻ സൈന്യത്തിന് കൈമാറുമെന്ന് ഇന്ത്യൻ നായകൻ സൂര്യ കുമാർ യാദവ്. ചാമ്പ്യന്മാരായ ടീമിന് ട്രോഫി നൽകാതിരിക്കുന്നത് ക്രിക്കറ്റ് കളിച്ചു തുടങ്ങിയ ശേഷമുള്ള ആദ്യ അനുഭവമെന്നും ഇന്ത്യൻ നായകൻ പറഞ്ഞു. ഇന്ത്യൻ ടീം ട്രോഫി അർഹിച്ചിരുന്നു.യഥാർത്ഥ ട്രോഫി ടീം അംഗങ്ങളും സപ്പോർട്ടിങ് സ്റ്റാഫും ആണെന്നു സൂര്യകുമാർ യാദവ് പറഞ്ഞു.
പാക് ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാനും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്‍റെ തലവനുമായ മൊഹ്‌സിൻ നഖ്‌വിയിൽ നിന്ന് ഏഷ്യാ കപ്പ് ട്രോഫി സ്വീകരിക്കാൻ ഇന്ത്യ വിസമ്മതിച്ചിരുന്നു. ഇന്ത്യൻ ടീം ട്രോഫി സ്വീകരിക്കാൻ വിസമ്മതിച്ചതോടെ അതുമായി മൊഹ്സിൻ നഖ്വി മുങ്ങി.നഖ്വിയിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ ആവില്ലെന്ന് ആയിരുന്നു ഇന്ത്യൻ നിലപാട്. ഇതോടെ ചുമതല മറ്റാർക്കും നൽകാതെ ട്രോഫിയുമായി നഖ്വി പോയി. നഖ്വിയുടെ നടപടിയിൽ ഐസിസി യോഗത്തിൽ പ്രതിഷേധം അറിയിക്കുമെന്ന് ബിസിസിഐ. പ്രതീകാത്മകമായി ട്രോഫി ഉയർത്തുന്നതായി കാണിച്ച് ഇന്ത്യൻ താരങ്ങൾ ആഘോഷിച്ചു.
ട്രോഫി സമ്മാനിക്കുന്ന ചടങ്ങ് തുടങ്ങാൻ ആശയക്കുഴപ്പം കാരണം ഒരു മണിക്കൂർ വൈകിയിരുന്നു. ചടങ്ങ് തുടങ്ങിയപ്പോൾ ഇന്ത്യൻ ടീം മെഡലുകൾ സ്വീകരിക്കാനോ ട്രോഫി ഏറ്റുവാങ്ങാനോ വേദിയിൽ എത്തിയില്ല. മൊഹ്‌സിൻ നഖ്‌വിയാണ് ട്രോഫി നൽകുന്നതെങ്കിൽ സ്വീകരിക്കാൻ ഇന്ത്യൻ ടീം എത്തിയേക്കില്ല എന്ന റിപ്പോർട്ട് നേരത്തെ തന്നെ പുറത്തുവന്നിരുന്നു. നഖ്‌വി വേദിയിലെത്തിയപ്പോൾ, ഇന്ത്യൻ ടീമിന്‍റെ നിലപാട് എസിസി അദ്ദേഹത്തെ അറിയിച്ചു. അതിനിടെ സംഘാടക സമിതിയിൽ നിന്ന് ആരോ ട്രോഫി മൈതാനത്ത് നിന്ന് നീക്കി.



