റിപ്പോർട്ട്: സുനിൽ ചാക്കോ, കുമ്പഴ
സിഡ്നി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നതിന് തൊട്ടുമുൻപ് ഇന്ത്യയുടെ ദേശീയ ഗാനത്തിനിടെ ദേശ സ്നേഹം തുളുമ്പി, വിടപറഞ്ഞ പിതാവിനെ ഓർത്ത് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ് കണ്ണീർ പൊഴിച്ചു .അതിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. സിറാജിനെ അഭിനന്ദിച്ചും, ആശംസ അറിയിച്ചും ആരാധകരും മുൻ താരങ്ങളും. ദേശീയഗാനം കേട്ട ഉടൻ തന്നെ സിറാജ് വികാരാധീനനാകുകയായിരുന്നു. അത് അവസാനിക്കാറാകുമ്പോൾ സിറാജിന്റെ കണ്ണ് നിറയുന്നതും അദ്ദേഹം കൈകൊണ്ട് കണ്ണുനീർ തുടയ്ക്കുന്നതും വീഡിയോയിൽ കാണാം. നിരവധിയാളുകളാണ് വീഡിയോയ്ക്ക് താഴെ സിറാജിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത് . യാഥാർത്ഥ രാജ്യസ്‌നേഹിയാണ് സിറാജ് എന്നാണ് ഭൂരിഭാഗം ആളുകളും കമന്റ് ചെയ്തിരിക്കുന്നത്.
സിറാജിന്റെ കരിയറിലെ രണ്ടാമത്തെ ടെസ്റ്റാണ് ഇന്ന് സിഡ്‌നിയിൽ നടക്കുന്നത്. മെൽബണിലെ രണ്ടാം ടെസ്റ്റിലായിരുന്നു സിറാജിന്റെ ടെസ്റ്റ് അരങ്ങേറ്റം. മൂന്നാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യയുടെ ദേശീയ ഗാനത്തിനിടെയാണ് സിറാജ് ദേശസ്നേഹം കവിഞ്ഞൊഴുകി കണ്ണീരൊഴുക്കിയത്. മൂന്നാം ടെസ്റ്റിൽ ആദ്യം ബൗൾ ചെയ്യേണ്ടി വന്ന ഇന്ത്യക്ക് ഡേവിഡ് വാർണറെ പുറത്താക്കി മത്സരത്തിലെ ആദ്യ വിക്കറ്റ് സമ്മാനിച്ചതും സിറാജ് തന്നെ. അഡ്‍ലെയ്ഡിൽ നടന്ന ആദ്യ ടെസ്റ്റിൽ മുഹമ്മദ് ഷമിക്കു പരുക്കേറ്റതു കൊണ്ടാണ് രണ്ടാം ടെസ്റ്റിൽ സിറാജിന്റെ അരങ്ങേറ്റം നടന്നത് . ആദ്യ ഇന്നിങ്സിൽ 2 വിക്കറ്റും, രണ്ടാം ഇന്നിങ്സിൽ 3 വിക്കറ്റും വീഴ്ത്തി താരം ആദ്യ ടെസ്റ്റ് തന്നെ ഗംഭീരമാക്കി.
സിറാജ് കരിയറിൽ ആദ്യമായി ഓസ്ട്രേലിയൻ പര്യടനത്തിലായിരിക്കുമ്പോളാണ് അദ്ദേഹത്തിന്റെ പിതാവ് മരിച്ചത്. എന്നാൽ നാട്ടിലേക്കു പിതാവിനെ കാണാൻ മടങ്ങാതെ ടീമിനൊപ്പം തുടരാനാണ് സിറാജ് തീരുമാനിച്ചത്.തന്റെ പിതാവിനോടുള്ള സ്നേഹം പോലെയാണ് തനിക്ക് തന്റെ രാജ്യത്തിന് വേണ്ടി കളിക്കുന്നത്: അതാണ് തന്റെ രാജ്യ സ്നേഹം എന്ന് അന്ന് സിറാജ് കാണിച്ചു തന്നു. ഇന്ന് ജയഹേ – ‘ഇന്ത്യ ജയിക്കട്ടെ’ എന്ന് മൈക്കിലൂടെ കേട്ടപ്പോൾ രാജ്യസ്നേഹം തുളുമ്പി സിറാജ് എന്ന ആ രാജ്യ സ്നേഹി പിതാവിനെയും, രാജ്യത്തെയും ഓർത്ത് ഒരു നിമിഷം കരഞ്ഞു. സിറാജ് ഒരു ക്രിക്കറ്ററായി കാണാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് ഓട്ടോ ഡ്രൈവറായിരുന്ന സ്വന്തം അച്ഛനായിരുന്നു.തനിക്കു ലഭിക്കുന്ന ഓരോ വിക്കറ്റും രാജ്യ സ്നേഹിയായ ആ മകൻ തന്റെ പിതാവിന്റെ ഓർമ്മക്ക് സമർപ്പിക്കുന്നു.