ഒക്ടോബര്‍ രണ്ടിന് ലഖ്നൗവില്‍ ആരംഭിക്കുന്ന ഓസ്ട്രേലിയ ‘എ’ ടീമിനെതിരായ രണ്ടാം ചതുര്‍ദിന ടെസ്റ്റില്‍ നിന്ന് പിന്‍മാറാനുള്ള കാരണം വ്യക്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രേയസ് അയ്യര്‍. കടുത്ത പുറംവേദന കാരണം തനിക്ക് കളിക്കാന്‍ ആകില്ലെന്നാണ് സെലക്ടര്‍മാരുടെ ചെയര്‍മാന്‍ അജിത് അഗാര്‍ക്കറെ താരം അറിയിച്ചിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായി വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരക്കും തനിക്ക് കളിക്കാനാകില്ലെന്ന് ശ്രേയസ് അയ്യര്‍ പറഞ്ഞതായാണ് വിവരങ്ങള്‍.
പുറംവേദന കാരണം കഴിഞ്ഞ സീസണില്‍ ചില ആഭ്യന്തര മത്സരങ്ങള്‍ ഉള്‍പ്പടെ മുംബൈയില്‍ നിന്നുള്ള ബാറ്റ്സ്മാന് നഷ്ടപ്പെട്ടിരുന്നു. നേരത്തെ ഇന്ത്യ ‘എ’ ടീമിനെ നയിച്ചിരുന്ന അയ്യര്‍ ‘വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി തന്റെ ക്യാപ്റ്റന്‍സി ചുമതലകള്‍ കൂടി ഉപേക്ഷിച്ച് മുംബൈയിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. നിലവില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ധ്രുവ് ജുറെലിനെയാണ് ക്യാപ്റ്റനായി തിരഞ്ഞെടുത്തിരിക്കുന്നത്.



