ഡ്യൂച്ചോ(ജർമനി)- ഫുട്ബോൾ ജീവിതത്തിൽ ഇത്രയേറെ നിരാശ തോന്നിയ ഒരു രാത്രി ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇന്നത്തേതുപോലെ മറ്റൊന്നുണ്ടാകാൻ വഴിയില്ല. യൂറോ കപ്പിൽ സ്ലൊവാകിയക്ക് എതിരായ പ്രീ ക്ര്വാർട്ടർ മത്സരത്തിന്റെ 105-മത്തെ മിനിറ്റ്. പോർച്ചുഗലിന് അനുകൂലമായ പെനാൽറ്റി. കിക്കെടുക്കുന്നത് ക്രിസ്റ്റ്യാനോ. പന്തിൽ ഉമ്മ വെച്ച് ക്രിസ്റ്റ്യാനോ എടുത്ത ഷോട്ട് പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് പറന്നെങ്കിലും സ്ലൊവോനിയൻ ഗോളി പറന്നുവന്ന് തട്ടിയകറ്റി. സ്ലൊവോനിയൻ താരങ്ങളുടെ ആഹ്ലാദങ്ങൾക്കിടയിലൂടെ കരഞ്ഞു കലങ്ങിയ കണ്ണുമായി വാവിട്ട് കരഞ്ഞ് ക്രിസ്റ്റ്യാനോ നടന്നുനീങ്ങി. മത്സരം എക്സ്ട്രാ ടൈമിന്റെ പാതി സമയത്ത് പിരിയുമ്പോഴും ക്രിസ്റ്റ്യാനോ കരയുന്നുണ്ടായിരുന്നു. ഫുട്ബോൾ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമോർത്ത്. ഒരിക്കലും മറക്കാനാകാത്ത സങ്കടത്തിന്റെ കരയിലിരുന്ന് അയാൾ കരഞ്ഞു.
ക്രിസ്റ്റ്യാനോയുടെ കരച്ചിലൊടുങ്ങാൻ സഹതാരങ്ങൾക്ക് അയാൾക്ക് സമ്മാനിക്കാനുണ്ടായിരുന്നത് വിജയം മാത്രമായിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ ആ വിജയം അവർ ക്രിസ്റ്റ്യാനോക്ക് സമ്മാനിച്ചു. സ്ലൊവോനിയയുടെ ഒരു പന്തു പോലും സ്വന്തം പോസ്റ്റിലേക്ക് കടത്താൻ അനുവദിക്കാതെ പോർച്ചുഗൽ ഗോളി പ്രതിരോധം തീർത്തു. പോർച്ചുഗൽ ജയത്തോടെ ക്വാർട്ടറിലേക്ക്.
പെനാൽറ്റി ഷൂട്ടൗട്ടിൽ ഏകപക്ഷീയമായ മൂന്നു ഗോളിനായിരുന്നു പോർച്ചുഗലിന്റെ ജയം. സ്ലൊവേനിയൻ താരം ജോസ് ജിസ്സിസിന്റെ ആദ്യത്തെ അടി ഗോളി കോസ്റ്റ തടുത്തിട്ടു. പോർച്ചുഗലിന് വേണ്ടി ആദ്യത്തെ ഷോട്ട് എടുക്കാൻ ക്രിസ്റ്റ്യാനോ. ആദ്യ പെനാൽറ്റിയിലെ പഴി ക്രിസ്റ്റ്യാനോ തീർത്തു. വലതുഭാഗത്തെ മൂലയിലേക്ക് പന്ത് പറന്നിറങ്ങി. സ്ലൊവോനിയയുടെ രണ്ടാമത്തെ കിക്കെടുത്ത ജൂറേ ബാൽക്കോവിന്റെ ഷോട്ടും പോർച്ചുഗൽ ഗോളി തടുത്തിട്ടു. പോർച്ചുഗലിന്റെ രണ്ടാമത്തെ കിക്ക് ബ്രൂണോ വക. ഗോൾ. സ്ലൊവാനിയയുടെ മൂന്നാം കിക്കും പോർച്ചുഗൽ ഗോളി പറന്നിട്ട് തടുത്തു. വിജയം നിശ്ചയിച്ച മൂന്നാമത്തെ കിക്കും പോർച്ചുഗൽ താരം ബെർണാഡോ ഗോളാക്കി. മൈതാനം നിറഞ്ഞ സന്തോഷത്തിലൂടെ ക്രിസ്റ്റ്യാനോയും സംഘവും ആരാധകരെ വലംവെച്ചു. യൂറോ കപ്പിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ മൂന്നു ഗോളും സേവ് ചെയ്യുന്ന ആദ്യ ഗോളിയാണ് ഡീഗോ കോസ്റ്റ.
എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ പെപ്പെയുടെ കാലിൽനിന്ന് വഴുതിപ്പോയ പന്തുമായി സ്ലൊവേനിയൻ താരം മുന്നേറിയെങ്കിലും പോർച്ചുഗൽ ഗോളി ബോക്സിനകത്ത് വലവിരിച്ചുനിന്നു. ലോകകപ്പ് ഫുട്ബോളിന്റെ ഫൈനലിന്റെ അവസാന നിമിഷം അർജന്റീനയുടെ ഗോളി എമിലിയാനോ മാർട്ടിനെസ് രക്ഷപ്പെടുത്തിയ ഗോളിന്റെ അതേ രൂപഭാവങ്ങളുണ്ടായിരുന്നു ഈ രക്ഷപ്പെടുത്തലിനും.
രണ്ടാമത്തെ മിനിറ്റിൽ പോർച്ചുഗലാണ് ആക്രമണം തുടങ്ങി വെച്ചത്. സ്ലോവേനിയയുടെ ബോക്‌സിലേക്ക് എത്തിയ ക്രോസ് സ്ലൊവേനിയൻ ഗോളി ന്യൂനോ മെൻഡസ് കയ്യിലൊതുക്കി. നാലാമത്തെ മിനിറ്റിലായിരുന്നു പോർച്ചുഗലിന്റെ അടുത്ത ആക്രമണം. ബിജോൾ ബ്രൂണോ ഫെർണാണ്ടസിന് പന്ത് നൽകി. ബ്രൂണോയിൽനിന്ന് സിൽവവയിലേക്ക്. തിരിച്ചു വീണ്ടും ബ്രൂണേയിലേക്ക്. ചാട്ടുളി പോലെ ബ്രൂണേ തൊടുത്തുവിട്ട പന്ത് റൊണാൾഡോക്ക് മുകളിലൂടെ പറന്ന് ലിയോയുടെ അടുത്തെത്തി. ഈ ശ്രമവും ഗോളിൽ അവസാനിച്ചില്ല.
കളിയുടെ ആദ്യ മിനിറ്റുകളിൽ പോർച്ചുഗലിന്റെ അധീനതയിലായിരുന്നു പന്ത്. പത്താമത്തെ മിനിറ്റിൽ ലഭിച്ച കോർണർ സ്ലൊവേനിയൻ പ്രതിരോധത്തിൽ തട്ടി തകരുന്നു. പതിമൂന്നാമത്തെ മിനിറ്റിൽ ബെർണാഡോ സിൽവ തുടക്കം കുറിച്ച നീക്കവും ആരാധകർക്ക് പ്രതീക്ഷ നൽകിയെങ്കിലും ഗോൾ പിറന്നില്ല.
മത്സരം ആദ്യത്തെ ഇരുപത് മിനിറ്റോളം പിന്നിട്ടതോടെയാണ് സ്ലൊവേനിയ ആക്രമണം പുറത്തെടുത്തത്. ഇത് പലപ്പോഴും ഗോൾ മുഖത്ത് എത്തുകയും ചെയ്തു. ക്രിസ്റ്റ്യാനോ റൊണാൾഡോക്കും ഇന്നത്തെ മത്സരത്തിൽ നിരവധി അവസരങ്ങൾ ലഭിച്ചു. നിർണ്ണായകമായ സ്ഥലത്തുനിന്ന് ക്രിസ്റ്റ്യാനോ എടുത്ത ഫ്രീ കിക്കുകൾ സ്ലൊവേനിയൻ പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക് പോകുകയും ചെയ്തു. ആദ്യത്തെ തൊണ്ണൂറു മിനിറ്റിന്റെ അവസാന സമയത്ത് പോർച്ചുഗലിന് നിരവധി അവസരങ്ങൾ ലഭിച്ചു. മറുഭാഗത്ത് സ്ലൊവേനിയക്ക് ലഭിച്ച അവസരങ്ങൾ പോർച്ചുഗൽ താരം പെപ്പെ തകർത്തുകളഞ്ഞു.