സ്വർണ്ണത്തിന്റെ മാറ്റു പോലെയാണ് മനുഷ്യന്റെ വ്യക്തിത്വം. തങ്കത്തിൽ ചേർക്കുന്ന ചെമ്പിന്റെ തോതനുസരിച്ച് സ്വർണ്ണത്തിന്റെ മാറ്റും അഥവാ കാരറ്റും മാറിമറിയുക സ്വാഭാവികം. ഒരാളുടെ ബാഹ്യസൗന്ദര്യത്തെക്കാൾ മഹിമ അയാളുടെ വ്യക്തിത്വത്തിന് നമ്മൾ നൽകാറുണ്ട്. അതിന്റെ പ്രധാനഘടകമായി പലപ്പോഴും പരിഗണിക്കുക ആ വ്യക്തിയുടെ വാക്കിന്റെ ദാർഢ്യതയാകാം. എന്തെല്ലാം മേന്മകൾ ഒരുവനുണ്ടായിരുന്നാലും, നൽകിയ വാക്കുകൾ അയാൾക്ക് പാലിക്കാൻ കഴിയുന്നില്ലെങ്കിൽ, അയാളെത്രതന്നെ സ്നേഹ സമ്പന്നനെന്നു ഭൂരിപക്ഷം പേരും പറഞ്ഞാലും, അയാളുടെ വ്യക്ത്വത്തിൻ്റെ മാറ്റ് അഥവാ മൂല്യം അറിഞ്ഞോ, അറിയാതെയോ അയാൾ തന്നെ ഇല്ലാതാക്കിയെന്നല്ലേ നമുക്ക് പറയാൻ കഴിയൂ.
വ്യക്തികളുടെ ഒരിക്കൽ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കുക എന്നതും വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അനേക നാളുകളിലൂടെ ഒരുവൻ നേടിയെടുത്ത വ്യക്തിത്വം നിമിഷനേരം കൊണ്ട് ഇല്ലാതാക്കാൻ കേവലം ഒരു വാഗ്ദാനലംഘനം തന്നെ അധികമാണ്. സ്വന്തം നാവുകൊണ്ട് ഒരു വ്യക്തി നമുക്ക് നൽകിയിയിട്ടുള്ള വാക്ക് കൃത്യം പാലിക്കുവാൻ അയാൾ ശ്രമിക്കുന്നുണ്ടെങ്കിൽ അത് അയാളുടെ വ്യക്തിത്വമേന്മയായി നമുക്ക് കാണാവുന്നതാണ്. മധുരം പുരട്ടിയ വാക്കുകൾ വാരിവിതറുകയും, പിന്നീട് അതൊന്നും തന്റെ ചുണ്ടിൽ നിന്ന് ഉതിർന്നവയല്ലെന്ന് ഭാവിക്കയും, നൽകിയ വാക്കുകൾ പാലിക്കാതിരിക്കുകയും ചെയ്യുമ്പോൾ എങ്ങനെയാകണം നാം അവരെ വിലയിരുത്തുക.സ്വന്തം വാക്കിന്റെ മൂല്യംതന്നെ മറന്നു പോകുന്ന ആളുകളെ വിശ്വസിക്കുവാൻ കൊള്ളാത്തവരുടെ ഗണത്തിൽ ചേർക്കാനല്ലേ ആർക്കും കഴിയുകയുള്ളൂ.
വാഗ്ദാനലംഘനം മാത്രമല്ല വ്യക്തിത്വശോഷണം വരുത്തുക. ചില രാഷ്ട്രീയ നേതാക്കൾ അവർ ഇന്നലെ പറഞ്ഞതൊക്കയും പൊതുവേദിയിൽ ഇന്ന് തള്ളിപ്പറയുകയും, അത് തങ്ങളുടെ നാക്ക് പിഴവായിരുന്നെന്ന് പറയുകയും ചെയ്യുമ്പോൾ, സ്വന്തം വ്യക്തിത്വമാണവിടെ നശിക്കുകയെന്ന സത്യവും അവർ മറന്നുപോകയല്ലേ. എത്രയോ കാലത്തെ പൊതു പ്രവർത്തനത്തിലൂടെ അവർ ആർജ്ജിച്ചെടുത്തതും, പൊതുജനം അറിഞ്ഞു നൽകിയതുമായ ആ സ്നേഹ-ബഹുമാനങ്ങൾ അസ്ഥാനത്തും അനവസരത്തിലുമുള്ള ചില വാക്ക് പ്രയോഗങ്ങളിലൂടെ, അവർ സ്വയമേവ ഇല്ലായ്മ ചെയ്യുകയല്ലേ. ഒരുവനിൽ ഉൾച്ചേർന്ന ജനിതക ഘടനയെ മാറ്റിമറിക്കാൻ ഒരുപരിധി വരെ മാത്രമേ ശാസ്ത്രത്തിനു പോലും കഴിയൂ. ‘ജാത്യാലുള്ളത് തൂത്താൽപ്പോവുകയില്ലല്ലോ!’
സത്യം അതെങ്കിൽ ഒരുവനെക്കൊണ്ട് വ്യാജം ചെയ്യിക്കുന്നതും, വാഗ്ദാനലംഘനം കാട്ടുവാൻ പ്രേരിപ്പിക്കുന്നതും ആ വ്യക്തിയുടെ ജനിതക ഘടനതന്നെയാകാം. തങ്ങൾക്ക് ഇല്ലാത്ത ഒരു പ്രതിച്ഛായയെക്കുറിച്ച് ചിലർ ആവർത്തിച്ചു പറയുകയും, ഇല്ലാത്തത് ഉണ്ടെന്ന് ഭാവിക്കയും ചെയ്യുക പതിവാണ്. അങ്ങനെയുള്ള ഒരാൾക്ക് ഇല്ലാത്ത വ്യക്തിത്വം നഷ്ടമാകുമോ എന്നുള്ള ഖേദവും വേണ്ടല്ലോ. പൊതുപ്രവർത്തകരിൽ ഒരു ന്യൂനപക്ഷമെങ്കിലും ഇത്തരക്കാരാണെന്ന് പറയാതിരിക്കാനാവുന്നില്ല. തൻ്റെ നാക്കിൻ്റെ വിലയറിയതെ കേൾവിക്കാരുടെ കയ്യടി നേടാൻ അവർ പറയുന്ന വീൺവാക്കുകൾ അയാൾക്ക് മാത്രമല്ല, സമൂഹത്തിനാകെയും ദോഷമായി ഭവിക്കാം.അക്ഷരാർത്ഥത്തിൽ കേൾവിക്കാരെ കോരിത്തരിപ്പിക്കുക എന്നുള്ള ലക്ഷ്യം മാത്രമേ അപ്പോൾ അവർക്കുണ്ടാകൂ. ബഹുജനത്തിൻ്റെ മനസ്സിലെ തൻ്റെ പ്രതിച്ഛായയ്ക്ക് അത് മങ്ങൽ ഏല്പിക്കില്ലേ എന്ന ചിന്തയൊന്നും ആ സമയത്ത് അവരുടെ ഉള്ളിലുണ്ടാകില്ല.
സമൂഹജീവിയെന്ന നിലയിൽ തന്നെക്കുറിച്ച് മറ്റ് മനുഷ്യരുടെ ഉള്ളിലുള്ള ചിന്തകൾ എന്താകും എന്നതിനെപ്പറ്റിയും സാമാന്യമായ ഒരു ജ്ഞാനം ഓരോരുത്തർക്കും ഉണ്ടാവുക തന്നെ വേണം. എങ്കിൽമാത്രമേ നാളതുവരെ ഒരുവൻ കാത്തു സൂക്ഷിച്ച തന്റെ പ്രതിച്ഛായ നിലനിർത്താനാവൂ. നേടിയെടുത്തിട്ടുള്ള വ്യക്തിത്വം നിലനിർത്താൻ ആഗ്രഹമുണ്ടെങ്കിൽ തീർച്ചയായും നാം നമ്മുടെ വാക്കും നാക്കും നോക്കുംപോലും ശ്രദ്ധിക്കണം. എറിഞ്ഞ കല്ലും പറഞ്ഞയാ വാക്കും ആർക്കമേ തിരിച്ചെടുക്കാൻ കഴിയില്ലല്ലോ? എന്നും നമുക്ക് മാതൃകയാകേണ്ട നമ്മുടെ ബഹുമാന്യരായ ജന പ്രതിനിധികൾ പരിപാവനമായ നിയമസഭയിൽ, തങ്ങൾ പറഞ്ഞതും മറ്റുള്ളവർ അതിനകമായി ശ്രവിച്ചതുമായ പല മോശം പദപ്രയോഗങ്ങളും ‘പിൻവലിക്കുന്നു’എന്ന് പലപ്പോഴും പറയാറുണ്ട്. എന്നാൽ അതുകൊണ്ട് അവർക്ക് നേട്ടമേയില്ല. പറയരുതാത്തൊരു വാക്ക് പറയുന്നതോടു കൂടി വ്യക്തിയെന്ന നിലയിൽ മാത്രമല്ല, ജനപ്രതിനിധി എന്ന നിലയിലുമുള്ള ആ വ്യക്തിത്വത്തിന് ഇടിവ് സംഭവിച്ചുകഴിഞ്ഞു! മാത്രമല്ല, അദ്ദേഹത്തോട് നമുക്കുണ്ടായിരുന്ന സ്നേഹ-ബഹുമാനങ്ങളും അതോടെ ഇല്ലാതാവുക സ്വാഭാവികമല്ലേ!
വ്യത്യസ്തമായ വ്യക്തിത്വം തന്നെയാണ് നമ്മൾ ഓരോരുത്തർക്കുമുള്ളത്. കോടാനുകോടിയായ മനുഷ്യരും സാമ്യതയുള്ളതായ വ്യക്തിത്വമാകും പ്രകടിപ്പിക്കുക. അപ്പോഴും ഓരോ വ്യക്തിയെന്ന നിലയിലുള്ള വ്യതിരിക്തമായ ചില പ്രത്യേകത നാം ഓരോരുത്തരിലും ഉണ്ടാകും; അതാണല്ലോ ഒരാളെ മറ്റൊരാളിൽനിന്നും വ്യത്യസ്തനാക്കുക. വ്യക്തിത്വസമാനതയുള്ളപ്പോഴും വ്യത്യസ്തമായ ജീനുകൾതന്നെയാണ് നാം ഓരോ വ്യക്തിയിലും ഉൾച്ചേർന്നിട്ടുള്ളത്. അതിനാൽ അതിന്റേതായ ഒരു വൈവിധ്യവും വൈരുദ്ധ്യവും പ്രകടിപ്പിച്ചല്ലേ മതിയാകൂ. അപ്പോഴും അടിസ്ഥാനപരമായൊരു സ്വഭാവമഹിമ നേടിയെടുക്കാനും, അതിനൊരു കോട്ടവും തട്ടാതെ നിലനിർത്തുവാനും നമ്മൾ ശ്രമിച്ചേ മതിയാകൂ!
രാജൻ രാജധാനി