റിപ്പോർട്ട്: വിവേക് പഞ്ചമൻ
ചെന്നൈയിൽ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 317 റൺസിന്റെ വമ്പൻ വിജയം. വിജയലക്ഷ്യമായ 482 റൺസിനെതിരെ ബാറ്റേന്തിയ ഇംഗ്ലണ്ട് കേവലം 164 റൺസിന് പുറത്തായി. സ്പിന്നിനെ തുണച്ച പിച്ചിൽ അശ്വിനും അക്‌സർ പട്ടേലും ചേർന്നാണ് ഇംഗ്ലീഷ് നിരയെ ഛിന്നഭിന്നമാക്കിയത്.
രണ്ടാമിന്നിംഗ്‌സിൽ വെറും 54.2 ഓവറുകൾ മാത്രം പിടിച്ചുനിൽക്കാനെ ഇംഗ്ലണ്ടിനായുള്ളു. അക്‌സർ പട്ടേൽ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. അശ്വിൻ മൂന്നും കുൽദീപ് യാദവ് മൂന്നും വിക്കറ്റെടുത്തു. ഇംഗ്ലണ്ടിന്റെ പത്ത് വിക്കറ്റുകളും മൂന്ന് സ്പിന്നർമാർ കൂടിയാണ് പങ്കിട്ടെടുത്തത്.
മൊയിൻ അലി അവസാന നിമിഷം നടത്തിയ വെടിക്കെട്ട് മാത്രമേ ഇംഗ്ലണ്ട് നിരയിൽ എടുത്തുപറയാനുണ്ടായിരുന്നുള്ളു. 18 പന്തിൽ അഞ്ച് സിക്‌സും മൂന്ന് ഫോറും സഹിതം മൊയിൻ അലി 43 റൺസെടുത്തു. നായകൻ ജോ റൂട്ട് 33 റൺസും ഡാൻ ലോറൻസ് 26 റൺസുമെടുത്തു.
ടെസ്റ്റിൽ ഒന്നാമിന്നിംഗ്‌സിൽ ഇന്ത്യ 329 റൺസാണ് എടുത്തത്. ഇന്ത്യക്കായി രോഹിത് ശർമ സെഞ്ച്വറി നേടി. രഹാനെയും റിഷഭ് പന്തും അർധ സെഞ്ച്വറികൾ സ്വന്തമാക്കി. ഇംഗ്ലണ്ട് ഒന്നാമിന്നിംഗ്‌സിൽ 134 റൺസിന് പുറത്തായി. അശ്വിൻ അഞ്ച് വിക്കറ്റെടുത്തു
ഇന്ത്യ രണ്ടാമിന്നിംഗ്‌സിൽ 286 റൺസിന് എല്ലാവരും പുറത്തായി. അശ്വിന്റെ ക്ലാസിക് സെഞ്ച്വറിയും ഇന്നിംഗ്‌സിൽ പിറന്നു. വിരാട് കോഹ്ലി അർധ സെഞ്ച്വറി നേടി. ഇതോടെയാണ് ഇംഗ്ലണ്ടിന് മുന്നിൽ 482 റൺസിന്റെ വിജയലക്ഷ്യം ഇന്ത്യ വെച്ചതു. രവിചന്ദ്രൻ കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടു. നാല് ടെസ്റ്റ് സീരിയസ് പരമ്പരകൾ ഇന്ത്യ ഇംഗ്ലണ്ട് ഒന്നേ ഒന്നേ എന്ന വിധത്തിൽ നിൽക്കുകയാണ് മൂന്നാം ടെസ്റ്റ് ഈ വരുന്ന 24ന് അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തിൽ ഡേ നൈറ്റ് മത്സരം ആയിട്ടാണ് നടക്കുന്നത്.