വാർത്ത: സുനിൽ ചാക്കോ, കുമ്പഴ
മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ട്രോഫിയിലെ ആവേശപ്പോരാട്ടത്തിൽ വാങ്കഡെ സ്റ്റേഡിയത്തിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീനെ അനുസ്മരിക്കാൻ ഇതാ മലയാളി മുഹമ്മദ് അസ്ഹറുദീൻ. മറ്റൊരു പുതിയ മുഹമ്മദ് അസ്ഹറുദ്ധീൻ. അതും കേരളത്തിനായി ബാറ്റ് ചെയ്തു 37 ബോളിൽ സെഞ്ചുറി നേടി കേരളത്തിന്റെ കരുത്ത് അറിയിച്ചിരിക്കുന്നു.
അസാധ്യം എന്ന് തോന്നിച്ച കൂറ്റൻ സ്കോറിലേക്ക് , വമ്പൻമാരായ മുംബൈയ്ക്കെതിരെ കേരളത്തിന് തകർപ്പൻ ജയം നേടി കൊടുത്തത് കാസർകോടുകാരൻ മുഹമ്മദ് അസ്ഹറുദ്ദീൻ പുറത്താകാതെ നേടിയ 137 റൺസ്. മാൻ ഓഫ് ദി മാച്ചായി അസ്ഹറുദീൻ മിന്നിത്തിളങ്ങിയ ഈ മത്സരത്തിൽ എട്ടു വിക്കറ്റിനാണ് കേരളം മുംബൈയെ തകർത്തത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 196 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ 25 പന്തു ബാക്കിനിൽക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ കേരളം ലക്ഷ്യം കണ്ടു . തുടർച്ചയായ രണ്ടാം ജയത്തോടെ അങ്ങനെ ഗ്രൂപ്പിൽ കേരളം രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.
ഓപ്പണറായിറങ്ങിയ അസ്ഹറുദ്ദീൻ 54 പന്തിൽ ഒൻപത് ഫോറും 11 സിക്സും സഹിതമാണ് 137 റൺസ് എടുത്തത്. ഓപ്പണറായി കൂടെ ഇറങ്ങിയ റോബിൻ ഉത്തപ്പ 23 പന്തിൽ നാലു ഫോറോടെ 33 റൺസെടുത്തു. ക്യാപ്റ്റൻ സഞ്ജു സാംസൺ 12 പന്തിൽ നാലു ഫോറുകൾ സഹിതം 21 റൺസെടുത്ത് പുറത്തായി. സച്ചിൻ ബേബി ഏഴു പന്തിൽ രണ്ടു റൺസുമായി പുറത്താകാതെ നിന്ന് മുംബൈയെ പരാജയപ്പെടുത്തി.
ഐപിഎൽ താരങ്ങളായ തുഷാർ ദേശ്പാണ്ഡെ, അഥർവ അങ്കൊലേക്കർ, ഇന്ത്യയുടെ ദേശീയ ടീമിൽ കളിച്ചിട്ടുള്ള ധവാൽ കുൽക്കർണി, ശിവം ദുബെ തുടങ്ങിയവർ ഉൾപ്പെടുന്ന ബോളിങ് നിരയെയാണ് കേരള താരങ്ങൾ തകർത്തു വിട്ടു ഈ ആവേശ ജയം നേടി തന്നത്.
നേരത്തെ, മുംബൈ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ കളത്തിലിറങ്ങിയ ബാറ്റ്സ്മാൻമാരെല്ലാം തകർത്തടിച്ചു മുന്നേറിയാണ് കേരളത്തിനു മുന്നിൽ 197 റൺസിന്റെ പടുകൂറ്റൻ വിജയലക്ഷ്യമുയർത്തി.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തു . 31 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 42 റൺസെടുത്ത ആദിത്യ താരെയാണ് മുംബൈയുടെ ടോപ് സ്കോറർ.
കേരളത്തിനായി ജലജ് സക്സേന, കെ.എം. ആസിഫ് എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. അവസാന ഓവറിൽ രണ്ട് റൺസിന് മൂന്ന് വിക്കറ്റെടുത്ത ആസിഫാണ് മുംബൈ 200 കടക്കാത്തിരുന്നത്.
അസ്സലായി കളിച്ച അസ്ഹറുദീന് ഒരു റണ്ണിന് 1000 രൂപവച്ച് 1,37,000 രൂപ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. ക്രിക്കറ്റ് ആരാധകർക്ക് ഒരു മുഹമ്മദ് അസ്ഹറുദ്ദീനെ മാത്രം പരിചയമുണ്ടായിരുന്ന കാലം കഴിയുകയാണ്. ഇനി മലയാളിയായ കാസർകോടുകാരൻ മുഹമ്മദ് അസ്ഹറുദ്ധീന്റെ കാലം. ഒരു രാത്രിയിലെ ഒരൊറ്റ സെഞ്ചുറിയോടെ ഇനി സൂപ്പർതാരം.