17.1 C
New York
Thursday, August 11, 2022
Home Special 'വിശ്വസാഹിത്യത്തിലെ വിസ്മയങ്ങൾ' (14)

‘വിശ്വസാഹിത്യത്തിലെ വിസ്മയങ്ങൾ’ (14)

പ്രഭാ ദിനേഷ്

‘മലയാളി മനസ്സ് ‘ ന്റെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും ‘വിശ്വസാഹിത്യത്തിലെ വിസ്മയങ്ങൾ’ എന്ന പംക്തിയുടെ പതിന്നാലാം ഭാഗത്തിലേയ്ക്ക് സ്നേഹപൂർവം സ്വാഗതം🙏❤️🌹

വിശ്വപ്രസിദ്ധനായ ഇന്ത്യൻ സാഹിത്യകാരൻ രബീന്ദ്രനാഥ ടാഗോറിന്റെ “ദ പോസ്റ്റ് മാസ്റ്റർ” എന്ന വിഖ്യാതമായ ചെറുകഥയാണ് ഇന്നത്തെ സാഹിത്യരചന ആസ്വാദനത്തിലൂടെ അവതരിപ്പിക്കുന്നത്.

കൽക്കട്ടയിൽ നിന്നും ഉലാപ്പൂർ എന്ന ഗ്രാമത്തിലെ പുതിയ പോസ്റ്റ് ഓഫീസിൽ ജോലിക്കായി എത്തുന്ന പോസ്റ്റ് മാസ്റ്ററുടെ കഥയാണിത്. വളരെ ചെറിയ ഒരു ഗ്രാമമാണ് ഉലാപ്പൂർ എങ്കിലും അവിടെ ചെറിയൊരു നീലം ഫാക്ടറി ഉണ്ടായിരുന്നതിനാൽ ഗ്രാമം അത്യാവശ്യം ജനനിബിഡമായിരുന്ന പ്രദേശമാണ്. ഫാക്ടറി ഉടമ ഒരു വെള്ളക്കാരനായിരുന്നു. അയാളുടെ തന്നെ ശ്രമഫലമായി കമ്പനി ആവശ്യങ്ങൾക്ക് വേണ്ടി കൂടിയാണ് ഒരു പോസ്റ്റ് ഓഫീസ് സ്ഥാപിക്കപ്പെട്ടത്.

കൽക്കട്ടയിൽ നിന്നു വന്ന പോസ്റ്റ് മാസ്റ്റർക്ക് വിദൂരതയിൽ ഉള്ള ഇത്തരം ഒരു ഗ്രാമത്തിൽ വന്നുപെട്ടപ്പോൾ കരയ്ക്കു പിടിച്ചിട്ട മീനിന്റെ അവസ്ഥ പോലെയാണെന്നാണ് കഥാകൃത്ത് സൂചിപ്പിച്ചിരിക്കുന്നത്. ഒരു കൊടുങ്കാടിന് അരികിലൂടെ ഒഴുകുന്ന നേർത്ത അരുവിയുടെ കരയിൽ ഒരു ചെറിയ ഓട് പുരയാണ് അയാൾക്ക് താമസ സ്ഥലമായി കിട്ടിയത്. മൂന്നുവശവും നിബിഡമായ വനങ്ങളാൽ ചുറ്റപ്പെട്ട വിജനമായ ഒരു പ്രദേശം എന്നു പറയാം.

നീലം ഫാക്ടറിയിലെ തൊഴിലാളികൾക്ക് ഒഴിവ് സമയം കിട്ടിയിരുന്നില്ല. ഒരു വിധത്തിൽ പറഞ്ഞാൽ കൂടെ ജോലി ചെയ്യുന്ന സഹപ്രവർത്തകരോടു പോലും സംസാരിക്കാൻ സാധിക്കാത്ത വിധം തിരക്കിൽ വ്യാപൃതരായിരുന്നു അവർ. അപ്പോൾ പിന്നെ സംസാര തല്പരനായ ഒരു കൽക്കട്ടക്കാരനോട് അവരുടെ സമീപനം എങ്ങനെയായിരിക്കുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അവരെ സംബന്ധിച്ചിടത്തോളം അയാൾ പരിഷ്ക്കാരനായ ഒരു വിദേശി ആയിരുന്നു. അതുകൊണ്ട് തന്നെ അവിടെ താമസിക്കാൻ എത്തിയ അയാൾക്ക് സ്വയം ഒരു ഏകാന്തത അനുഭവപ്പെട്ടു.

മുഷിപ്പിക്കുന്ന ഏകാന്തതയിൽ നിന്നുള്ള വിമുക്തി എന്നോണം അയാൾ ഇടയ്ക്കിടെ ഇടയ്ക്കിടെ രണ്ടു വരി കവിതകൾ എഴുതാൻ സമയം കണ്ടെത്തി. മരങ്ങളുടെ ഇലയനക്കങ്ങളും, നോക്കെത്താ ദൂരത്ത് പഞ്ഞിക്കെട്ടു പോലെ തെന്നി നീങ്ങുന്ന മേഘങ്ങളും അയാളെ സന്തോഷിപ്പിച്ചു. അവയൊക്കൊ ഏകനായ തന്നെ സന്തോഷിപ്പിക്കൻ എന്തെക്കെയോ പറയുകയാണെന്ന തത്വശാസ്ത്രത്തിൽ അയാൾ സന്തോഷം കണ്ടെത്തി.

അയാളുടെ ശമ്പളം വളരെ തുച്ഛമായിരുന്നു. ആഹാരം അയാൾ തന്നെ പാചകം ചെയ്യണമായിരുന്നു. അതിൽ ഒരു പങ്ക് പോസ്റ്റ് മാസ്റ്റർ രത്തനും കൊടുക്കുമായിരുന്നു. രത്തൻ ആ ഗ്രാമത്തിലെ പതിമൂന്ന് വയസ്സുള്ള ഒരു അനാഥ പെൺകുട്ടിയായിരുന്നു. അവളെ കൊണ്ടു കഴിയുന്ന അല്ലറ ചില്ലറ ജോലികൾ ചെയ്ത് അയാളോടൊപ്പം ആ കുടിലിൽ കഴിയുകയായിരുന്നു അവൾ.

രാത്രികളിൽ നിബിഡമായ മുളങ്കാടിലേയ്ക്കു നോക്കുന്ന ഏതൊരു കവിയ്ക്കും ദലമർമ്മരങ്ങൾ കേൾക്കുമ്പോൾ പെരുവിരൽ തൊട്ട് പേടിച്ച് വിറയ്ക്കുകയും തണുത്തകാറ്റ് ശരീരമാസകലം ആഞ്ഞടിക്കുകയും ചെയ്യും. അപ്പോഴെല്ലാം പോസ്റ്റ് മാസ്റ്റർ വിളക്ക് കൊളുത്തുകയും ഉറക്കെ രത്തനെ വിളിച്ച് നീ അവിടെ എന്തെടുക്കുകയാണെന്ന് ചോദിക്കുകയും ചെയ്യാറുണ്ട്. രത്തൻ ആ വിളി പ്രതീക്ഷിച്ചു നില്ക്കുന്നതു പോലെ വാതിൽപ്പടിയിൽ വന്ന് എത്തി നോക്കി കൊണ്ട് ദാദാ എന്നെ വിളിച്ചോ എന്ന് ചോദിക്കും. അപ്പോഴും പോസ്റ്റ് മാസ്റ്റർ പഴയ ചോദ്യം ആവർത്തിക്കാറാണ് പതിവ്. മിക്കപ്പോഴും അടുപ്പ് കത്തിയ്ക്കാൻ പോവുകയാണ് എന്നായിരിക്കും രത്തന്റെ മറുപടി. അപ്പോൾ പോസ്റ്റ് മാസ്റ്റർ പറയും അടുപ്പ് പിന്നെ കത്തിയ്ക്കാം, ഇങ്ങോട്ട് വന്ന് എന്റെ ചുരുട്ടിന്റെ പൈപ്പ് കത്തിച്ചു കൊടുക്കാൻ. ഉടനെ തന്നെ രത്തൻ തീ കൊള്ളിയുമായി വന്ന് പൈപ്പിലെ പുകയില കത്തിച്ചു കൊടുക്കും. ഈ സമയത്താണ് അയാൾ ജോലി ഭാരത്തിന്റെ അസ്വസ്ഥത മറന്ന് അവളോട് സംസാരിക്കാൻ തുടങ്ങുന്നത്.

രത്തൻ നീ നിന്റെ അമ്മയെ ഓർക്കുന്നുണ്ടോ എന്ന് ഒരിക്കൽ ചോദിച്ചു. ഇരുവർക്കും ഓർമ്മകളെ പുതുക്കാനുള്ള ഒരു സന്ദർഭമായിരുന്നത്. രത്തന് തന്റെ മാതാപിതാക്കന്മാരോട് ഒപ്പമുള്ള ബാല്യകാലത്തെ കുറിച്ച് പകുതി ഓർമ്മകളെ ഉണ്ടായിരുന്നുള്ളൂ. കുട്ടികാലത്തെ പലതും മറന്നു പോയിരുന്നു. അവളുടെ പിതാവിന് അവളുടെ അമ്മയോടുള്ളതിനെക്കാൾ സ്നേഹം അവളോടായിരുന്നു എന്ന കാര്യം അവൾ ഓർമ്മിക്കാറുണ്ട്. പോസ്റ്റ് മാസ്റ്റർക്ക് ഒപ്പം താഴെയിരുന്ന് അച്ഛന്റെയും സഹോദരന്റെ ഒപ്പം മീൻ പിടിക്കാൻ പോയ കാര്യങ്ങളും വളരെ ഉത്സാഹത്തോടെ പറഞ്ഞു രസിക്കാറുണ്ട്. അത് പോലെ പോസ്റ്റ് മാസ്റ്റർ തന്റെ കുടിലിലെ ബഞ്ചിൽ ഇരുന്ന് അമ്മയെ കുറിച്ചും, സഹോദരിയെ കുറിച്ചും, മരിച്ചു പോയ അച്ഛനെ കുറിച്ചുമൊക്കൊ അവളോട് പറയാറുണ്ട്. അയാൾ ഓർമ്മകളാൽ വേട്ടയാടപ്പെട്ടിരുന്നു. പക്ഷെ അവയൊന്നും പങ്കു വയ്ക്കാനോ, പറയാനോ പറ്റിയൊരാളെ നീലം ഫാക്ടറിയിലോ, പോസ്റ്റ് ഓഫീസിലോ അയാൾ കണ്ടില്ല. തന്റെ ഓർമ്മകൾ മുഴുവൻ അയാളുടെ മുമ്പിലിരിക്കുന്ന ആ കുഞ്ഞ് പെൺകുട്ടിയോട് പങ്കു വയ്ക്കുമായിരുന്നു. രത്തനാകട്ടെ അയാളുടെ അച്ഛനെയും, അമ്മയെയും, സഹോദരിയെയും എല്ലാം അവളുടെ കൂടി ബന്ധുക്കൾ ആയി കണ്ടു. ആ കുഞ്ഞു ഹൃദയത്തിൽ അവരുടെ ചിത്രങ്ങൾ വരച്ച് നിറം കൊടുത്ത് സൂക്ഷിച്ചു.

ഒരു ഉച്ച നേരത്ത് പോസ്റ്റ് മാസ്റ്റർ പലതും ആലോചിച്ച് അലസമായി ഇരിക്കേ ഒരു ദീർഘ നിശ്വാസമെടുത്തിട്ട് രത്തനെ നീട്ടി വിളിച്ചു. പേര മരചുവട്ടിൽ പേരയ്ക്ക പറിച്ചു കഴുകുകയായിരുന്ന അവൾ ഓടിയെത്തി അയാളുടെ അടുത്തേയ്ക്ക് വന്ന് ദാദാ എന്നെ വിളിച്ചോ എന്ന് ഭയത്തോടെ ചോദിച്ചു. അപ്പോൾ പോസ്റ്റ് മാസ്റ്റർ അവളോട് പറഞ്ഞു ഞാൻ നിന്നെ അക്ഷരമാല പഠിപ്പിച്ചാലോ എന്ന്. അത് കേട്ട മാത്രയിൽ തന്നെ രത്തൻ സന്തോഷവതിയായി. അങ്ങനെ അന്ന് ഉച്ചമുതൽ അക്ഷരമാല പറഞ്ഞു കൊടുത്തു. കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ അവൾ സ്വരാക്ഷരങ്ങൾ ഹൃദിസ്ഥമാക്കുകയും, വ്യഞ്ജനാക്ഷരങ്ങളിലേയ്ക്ക് കടക്കുകയും ചെയ്തു.

ഉലാപ്പൂരിലെ കനത്ത മഴ ജനജീവിതം സ്തംഭിപ്പിച്ചു. കച്ചവടക്കാർ കടകൾ പൂട്ടി ചെറുതോണികളിൽ കച്ചവടം നടത്താൻ തുടങ്ങി. ഒരു ശക്തമായ പേമാരി ദിനത്തിൽ തന്റെ യജമാനന്റെ വിളിയ്ക്കായി രത്തൻ കാതോർത്ത് നിന്നെങ്കിലും വിളി വന്നില്ല. അവൾ തന്റെ പുസ്തകങ്ങളുമായി മാസ്റ്ററുടെ മുറിയിലേയ്ക്ക് ചെന്നപ്പോൾ വല്ലാതെ ക്ഷീണിച്ച് കിടന്നുറങ്ങുന്ന മാസ്റ്ററെ കണ്ടിട്ട് ഒച്ചയുണ്ടാക്കാതെ അവൾ പുറത്തേയ്ക്ക് തിരിച്ച് നടന്നപ്പോൾ മാസ്റ്റർ അവളെ ദയനീയമായി വിളിച്ചു പറഞ്ഞു, എനിക്ക് വയ്യ, ചൂടുണ്ടോ എന്ന് നെറ്റിയിൽ തൊട്ട് നോല്ക്കാൻ.രത്തൻ അവളുടെ കൈത്തലം പോസ്റ്റ് മാസ്റ്ററുടെ നെറ്റിയിൽ വച്ചു. സ്ത്രീത്വത്തിന്റെ ദയയും, കരുതലും പകർന്ന നേർത്ത ഒരു സ്പർശനം അയാൾക്ക് അനുഭവപ്പെട്ടു. കടുത്ത പനിയിലും, അലോസരപ്പെടുത്തുന്ന ഏകാന്തതയിലും അയാൾക്ക് ആ കൊച്ചു പെൺകുട്ടിയുടെ പരിചരണം വല്ലാത്ത ആശ്വാസം നല്കി. അവൾ തന്റെ അമ്മയോ, സഹോദരിയോ ഒക്കെയായി മാറി. രത്തൻ അവളെ കൊണ്ട് കഴിയുന്നത് പോലെ അയാളെ ശുശ്രൂഷിച്ചു. ഗ്രാമത്തിൽ പോയി വൈദ്യനെ വിളിച്ചു കൊണ്ടു വന്നു. വൈദ്യൻ കൊടുത്ത മരുന്നുകൾ കൃത്യമായി അയാൾക്ക് കൊടുക്കുകയും, കിടക്ക വൃത്തിയാക്കിയിടുകയും, കഞ്ഞി ഉണ്ടാക്കി കഴിപ്പിക്കുകയും, ഇടയ്ക്ക്ക്കൊ കുറവുണ്ടോ ദാദാ എന്ന് ചോദിച്ച് കൂടെ തന്നെ നിന്നു സഹായിക്കുകയും ചെയ്തു.

ആ പനിയിൽ നിന്നും രക്ഷപ്പെടാൻ മാസ്റ്റർക്ക് ആഴ്ചകൾ വേണ്ടി വന്നു. അയാൾ പിറു പിറുത്തു ഇനി എനിയ്ക്കു വയ്യ ഇവിടെ കഴിച്ചു കൂട്ടാൻ. ഉടൻ തന്നെ സ്ഥലം മാറ്റം വാങ്ങി നാട്ടിലേയ്ക്ക് പോകണം. അതിനായി കൽക്കത്തയിലെ ഓഫീസിലേയ്ക്ക് തന്റെ അനാരോഗ്യത്തെ കുറിച്ചും, താമസ സ്ഥലത്തെ സൗകര്യങ്ങളുടെ പോരായ്മകളെ കുറിയും വിശദമായ കത്തിലൂടെ അറിയിച്ചു.

പനിമാറിയപ്പോൾ രത്തൻ തന്റെ ഉത്തരവാദിത്വങ്ങളിൽ നിന്ന് പിന്മാറി പഴയതു പോലെ വാതിൽ പടിയിൽ ദാദയുടെ വിളിക്കായി കാത്തു നിന്നു. പോസ്റ്റ് മാസ്റ്റർ പഴയത് പോലെ അവളെ വിളിച്ചില്ല.

ദാദാ എന്തെക്കൊയോ ചിന്തിച്ച് പലപ്പോഴും കസേരയിൽ ഇരിക്കുന്നത് അവൾ വീക്ഷിച്ചു. തന്റെ കത്തിനുള്ള മറുപടി പ്രതീക്ഷിച്ചു ഇരിക്കുകയാണെന്നുള്ള കാര്യം രത്തനറിയില്ലായിരുന്നു. ദാദാ പഠിപ്പിച്ച പാഠങ്ങൾ വീണ്ടും വീണ്ടും ഉരുവിട്ടു കൊണ്ടേയിരുന്നു, ദാദാ വിളിച്ച് പഠിച്ചത് ചോദിക്കുമ്പോൾ നന്നായി പറയണമെന്ന ആഗ്രഹത്താൽ.

ഒരാഴ്ചയ്ക്കു ശേഷം ഒരു വൈകുന്നേരം അയാൾ അവളെ മുറിയിലേയ്ക്ക് വിളിച്ചിട്ട് മുഖത്തേയ്ക്ക് നോക്കാതെ പറഞ്ഞു ഞാൻ ദൂരത്തേയ്ക്ക് പോവുകയാണ് രത്തൻ, നാളെ രാവിലെയെന്ന്. എപ്പോൾ തിരിച്ചു വരുമെന്ന രത്തന്റെ മറു ചോദ്യത്തിന് അയാൾ അവളുടെ മുഖത്തേയ്ക്ക് നോക്കിയിട്ട് പറഞ്ഞു ഇനിയൊരിക്കലും തിരിച്ചു വരികയില്ലെന്ന്. അയാളുടെ സ്ഥലമാറ്റം അനുവദിക്കാത്തതിനാൽ ജോലി ഉപേക്ഷിച്ച് എന്നെന്നേയ്ക്കുമായി സ്വന്തം നാട്ടിലേയ്ക്ക് മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു അയാൾ.

ഏറെ നേരം ഇരുവരും ഒന്നും മിണ്ടാതിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ രത്തൻ എഴുന്നേറ്റ് അടുക്കളയിലേയ്ക്ക് പോയി തന്റെ ജോലികൾ ചെയ്യാൻ തുടങ്ങിയെങ്കിലും ഒന്നിനും ഒരുത്സാഹമോ വേഗതയോ ഉണ്ടായില്ല. ഒരുപാട് ചിന്തകൾ ആ കുഞ്ഞ് മനസ്സിലൂടെ കടന്നുപോയി. അത്താഴത്തിനു ശേഷം അവൾ ദാദയോട് ചോദിച്ചു ദാദാ പോകുമ്പോൾ എന്നെ കൂടി കൊണ്ടുപോകുമോ വീട്ടിലേയ്ക്ക് എന്ന്? പോസ്റ്റ് മാസ്റ്റർ ഉറക്കെ ചിരിച്ചിട്ടു പറഞ്ഞു നല്ല തമാശ എന്ന്. അവളുടെ വിഡ്ഢിത്വം എന്ന് തോന്നിയ വാക്കുകൾക്ക് അയാൾ കൂടുതലൊന്നും വിശദീകരിക്കാൻ നില്ക്കാത്തതിനാൽ ആ സംഭാഷണം അവിടെ അവസാനിച്ചു.

ആ രാത്രി മുഴുവൻ ദാദയുടെ പരിഹാസചിരി നിറഞ്ഞ വാക്കുകൾ ആയിരുന്നു അവളുടെ മനസിലേയ്ക്ക് തെളിഞ്ഞ് വന്നു കൊണ്ടിരുന്നത്. രാവിലെ തന്നെ അയാൾക്ക് കുളിയ്ക്കാൻ ഉള്ള വെള്ളം ചൂടാക്കി വച്ചിരിക്കുന്നത് അയാൾ കണ്ടു. എപ്പോൾ പോകുന്നുവെന്ന് ദാദയോട് അവൾ ചോദിച്ചില്ല.

കുളികഴിഞ്ഞ് വന്ന അയാൾ അവളെ വിളിച്ചു. ശബ്ദമുണ്ടാക്കാതെ രത്തൻ ദാദയുടെ അരികിലെത്തി. ശാന്തമായ മുഖഭാവത്തോടെ ദാദയുടെ മുഖത്തേയ്ക്ക് നോക്കിയപ്പോൾ അയാൾ പറഞ്ഞു ഞാൻ നിനക്ക് തരുന്നത് എന്താണെന്ന് അറിയാമോ എന്റെ ശമ്പളത്തിൽ യാത്രക്ക് ഉള്ള പണമൊഴിച്ചിട്ട് ബാക്കിയുള്ള പണമാണ്. സൂക്ഷിച്ച് വയ്ക്കണമെന്ന്. കൂട്ടത്തിൽ പുതിയതായി വരുന്ന പോസ്റ്റ് മാസ്റ്ററോട് നിന്നെ സംരക്ഷിയ്ക്കണമെന്ന് ഞാൻ പറഞ്ഞോളാമെന്നും…

അയാൾ വളരെ ദയാവായ്പോടെയാണ് ഇക്കാര്യം പറഞ്ഞതെങ്കിലും ആ കുഞ്ഞ് മനസ്സ് ഏറെ വേദനയോടെയാണ് അതു ശ്രവിച്ചത്. നേരത്തെ കുഞ്ഞ് കാര്യങ്ങൾക്കെല്ലാം അവളെ അയാൾ ശകാരിച്ചിരുന്നെങ്കിലും അപ്പോഴൊക്കെയുള്ള അവളുടെ സഹന ഭാവം അയാളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പക്ഷേ ഇത്തവണ അവളുടെ കണ്ണുകൾ ഈറനണിഞ്ഞു. എനിക്ക് വേണ്ട ആരെയും നിങ്ങൾ ഏർപ്പാട് ചെയ്യണ്ട എന്ന്, ഇത് കേട്ടപ്പോൾ മാസ്റ്റർ അന്ധാളിച്ചു പോയി. ഇങ്ങനെ ഒരു ഭാവത്തിൽ ഒരിക്കലും അയാൾ രത്തനെ കണ്ടിട്ടില്ല.

പുതിയ പോസ്റ്റ് മാസ്റ്റർ രാവിലെ തന്നെ എത്തിയിരുന്നു. അയാൾക്ക് ഉത്തരവാദിത്വങ്ങൾ കൈമാറിയിട്ട് പുറപ്പെടാൻ തയ്യാറായി. ഇറങ്ങുന്നതിന് മുമ്പ് ഒരിക്കൽ കൂടി രത്തനെ വിളിച്ചിട്ട് പറഞ്ഞു, ഞാൻ നിനക്ക് തരാൻ പോകുന്നത് എന്താണെന്നറിയാമോ? എന്റെ ശമ്പളത്തിന്റെ മുഴുവൻ തുകയിൽ യാത്രാ ചിലവിനുളള പൈസ കഴിച്ച് ബാക്കി തുകയാണ് തരുന്നത് എന്ന് പറഞ്ഞ് പണം അവളുടെ നേരെ നീട്ടി സൂക്ഷിച്ച് വയ്ക്കണമെന്ന് പറഞ്ഞു കൊണ്ട്. പെട്ടെന്ന് രത്തൻ മാസ്റ്ററുടെ കാല്ക്കൽ വീണ് കരഞ്ഞു കൊണ്ടു പറഞ്ഞു ദാദാ ഞാൻ അങ്ങേയ്ക്ക് വേണ്ടി എന്നും പ്രാർത്ഥിക്കും. എനിക്ക് വേറൊന്നും വേണ്ടാ എന്ന് പറഞ്ഞിട്ട് എഴുന്നേറ്റ് ദൂരെയ്ക്ക് ഓടി മറഞ്ഞു.

ഒരു ദീർഘ നിശ്വാസത്തോടെ പോസ്റ്റ് മാസ്റ്റർ ബാഗ് എടുത്ത് ബോട്ടിലേയ്ക്ക് കയറി. അപ്പോഴേയ്ക്കും മഴ പെയ്യാൻ തുടങ്ങിയിരുന്നു. ഏങ്ങലടിക്കുന്ന കുട്ടിയെ ഓർത്ത് അയാൾക്ക് ഹൃദയത്തിലെവിടെയോ കൊത്തിവലിയ്ക്കുന്ന ഒരു വേദന അനുഭവപ്പെട്ടു.തന്റെ മടിത്തട്ടിൽ വീണു വളർന്ന ആ പെൺകുഞ്ഞിന് വേണ്ടി ഭൂമി വിലപിക്കുന്നത് പോലെ ആകാശത്തിലെ നദിയിൽ നിന്നും ധാരമുറിയാതെ പെയ്യുന്ന മഴ എന്നാണ് കഥാകൃത്ത് വിവരിക്കുന്നത്.

യാത്രാമധ്യേ തിരികെ പോകണമെന്ന ഒരു ഉൾവിളി അയാൾക്ക് ഉണ്ടായി. ആരോരുമില്ലാത്ത അവളെ തനിയ്ക്ക് നാട്ടിലേയ്ക്ക് കൊണ്ടുപോകണമെന്ന തോന്നൽ. ശക്തമായ മഴയിൽ ബോട്ട് ഒരുപാട് ദൂരേയ്ക്ക് പോയിരുന്നു. താൻ ഒരിക്കലും തിരിച്ചു വരാനാകാത്ത ഗ്രാമം ഒരു പൊട്ടു പോലെ മാഞ്ഞു പോകുമ്പോൾ ദൂരെ ശ്മശാനത്തിന്റെ ഒരു നേർത്ത വര കാണുന്നത് പോലെ… കണ്ണീരോട് കൂടി ആ പെൺകുട്ടി ദാദാ എന്നെങ്കിലും തിരിച്ചു വരുമെന്ന പ്രതീക്ഷയുടെ ചെറിയൊരു തിരിനാളവുമായി കാത്തിരിക്കുന്നതോടെ കഥ പൂർണ്ണമാകുന്നു….

ഏകാന്തത അവസാനിപ്പിക്കാനുള്ള ഒരേയൊരു അവസരം പാഴാക്കിയ ഏകാന്തമായ രണ്ട് കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയുള്ള ടാഗോറിന്റെ ഇരുണ്ട കഥകളിലൊന്നാണ് “ദ പോസ്റ്റ് മാസ്റ്റർ ” രത്തനെ ഒഴിവാക്കാൻ പോസ്റ്റ് മാസ്റ്റർ തന്റെ സ്വന്തം നാട്ടിലേയ്ക്ക് മടങ്ങുന്ന സന്തോഷകരമായി അന്ത്യമായി വായനക്കാർക്ക് തോന്നിയേക്കാം. എന്നാൽ വിശ്വസാഹിത്യകാരൻ ഈ കഥാപാത്രങ്ങളിലൂടെ ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യത്ത ഭരണത്തിന്റെ കീഴിൽ ആധുനികത വികസിപ്പിച്ചെടുക്കുന്നതിലെ പരസ്പര ബന്ധങ്ങളെ കുറിച്ചുള്ള ഉപമയാണ് അവതരിപ്പിക്കുന്നത്.

കഥയുടെ അവസാനം വിദ്യാസമ്പന്നനായ പോസ്റ്റ് മാസ്റ്ററുടെ തത്വചിന്തയും, രത്തന്റെ വിദ്യാഭ്യാസമില്ലാത്ത നിഷ്ക്കളങ്കതയും തമ്മിലുള്ള വൈരുദ്ധ്യമാണ് വായനക്കാർക്ക് കാണാൻ കഴിയുന്നത്. ജീവിതം വേർപിരിയലുകളും, മരണങ്ങളും നിറഞ്ഞതിനാൽ രത്തനെ ഉപേക്ഷിക്കാനുള്ള പോസ്റ്റ് മാസ്റ്ററുടെ അശ്രദ്ധമായ തീരുമാനത്തോടെ, ഒരു ദിവസം അവൾക്ക് വേണ്ടി അയാൾ മടങ്ങിയെത്തുമെന്ന വ്യാമോഹപരമായ പ്രതീക്ഷയുമായി താരതമ്യപ്പെടുത്തുന്ന ദുരന്തമായി ചിത്രീകരിക്കപ്പെടുന്നു…

വിശ്വസാഹിത്യകാരന്റെ മറ്റൊരു കൃതിയുടെ ആസ്വാദനവുമായി അടുത്ത ലക്കം വീണ്ടും കാണം❤️💕💕💕

സ്നേഹപൂർവം
പ്രഭാ ദിനേഷ്✍️

Facebook Comments

COMMENTS

- Advertisment -

Most Popular

സൗദിയിൽ നാല് സാഹചര്യങ്ങളിൽ സ്പോൺസറുടെ അനുമതിയില്ലാതെ ഗാർഹിക തൊഴിലാളികൾക്ക് ഫൈനൽ എക്സിറ്റ് ലഭിക്കും

ഗാർഹിക തൊഴിലാളികൾക്ക് നാല് സാഹചര്യങ്ങളിൽ കഫീലിന്റെ അനുമതിയില്ലാതെ ഫൈനൽ എക്സിറ്റ് വിസ നേടുന്നതിനുള്ള സാഹചര്യങ്ങൾ സൗദി മാനവവിഭവശേഷി മന്ത്രാലയത്തിന്റെ പുതിയ പരിഷ്ക്കരണത്തിൽ ഉൾപ്പെടുന്നു. പ്രസ്തുത നാല് സാഹചര്യങ്ങൾ താഴെ വിവരിക്കുന്നു. 1. തൊഴിലാളിയും തൊഴിലുടമയും...

സാൻഫ്രാൻസിസ്കോ ഒഐ സിസി യൂഎസ്എ : സ്വാതന്ത്ര്യദിനാഘോഷവും പ്രവർത്തനോത്ഘാടനവും-ഓഗസ്റ്റ്   14 ന്

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) യൂഎസ്‌എ സാൻഫ്രാൻസിസ്കോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച്‌ വിപുലമായ രീതിയിൽ ആഘോഷ പരിപാടികൾ നടത്തും.     ഓഗസ്റ്റ്  14...

മുന്നറിയിപ്പില്ലാതെ സെൽഫോൺ എഫ്.ബി.ഐ. പിടിച്ചെടുത്തുവെന്ന് കോൺഗ്രസ് അംഗം

  പെൻസിൽവാനിയ : ചരിത്രത്തിലാദ്യമായി അമേരിക്കൻ മുൻ പ്രസിഡന്റിന്റെ വസതി എഫ്.ബി.ഐ. റെയ്ഡ് ചെയ്തതിന് അടുത്തദിവസം യു.എസ്. കോൺഗ്രസ് അംഗവും, ട്രമ്പിന്റെ ശക്തനായ അനുയായിയുമായ പെൻസിൽവാനിയ റിപ്പബ്ലിക്കൻ നേതാവ് സ്കോട്ട് പെറിയുടെ സെൽഫോണും എഫ്.ബി.ഐ....

67 ദിവസത്തെ ഇടവേളക്കുശേഷം ഡാളസ്സിൽ കനത്ത മഴ

ഡാളസ് : മഴ പൂർണ്ണമായും മാറിനിന്ന 67 ദിവസങ്ങൾക്കുശേഷം ഡാളസ് ഫോർട്ട് വർത്തിൽ ആഗസ്റ്റ് 10 ബുധനാഴ്ച കനത്ത മഴ ലഭിച്ചു. ഉണങ്ങിവരണ്ട പ്രദേശങ്ങളിലെല്ലാം കനത്ത മഴ ലഭിച്ചതു വരൾച്ചക്ക് അല്പം ആശ്വാസം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: