Thursday, September 19, 2024
Homeകായികംഅഫ്ഗാനെ 56 റണ്‍സിന് ചുരുട്ടിക്കെട്ടി; ദക്ഷിണാഫ്രിക്ക ഫൈനലില്‍.

അഫ്ഗാനെ 56 റണ്‍സിന് ചുരുട്ടിക്കെട്ടി; ദക്ഷിണാഫ്രിക്ക ഫൈനലില്‍.

ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക ഫൈനലില്‍. സെമി ഫൈനല്‍ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചാണ് ദക്ഷിണാഫ്രിക്ക ഫൈനലില്‍ കയറിയത്. ഇന്ത്യ- ഇംഗ്ലണ്ട് സെമിഫൈനല്‍ മത്സരത്തിലെ വിജയിയാണ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ എതിരാളി.

സെമിയില്‍ ടോസ് നേടി ആദ്യ ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനെ 56 റണ്‍സിന് പുറത്താക്കിയാണ് ദക്ഷിണാഫ്രിക്ക അനായാസ വിജയം നേടിയത്. തുടക്കത്തില്‍ തന്നെ ഡി കോക്കിനെ നഷ്ടമായെങ്കിലും ഒന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ മാര്‍ക്രമും ഹെന്‍ട്രിക്‌സും ചേര്‍ന്ന് അനായാസമായി ലക്ഷ്യം മറികടക്കുകയായിരുന്നു. 8.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സ് ആണ് ദക്ഷിണാഫ്രിക്ക അടിച്ചുകൂട്ടിയത്

നേരത്തെ തുടക്കം മുതല്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ പ്രോട്ടീസ് ബൗളര്‍മാര്‍ക്ക് മുന്നില്‍ അഫ്ഗാന്‍ ബാറ്റര്‍മാര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല.ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്റെ തുടക്കം തകര്‍ച്ചയോയെടായിരുന്നു. ടീം സ്‌കോര്‍ നാലില്‍ നില്‍ക്കുമ്പോള്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. റഹ്മാനുള്ള ഗുര്‍ബാസിനെ മാര്‍കോ യാന്‍സന്‍ പുറത്താക്കി.

മൂന്ന് പന്ത് നേരിട്ട താരത്തിന് റണ്ണൊന്നുമെടുക്കാനായില്ല.
പിന്നാലെ ഗുല്‍ബാദിന്‍ നയ്ബിനേയും യാന്‍സന്‍ മടക്കി. എട്ട് പന്തില്‍ നിന്ന് ഒമ്പത് റണ്‍സാണ് നയ്ബിന്റെ സമ്പാദ്യം. അഫ്ഗാന്‍ ബാറ്റര്‍മാര്‍ നിരനിരയായി കൂടാരം കയറുന്നതാണ് ബ്രയാന്‍ ലാറ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പിന്നീട് കണ്ടത്. ഇബ്രാഹിം സദ്രാന്‍(2), മുഹമ്മദ് നബി(0), നങയാലിയ ഖരോട്ടെ(2) എന്നിവര്‍ നിരാശപ്പെടുത്തി. ഒരറ്റത്ത് ചെറുത്തുനില്‍പ്പിന് ശ്രമിച്ച അസ്മത്തുള്ള ഒമര്‍സായിയും മടങ്ങിയതോടെ അഫ്ഗാന്‍ തീര്‍ത്തും പ്രതിസന്ധിയിലായി. 12 പന്തില്‍ നിന്ന് 10 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. അഫ്ഗാന്‍ 28-6 എന്ന നിലയിലേക്ക് വീണു

എന്നാല്‍ കരിം ജാനത്തും റാഷിദ് ഖാനും പതിയെ അഫ്ഗാന്‍ സ്‌കോറുയര്‍ത്തി. ശ്രദ്ധയോടെ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ നേരിട്ട ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 50 ലെത്തിച്ചു. പത്താം ഓവര്‍ എറിയാനെത്തി തബ്രൈസ് ഷംസി അഫ്ഗാന് വീണ്ടും പ്രഹരമേല്‍പ്പിച്ചു. ഓവറില്‍ കരിം ജാനത്തിനേയും (8) പിന്നാലെയിറങ്ങിയ നൂര്‍ അഹമ്മദിനേയും(0) താരം മടക്കി. റാഷിദ് ഖാനും (8) പുറത്തായതോടെ അഫ്ഗാന്‍ 50-9 എന്ന നിലയിലായി. പിന്നാലെ 56 റണ്‍സിന് അഫ്ഗാന്‍ ഇന്നിങ്സ് അവസാനിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments