വാർത്ത: സുനി ചാക്കോ, കുമ്പഴ
ന്യൂഡൽഹി: മലയാളികളുടെ പ്രിയങ്കരൻ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഇനി ഐപിഎൽ ടീം രാജസ്ഥാൻ റോയൽസിന്റെ നായകൻ. സമൂഹമാധ്യമത്തിലൂടെയാണ് രാജസ്ഥാൻ റോയൽസ് മാനേജ്മെന്റ് പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചത്. രാജസ്ഥാനെ ഇതുവരെ നയിച്ച സ്റ്റീവ് സ്മിത്തിന് നന്ദി അറിയിക്കുന്നതായും രാജസ്ഥാൻ റോയൽസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. യുഎഇ യിൽ നടന്ന കഴിഞ്ഞ ഐപിഎൽ 13–ാം സീസണിൽ രാജസ്ഥാൻ റോയൽസ് അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ടീമിൽ ഉൾപ്പെട്ടിരുന്ന 17 താരങ്ങളെ പുതിയ സീസണിലേക്ക് നിലനിർത്തുമെന്നും അവർ പ്രഖ്യാപിച്ചു.
രാജസ്ഥാൻ റോയൽസിനെ നയിക്കാനുള്ള ഈ പുതിയ ഉത്തരവാദിത്തം ബഹുമതിയായാണ് താൻ കാണുന്നതെന്ന് സഞ്ജു പ്രതികരിച്ചു. സഞ്ജുവിന്റെ വാക്കുകൾ
“രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായുള്ള നിയമനം യഥാർഥത്തിൽ ഒരു ബഹുമതി തന്നെയാണ്. എക്കാലവും എന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന ടീമാണിത്. ദീർഘകാലം ഈ ടീമിനായി കളിക്കാനുള്ള ഭാഗ്യം എനിക്കു ലഭിച്ചിട്ടുണ്ട്. ക്യാപ്റ്റനെന്ന നിലയിൽ ടീമിനൊപ്പമുള്ള പുതിയ വെല്ലുവിളികൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു”.
ടീമിനെ നയിച്ച ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിന് പകരക്കാരനായാണ് സഞ്ജുവിന്റെ നിയമിച്ചത് . ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളം ശക്തരായ മുംബൈ, ഡൽഹി ടീമുകളെ തകർത്തത് സഞ്ജുവിന്റെ ക്യാപ്റ്റൻസിയിലാണ്. ഹരിയാനയ്ക്കെതിരെ സഞ്ജു 51 റൺസ് നേടി, അവസാനം വരെ പൊരുതിയാണ് 4 റൺസിന് പരാജയം വഴങ്ങിയത്.