റിപ്പോർട്ട്: സുനിൽ ചാക്കോ, കുമ്പഴ
ചെന്നൈ: ഇന്ത്യ– ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിൽ ആർ. അശ്വിന്റെ അശ്വമേധം തുടരുന്നു. മൂന്നാം ദിവസമായ ഇന്ന് അശ്വിന് സെഞ്ചുറി. 134 പന്തുകളിൽനിന്നാണ് അശ്വിൻ തകർപ്പൻ സെഞ്ചുറി കരസ്ഥമാക്കിയത്.സ്പിൻ ബൗളറായ അശ്വിന്റെ കരിയറിലെ അഞ്ചാം സെഞ്ചുറിയാണിത്. ഇന്നലെ ഇംഗ്ലണ്ടിന്റെ 5 ബാറ്റ്സ്മാൻമാരെ അശ്വിൻ എറിഞ്ഞു പുറത്താക്കിയിരുന്നു.
രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 286 റൺസെടുത്തു എല്ലാവരും പുറത്തായി. ഇംഗ്ലണ്ടിന് 482 റൺസ് വിജയലക്ഷ്യം.ക്യാപ്റ്റൻ വിരാട് കോലി അർധസെഞ്ചുറി നേടി പുറത്തായി. 149 പന്തിൽ 62 റൺസെടുത്താണു കോലി മടങ്ങി. രോഹിത് ശർമ (26), ശുഭ്മാൻ ഗിൽ (14), ചേതേശ്വർ പൂജാര (7), ഋഷഭ് പന്ത് (8), അജിൻക്യ രഹാനെ (10), അക്സർ പട്ടേൽ (7), കുൽദീപ് യാദവ് (3), ഇഷാന്ത് ശർമ (7), മുഹമ്മദ് സിറാജ് (16) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനങ്ങൾ. മുൻ നിര ബാറ്റ്സ്മാൻമാർ പരാജയപ്പെട്ടിടത്തു ആദ്യം കൊഹ്‌ലിയുമായി നല്ല കൂട്ടുകെട്ടുണ്ടാക്കി, പിന്നെ വാലറ്റത്തുള്ളവരുടെ പിന്തുണയോടെയാണ് അശ്വിൻ സെഞ്ചുറി പൊരുതി നേടിയത്.
മൂന്നാം ദിനം ഒരു വിക്കറ്റ് നഷ്ടത്തിൽ 54 റൺസെന്ന നിലയിലാണു ഇന്ത്യ ബാറ്റിങ് തുടങ്ങിയത്. ഒരു റൺസ് മാത്രം കൂട്ടിച്ചേർത്ത് പൂജാര റൺഔട്ടായി. പിന്നാലെ രോഹിത്തും മടങ്ങി.ഒരുഭാഗത്തുനിന്നും വിരാട് കോലി പൊരുതുമ്പോഴും കൃത്യമായ ഇടവേളകളിൽ ഇന്ത്യയുടെ മൂന്നു വിക്കറ്റുകൾ വീഴുകയായിരുന്നു. ഇതോടെ സ്കോർ ആറിന് 106. പിന്നാലെയെത്തിയ അശ്വിൻ നിലയുറപ്പിച്ചതോടെ ഇന്ത്യൻ സ്കോർ 200 പിന്നിട്ടു. സ്കോർ 202 ൽ നിൽക്കെ വിരാട് കോലി പുറത്തായി. പിന്നെ അശ്വിന്റെ അശ്വമേധം തന്നെ ആയിരുന്നു. അശ്വിനും സിറാജും ചേർന്ന് ഇന്ത്യൻ സ്കോർ 250 കടത്തി.
രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് ഇപ്പോൾ തോൽവിയുടെ വക്കിലാണ്. 3 വിക്കറ്റ് അവർക്ക് നഷ്ടമായി. 3 ന് 53 എന്ന സ്കോറിലാണ് മൂന്നാദിനം ഇംഗ്ലണ്ടിന്റെ കളി അവസാനിച്ചത്. അവരുടെ 7 പേരെ കൂടി പുറത്താക്കാനായാൽ നിർണായകമായ ഈ ടെസ്റ്റിൽ ഇന്ത്യക്ക് വിജയിക്കാം. രണ്ട് ദിവസം അവശേഷിക്കുന്നു.