ഏഷ്യാ കപ്പിലെ സൂപ്പർ ഫൈനൽ ഇന്ന്. രാത്രി എട്ട് മണിയ്ക്ക് ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യ പാകിസ്താനെ നേരിടും. പോരാട്ട കണക്കിൽ ഇന്ത്യയ്ക്കാണ് മുൻതൂക്കം. ഈ ഏഷ്യാകപ്പിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ ഏറ്റുമുട്ടിയത് രണ്ട് തവണ. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ ഫോറിലും ജയം ഇന്ത്യയ്ക്കൊപ്പം നിന്നു. കലാശപോരിലും ഇന്ത്യ മറിച്ചൊന്ന് ചിന്തിയ്ക്കുന്നില്ല. അപരാജിതരായി ഏഷ്യാകപ്പ് ഉയർത്തുകയാണ് സൂര്യകുമാറിന്റെയും സംഘത്തിന്റെയും ലക്ഷ്യം.
ജസ്പ്രീത് ബുംറയും ഹർദിക് പാണ്ഡ്യയും കുൽദീപ് യാദവും നയിക്കുന്ന ബൗളിങ് യൂണിറ്റ് മികച്ച പ്രകടനമാണ് ടൂർണമെന്റിൽ ഉടനീളം കാഴ്ചവെച്ചത്. ആദ്യ ഓവറുകളിൽ വിക്കറ്റെടുക്കാൻ പേസർമാർക്കും മിഡിൽ ഓവറുകളിൽ റണ്ണൊഴുക്ക് തടഞ്ഞ് വിക്കറ്റുകൾ നേടാൻ സ്പിന്നർമാർക്കും കഴിയുന്നുണ്ട്. അഭിഷേക് ശർമയുടെ വെടിക്കെട്ട് തുടക്കം ഇന്ത്യയ്ക്ക് ടൂർണമെന്റിലുടനീളം മുൻ തൂക്കം നൽകി. അവസരങ്ങൾ ലഭിച്ചപ്പോഴൊക്കെ സഞ്ജു സാംസണും മികച്ച പ്രകടനം പുറത്തെടുത്തു
ഏഷ്യാകപ്പിലെ ആദ്യ കളിയിൽ 127 റൺസ് മാത്രമെടുത്ത പാക്കിസ്താനെതിരെ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം. രണ്ടാം മത്സരത്തിൽ പ്രകടനം മെച്ചപ്പെടുത്തിയെങ്കിലും പാക്കിസ്താൻ ആറ് വിക്കറ്റിന് പരാജയപ്പെട്ടു. സൂപ്പർ ഫോറിലെ ആവേശകരമായ മത്സരത്തിൽ ബംഗ്ളാദേശിനെ പതിനൊന്ന് റൺസിന് പരാജയപ്പെടുത്തിയാണ് പാകിസ്താൻ ഫൈനൽ ഉറപ്പിച്ചത്. സ്റ്റാർ ബൗളർ ഷഹീൻ ഷാ അഫ്രീദിയ്ക്കും റൗഫിനും സ്ഥിരത കണ്ടെത്താൻ സാധിയ്ക്കാത്തത് പാകിസ്താന് വെല്ലുവിളിയാണ്.
ഏകദിന-ടി ട്വന്റി ഫോർമാറ്റുകളിൽ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയത് 21 തവണ. ഇന്ത്യയ്ക്ക് 12 ജയം. പാകിസ്താന് ആറ്. മൂന്ന് കളികളിൽ ഫലമുണ്ടായില്ല. എട്ട് തവണയാണ് ഏഷ്യാകപ്പിൽ ഇന്ത്യ മുത്തമിട്ടത്. പാകിസ്താൻ രണ്ടു തവണയും. സൂപ്പർ സൺഡേയിലെ സൂപ്പർ പോരാട്ടത്തിൽ തീപാറുമെന്ന് ഉറപ്പ്.



