“എന്താ മാഷേ വീടെല്ലാം വെള്ളപൂശുന്നത്. എങ്കിലും പ്രത്യേകതയുണ്ടോ ?”
” ഏയ് അങ്ങനെ പ്രത്യേകിച്ചൊന്നുമില്ലടോ , ഒന്നുരണ്ട് കൊല്ലം കൂടുമ്പോൾ ഇത് ചെയ്യാറുള്ളതാണ്. കൊറോണയും സാമ്പത്തിക പ്രതിസന്ധിയും കാരണം അല്പം വൈകിയെന്ന് മാത്രം. ”
“ഓഹോ, ഞാൻ കരുതി പുതുവർഷത്തിൽ മാഷിന്റെ ജന്മദിനമാഘോഷമാക്കാൻ മകനും മകളുമെല്ലാം വരുണ്ടെന്ന് . ”
” അവരെല്ലാം വളരെ തിരക്കിലാണ് ലേഖേ. ഒന്നു ഫോൺ വിളിക്കാൻ പോലും നേരമില്ല. അത്രയും തിരക്കാണ് പലപ്പോഴും. അതുകൊണ്ടുതന്നെ മാസത്തിൽ ഒന്നോ രണ്ടോ തവണമാത്രമെ അവരെന്നെ ഫോൺചെയ്യാറുള്ളൂ.”
“മാഷിന്റെ മുഖം കാണുമ്പോൾത്തന്നെ അറിയാം, അവരെയെല്ലാം കാണാൻ പറ്റാത്തതിൽ വിഷമമുണ്ടെന്ന് ”
” ഒരു പ്രായംകഴിഞ്ഞാൽ സന്തോഷങ്ങളും ദു:ഖങ്ങളും നമ്മൾ ഉള്ളിൽത്തന്നെ ഒതുക്കുവാൻ ശീലിച്ചുതുടങ്ങണം. അല്ലെങ്കിൽ വാർദ്ധക്യത്തിൽ ഒറ്റപ്പെടൽ ഭവിക്കേണ്ടിവരുന്ന എന്നെപ്പോലുള്ളവർക്ക് അതൊരു വലിയ വേദനയായിരിക്കും. ”
” മാഷ് പറഞ്ഞത് ശരിയാണ് പക്ഷേ…”
“ലേഖ അവസാനം പറഞ്ഞ ‘പക്ഷേ,’ എന്നതിനൊപ്പം എല്ലാവർക്കും ഒരുപാട് ന്യായീകരണങ്ങളും വിശദീകരണങ്ങളും പറയാനുണ്ടാവും അതൊന്നും അവർ ചെയ്യേണ്ടതായ കടമകൾക്കും ഉത്തരവാദങ്ങൾക്കുമുള്ള പരിഹാരമാകുന്നില്ല കുട്ടീ. ”
” മക്കൾക്ക് ഇവിടേയ്ക്ക് വരാനല്ലെ സമയമില്ലാതുള്ളൂ മാഷിന് ഇടയ്ക്കെല്ലാം അവരുടെ അടുത്തേയ്ക്ക് പോകരുതോ ?”
” ലേഖയുടെ ചോദ്യം വളരെ ന്യായമാമാണ്. അവിടെയും ഒരു “പക്ഷേ,” പറയേണ്ടിവരും കാരണം . ജീവിതത്തിന്റെ നല്ലൊരു ഭാഗവും മക്കൾക്കുവേണ്ടി ജീവിച്ച എന്നെപ്പോലുള്ള ഏതൊരാളും വാർദ്ധക്യത്തിൽ അവർക്കൊരു ഭാരമാകുവാൻ ആഗ്രഹിക്കില്ല. മാത്രവുമല്ല നമ്മുടെ നാടും നാട്ടുകാരും കൂട്ടുകാരുമൊക്കെ ജീവിതത്തിൽ നമുക്കുലഭിക്കുന്ന അമൂല്യങ്ങളായ സമ്പത്താണ് . നാടിന്റെ ശാലീന ഭംഗിയും കുളിർക്കാറ്റും ഉപേക്ഷിച്ച് മണലാരണ്യത്തിന്റെ ചൂടുകാറ്റ് കൊള്ളാൻ തൽക്കാലം ഞാൻ ആഗ്രഹിക്കുന്നുമില്ല. അതുകൊണ്ടുകൂടിയാണ് മക്കൾ പലവട്ടം നിർബന്ധിച്ചിട്ടും ഞാൻ അവർക്കരികിലേക്ക് ചെല്ലാത്തത്. അവർക്ക് ഇവിടേയ്ക്ക് വരാം. എപ്പോൾ വന്നാലും അവരെ സ്വീകരിക്കുവാൻ ഞനും എന്റെ വീടും ഒരുങ്ങിത്തന്നെ നിൽക്കും. എന്റെ കാലം കഴിയുന്നതു വരെ . ”
റോബിൻ പള്ളുരുത്തി🖋️