Saturday, October 5, 2024
Homeസ്പെഷ്യൽവൈലോപ്പിള്ളി ശ്രീധര മേനോനും അദ്ദേഹത്തിന്റെ മാമ്പഴം എന്ന കവിതയുടേയും ദർശനീകത..... ✍ ശ്യാമള ഹരിദാസ്

വൈലോപ്പിള്ളി ശ്രീധര മേനോനും അദ്ദേഹത്തിന്റെ മാമ്പഴം എന്ന കവിതയുടേയും ദർശനീകത….. ✍ ശ്യാമള ഹരിദാസ്

ശ്യാമള ഹരിദാസ്

ജീവിത യാഥാർഥ്യങ്ങളെ പച്ചയായി അവതരിപ്പിച്ച് കവിതകൾ എഴുതി വായനക്കാരെ ഏറെ ആകർഷിച്ച ഒരു മലയാള കവിയാണ് വൈലോപ്പിള്ളി ശ്രീധര മേനോൻ. ജീവിതത്തിൽ ഒരിക്കൽ ചെയ്ത തെറ്റ് അവസാനംവരേയും വേദനിപ്പിച്ചുകൊണ്ടിരിക്കാമെന്നും, ആരേയും വേദനിപ്പിക്കാതെ ജീവിക്കേണ്ടതിന്റെ അടിസ്ഥാനത്തെക്കുറിച്ചും വൈലോപ്പിള്ളി ഏറെ ഹൃദ്യമായി പറയുന്നുണ്ട്. ഗ്രാമീണ ജീവിതത്തെ ഇത്രയും മനോഹരമായി അനുവാചക ഹൃദയങ്ങളിലേയ്ക്ക് ഒഴുക്കിയ അതി പ്രഗത്ഭനായ കവിയാണ് വൈലോപ്പിള്ളി.

വൈലോപ്പിള്ളി എന്ന പേരു കേൾക്കുമ്പോൾ തന്നെ നമ്മുടെ എല്ലാം മനസ്സിൽ ഓടിയെത്തുക മാമ്പഴം എന്ന കവിതയാണ് അല്ലേ?

അത്രയധികം ഓരോ വായനക്കാരന്റെയും മനസ്സിനെ ആഴത്തിൽ സ്പർശ്ശിക്കുകയും, സ്വാധീനിക്കുകയും, അതി തീവ്രമായ ദുഃഖ കടലിലേയ്ക്ക് ആഴ്ത്തു ന്നതുമാണ് ഈ കവിത.
ഈ കവിത വായിക്കുമ്പോൾ വായനക്കാരുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീരെങ്കിലും വീഴാത്തവർ വിരളമായിരിക്കും. അത്രയധികം ഹൃദയ സ്പർശിയായിട്ടാണ് കവി ഇത് അവതരിപ്പിച്ചിരിക്കുന്നത്. മാമ്പഴം എന്ന കവിതയിൽ ഒരമ്മ മാമ്പഴകാലമാകുമ്പോൾ വാത്സല്യനിധിയായ മരിച്ചുപോയ തന്റെ മകനെ കുറിച്ചോർക്കുന്നതാണ് ഇതിലെ പ്രതിപാദ്യം. കേകാ വൃത്തത്തിലാണ് ഈ കവിത.

കഥാതന്തു :-

തന്റെ എല്ലാമെല്ലാമായ മകന്റെ വേർപ്പാടിൽ ഉണ്ടായ ഹൃദയഭേദകമായ തേങ്ങലുകളാണ് മാമ്പഴം എന്ന കവിതയിൽ നിഴലിക്കുന്നത്. വീട്ടു മുറ്റത്തെ തൈമാവിൽ നിന്ന് ആദ്യത്തെ മാമ്പഴം വീഴുന്നതു കാണുന്ന അമ്മ നാലുമാസം മുൻപ് ആ മാവ് പൂത്തു തുടങ്ങിയപ്പോൾ തന്റെ മകൻ കൗതുകത്താൽ ഒരു പൂങ്കുല പൊട്ടിച്ചെടുക്കുന്നതും ആ അമ്മ അവനെ ശകാരിച്ചതും ഓർക്കുന്നു.

മാമ്പഴം വീഴുമ്പോൾ ഓടിച്ചെന്ന് എടുക്കേണ്ടവന്നല്ലേ നീ.
പൂങ്കുല പൊട്ടിക്കുന്നത് തല്ലുകൊള്ളാഞ്ഞിട്ടല്ലേ എന്നു പറഞ്ഞു മകനെ ശകാരിക്കുകയും ചെയ്യുന്നു. അമ്മയുടെ ശകാരം ആ പിഞ്ചു മനസ്സിനെ മുറിവേല്പിക്കുകയും നിഷ്കളങ്കമായ അവന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ധാര ധാരയായി ഒഴുകി വരുകയും ചെയ്തു.

മാങ്കനി പെറുക്കാൻ താൻ വരില്ലെന്ന് പറഞ്ഞ് പൂങ്കുല വെറും മണ്ണിൽ എറിഞ്ഞു കളഞ്ഞു കുട്ടി. ആ കുട്ടി മാമ്പഴക്കാലത്തിനു മുൻപേ മരിച്ചുപോയി.
കൊച്ചു കുട്ടികൾക്ക് അക്ഷരം കൂട്ടിചൊല്ലാൻ ആയിട്ടില്ലെങ്കിലും അവർ പറയുന്നത് അർത്ഥപൂർണ്ണമാകുന്നു. മാമ്പഴം പെറുക്കാൻ വരില്ല എന്നു പറഞ്ഞ വാക്ക് ശരിയായി ഭവിച്ചു.

അമ്മയും കുഞ്ഞും തമ്മിലുള്ള ശാശ്വതമായ ബന്ധത്തിന് ഈ കവിത ഊന്നൽ നൽകുകയും ചെയ്യുന്നു. അങ്കണതൈമാവിൽ നിന്ന് ആദ്യത്തെ മാമ്പഴം വീഴുമ്പോൾ സാധാരണ ഗതിയിൽ സന്തോഷിക്കുകയല്ലേ ചെയ്യുക. എന്നാൽ മനസ്സിലെ കുറ്റബോധവും, നഷ്ടബോധവും കൊണ്ട് ആ അമ്മയുടെ മനസ്സിന്റെ നീറ്റലും കണ്ണുനീരിന്റെ നനവും ഒരിക്കലും മാറ്റാനാകുമോ?.

അമ്മയുടെ കണ്ണുനീരിനെ നിഷ്ഫലമാക്കുന്ന ദൈത്യത്തെ വർദ്ധിപ്പിക്കുന്ന വൈരുദ്ധ്യങ്ങൾ കാവ്യത്തിൽ ഉടനീളം കാണാം.

കുറ്റബോധം കൊണ്ട് നീറി പുകഞ്ഞ് ആ അമ്മ കഴിയുമ്പോൾ പാരിനെ കുറിച്ച് ഉദാസീനനായി വാനവർക്കാരോമലായി മകൻ വാഴുന്നു. ആർക്കും വേണ്ടാതെ മുറ്റത്തു കിടക്കുന്ന മാമ്പഴത്തിന്റെ മുമ്പിൽ സ്തബ്ദയായി നിൽക്കുന്ന അമ്മയുടെ ചിത്രത്തിനു മുമ്പിൽ സമാന്തരമായി മാവിൻ ചുവട്ടിൽ കളിവീടുണ്ടാക്കുന്ന അയൽ വീട്ടിലെ കുട്ടികളെ കവി അവതരിപ്പിക്കുന്നു.

അങ്കണ തൈമാവിൽ നിന്ന് മാമ്പഴം വീഴ്കെ അമ്മതൻ നേത്രത്തിൽ നിന്ന് ചുടുകണ്ണുനീർ എന്നു തുടങ്ങി ഒരു തൈക്കുളിർ കാറ്റായി അരികത്തണഞ്ഞപ്പോൾ ഓമന പുത്രന്റെ പ്രാണൻ അമ്മയെ ആശ്ലേഷിച്ചു എന്നുവരെയുള്ള വരികളിൽ കൂടി മാതൃത്വത്തിന്റെ മഹനീയതയും, കുട്ടിക്കാലത്തിന്റെ നിഷ് കളങ്കതയും കവി ആവിഷ്ക്കരിച്ചിരിക്കുന്നു.

തൈക്കുളിർ കാറ്റായി മകന്റെ പ്രാണൻ അമ്മയെ ആശ്ലേഷിക്കുന്നു എന്ന പരമാർശനത്തിലൂടെ മരണത്തിനുപോലും വേർപ്പെടുത്താൻ ആവാത്തതാണ് മാതൃപുത്ര ബന്ധം എന്ന് കവി വ്യക്തമാക്കുന്നു.

ആ തൈമാവിന്റെ അടുത്തു തന്നെയാണ് മകനെ മറവുചെയ്തിരുന്നതും.
മാവിൽ നിന്നും വീണ ആ മാമ്പഴം അമ്മ മകനെ മറവു ചെയ്തിരിക്കുന്ന മണ്ണിൽ വെച്ച് പറയുന്നു.

“ഉണ്ണിക്കൈക്കെടുക്കുവാൻ
ഉണ്ണിവായ്ക്കുണ്ണാൻ വേണ്ടി
വന്നതാണീ മാമ്പഴം.
വാസ്തവമറിയാതെ പിണങ്ങി പോയീടിലും പിന്നെ ഞാൻ വിളിക്കുമ്പോൾ
കുണുങ്ങി കുണുങ്ങി നീ
ഉണ്ണാൻ വരാറില്ലേ?
ഏറ്റവും ഹൃദയത്തെ സ്പർശ്ശിക്കുന്ന ഒരു വരിയാണിത്. നമ്മുടെ ഒക്കെ മക്കളും ഇതുപോലെ തന്നെയല്ലേ?.

വരിക കണ്ണാൽ കാണാൻ
വയ്യാത്തൊരെൻ കണ്ണനെ
തരസാനുകർന്നാലും
തായ തൻ നിവേദ്യം നീ.

ആ അമ്മയുടെ ഹൃദയ
വിലാപം കേട്ട് കുട്ടിയുടെ പ്രാണൻ ഒരു ചെറിയ കുളിർക്കാറ്റായി വന്ന് അമ്മയെ പുണർന്ന് അവരുടെ നൈവേദ്യം
സ്വീകരിക്കുന്നു.

തന്റെ ഓമന മകൻ ഒരു അപരാധം ചെയ്തതിൽ താൻ ഒരു അപ്രിയം പറഞ്ഞതിനെ ചൊല്ലി ആ അമ്മയ്ക്ക് ജീവിതം മുഴുവൻ വ്യസനിക്കാനിട വന്നില്ലേ?. കുട്ടികളുടെ നിരപാധിത അപരാധങ്ങളുടെ നേർക്ക് മാതാപിതാക്കൾ ക്രൂരമായി പെരുമാറുന്നത് സാധാരണയാണ്. ഒരു നിമിഷനേരത്തേക്ക്
ഈ ബോധം അമ്മയുടെ മനസ്സിൽ ഉദിച്ചു എന്നിരിക്കട്ട, ആ തീരാത്ത പശ്ചാത്താപം
അവരുടെ കത്തിപ്പടരുന്ന കോപാഗ്നിയിൽ വെള്ളം തളിച്ചേയ്ക്കും.

മാമ്പുവിന്റെ മണവും കൊണ്ടെത്തുന്ന വൃശ്ചികക്കാറ്റ് മലയാളിയുടെ ഓർമ്മയിലേയ്ക്ക് സങ്കടത്തിന്റെ ഒരു അശ്രുധാരയും കൊണ്ട് വരുന്നുണ്ട്. വൈലോപ്പിള്ളിയുടേ മാമ്പഴത്തിലൂടെ മലയാളി അനുഭവിച്ചറിഞ്ഞ ആ പുത്രദുഃഖം ഒരുപക്ഷേ
ഭൂമിയുടെ അനശ്വരമായ മാതൃത്വത്തിലേയ്ക്ക് തിരിച്ചുപോയ പുത്രന്മാരേയും ജനപദങ്ങളേയും ഖേദ മുണർത്തുന്നു. മലയാളിയെ ഒന്നാകെ കണ്ണീരിൽ ആഴ്ത്തിക്കൊണ്ടിരിക്കുന്ന ഈ കവിത കവിയുടെ രചനാ വൈഭവത്തെ ചൂണ്ടി കാണിക്കുന്നു

✍ ശ്യാമള ഹരിദാസ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments