കുംഭമാസം അവസാനിച്ചു. ഈയാണ്ടിലെ അവസാനത്തെ രണ്ടേകാല്‍ ഞാറ്റുവേലകളടങ്ങുന്ന മീനമാസം തുടങ്ങുകയും ചെയ്തു.
മീനമാസം പൂരങ്ങളുടെ മാസമാണ്.വടക്കന്‍കേരളത്തില്‍ മീനത്തിലെ കാര്‍ത്തികനാള്‍ തുടങ്ങി പൂരംനാളുവരെ കാമദേവപൂജയുടെ ഉത്സവം ആണ്. ക്ഷേത്രങ്ങളിലും കാവുകളിലും തറവാട് ഭവനങ്ങളിലുമാണ് പൂരോത്സവങ്ങൾ നടക്കുക. ഒമ്പത് ദിനങ്ങളിലായി കാമദേവനെ പൂവിട്ട് പൂജിക്കുന്നതാണ് ചടങ്ങ്. നിലവിളക്ക് കത്തിച്ച് പൂപ്പലകമേൽ പൂക്കൾ അർപ്പിക്കുമ്പോൾ കുട്ടികൾ കുരവയിടും. ഈ പൂക്കൾ ഉപയോഗിച്ച് പൂരത്തലേന്ന് കാമരൂപമുണ്ടാക്കും. ഭഗവതി കാവുകളിൽ പൂരക്കളിയും വിദ്വൽ സദസായ മറത്തു കളിയും അരങ്ങേറും. പതിനെട്ട് നിറത്തിലാണ് പൂരക്കളി. ക്ഷേത്ര തിരുവായുധങ്ങൾ പുറത്തെത്തിച്ച് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ക്ഷേത്രക്കുളത്തിൽ പൂരം കുളിച്ചു മാടം കയറും. ഇതോടെ പൂരാഘോഷങ്ങൾ സമാപിക്കും.ഒടുവില്‍ , ഇനിയത്തെ കൊല്ലവും ”നേരത്തെ കാലത്തേ വരണേ കാമാ” എന്ന് പറഞ്ഞ് കാമദേവനെ യാത്രയാക്കും.
എന്റെ സുഹൃത്ത് ശ്രീ മധു മാടായിയുടെ കവിത നോക്കൂ..
”പൂരം കൊടിയേറുമ്പോൾ
——————–
കാമനെ പൂവിട്ട് പൂജ ചെയ്യാൻ
പോരൂ പോരൂ പൂക്കന്യമാരെ
പൂരം കൊടിയേറി മാടായിക്കാവിൽ
കാർത്തികനാൾ തൊട്ട് പൂരോത്സവം.
കളിമണ്ണ്കൊണ്ട് കാമനുണ്ടാക്കി
പ്ലാവില നന്നായ് വിരിച്ചുവെച്ച്
മുറ്റത്ത് പൂവിട്ട് പൂജിക്കുവാൻ
ഒരുങ്ങു വേഗം പൂക്കന്യമാരെ .
കുന്നിക്കുരുകൊണ്ട് കാമന് കണ്ണ്
എരിക്കിൻപൂകൊണ്ട് മെയ്യലങ്കാരം
കൊച്ചരിപ്പല്ലും കാതിൽ കടുക്കനും
കാമനെ കാണാൻ നല്ല ചേല് .
കിണ്ണത്തിൽ ചെമ്പകപ്പൂവെടുത്ത്
കിണ്ടിയിൽ നീരും നിറച്ചുവെച്ച്
പൂവിട്ട് പൂജിച്ച് കാമനെ വന്ദിച്ച്
കാമന് നീർകൊട് കന്യമാരെ .
മധ്യകേരളത്തില്‍ (തൃശ്ശൂര്‍ ജില്ലയില്‍ പ്രത്യേകമായി )ഭഗവതിയമ്പലങ്ങളിലും അയ്യപ്പന്‍ കാവുകളിലും ‘പൂരം’ ആരംഭിക്കുന്നതും മീനത്തില്‍ കാര്‍ത്തികനാളാണെന്നതും കേട്ടുകേള്‍വിയല്ല. ഒമ്പതുദിവസത്തെ ഗ്രാമപ്രദക്ഷിണത്തിനുശേഷം ദേവീദേവന്മാര്‍ (ഭഗവതിമാരും അയ്യപ്പന്മാരും ) പൂരം നാളില്‍ തൃശ്ശൂര്‍ പട്ടണത്തിനടുത്ത ആറാട്ടുപുഴ പാടത്ത് ഒന്നിച്ചുചേരുന്നതും ഒന്നിച്ച് ആറാടുന്നതും വികാരഭരിതമായ കാഴ്ചയാണ്.ഈ ദേവീ ദേവന്മാരുടെ കൂട്ടത്തില്‍ പ്രധാനി ആതിഥേയന്‍ ആറാട്ടുപുഴ ശാസ്താവാണ്. എന്നാല്‍ എണ്ണപ്പെട്ട പൂരങ്ങള്‍ അമ്മദെെവങ്ങളുടെതാണ്. ചേര്‍പ്പ്, ഊരകം, അന്തിക്കാട്, ചൂരക്കോട്, പൂനിലാറാവ് പിഷാരിക്കല്‍ എന്നിങ്ങനെ ഏറെയുണ്ട് ദേവിമാരുടെ നിര. (ഏപ്രില്‍ രണ്ടാംതിയതിയാണ് ഈയാണ്ട് ആറാട്ടുപുഴ പൂരം.). പൂരത്തിന് നെടുനായകത്വം വഹിക്കുന്നത് തൃപ്രയാര്‍ ശ്രീരാമസ്വാമിയാണെന്നത് ഒരു അപവാദമാണ്. ഈ വിഷയത്തിലേക്ക് പിന്നീട് തിരിച്ചുവരാം. മലബാറുകാര്‍ വരുംകൊല്ലവും കാണണണമെന്ന് കാമനോട് പ്രാര്‍ത്ഥിക്കുംപോലെ ആറാട്ടുപുഴയിലുമുണ്ട് ദേവീദേവന്മാരുടെ വികാരാധീനമായ യാത്രയയപ്പും അടുത്തകൊല്ലം കാണാം എന്ന യാത്രാമൊഴിയും. ആറാട്ടുകടവിലെ ആറാട്ടിനുശേഷം ആനകള്‍ തുമ്പിക്കെെ കോര്‍ത്ത് കാണാം എന്ന യാത്രാമൊഴിചൊല്ലുന്നു.
കൂട്ടത്തില്‍ രസകരമായ ഒരു കാര്യം പറയട്ടെ. പൂരംകൂടാന്‍ ആറാട്ടുപുഴപ്പാടത്തെത്തുന്ന ഒരു ഭഗവതിയുടെ മാസമുറ പൂരംനാളാണത്രെ. സംഗമത്തില്‍ പങ്കെടുക്കാനാവാതെ ഈ ദേവി ഒഴിഞ്ഞൊരു മൂലയ്ക്കല്‍ കൊട്ടും ആരവവുമില്ലാതെ നില്‍ക്കുന്ന കാഴ്ച്ച ഇന്നും കാണാം.ദേവിമാരും മനുഷ്യസ്ത്രീകളില്‍നിന്ന് ഭിന്നരല്ല എന്ന സന്ദേശം ഈ രംഗത്തിനുണ്ട്.
ആറാട്ടുപുഴ പാടത്ത് മാത്രമല്ല ബ്രാഹ്മണരുടെയും മറ്റും തറവാടുകളിലുമുണ്ട് പൂരം ആഘോഷം. ഈ ദിവസം സ്ത്രീകള്‍ , പ്രത്യേകിച്ചും കന്യകമാര്‍, ‘പൂരംഗണപതി ‘യിടുക എന്നൊരു ചടങ്ങ് ഇന്നും നടന്നുവരുന്നുണ്ട്.നെടുമംഗല്യത്തിന് (ദീര്‍ഘമായ ദാമ്പത്യം )വേണ്ടിയാണ് ഈ ആരാധന. മലബാറിലെ കാമദേവപൂജയുടെ മധ്യകേരള രൂപം ആവാം ഇത്
അമ്മദെെവങ്ങളുടെയും അമ്മ പ്രധാനമായ മരുമക്കത്തായത്തിന്റെയും ആന്തരികബന്ധം ഈ ചടങ്ങുകളില്‍ .പ്രകടമാണ്. കാവിലെ അമ്മയും തറവാട്ടിലെ അമ്മയും നമുക്ക് തായയാണ്.’അമ്മേ തായേ!’ എന്ന് കാവില്‍ പ്രാര്‍ത്ഥിക്കുകയും താ(യ് )വഴിയില്‍ പരമ്പര അടയാളപ്പെടുത്തുകയും ചെയ്യുന്നവരാണ് നമ്മള്‍ .മാത്രമല്ല, പലയിടങ്ങളിലായി ചിന്നിച്ചിതറിപ്പോയ തറവാട്ടുതാവഴികളുടെതുപോലെ കാവിലെ ദേവതകള്‍ തമ്മിലും കുടുംബബന്ധം നമ്മുടെ വാമൊഴിക്കഥകളില്‍ പറഞ്ഞുപോരുന്നുണ്ട്. കൊടുങ്ങല്ലൂരെ കാളി ഉത്തരകേരളത്തിലെ മാടായിക്കാവിലെയും ലോകനാര്‍ക്കാവിലെയും ഭഗവതിമാരുടെയും ജ്യേഷഠത്തിയാണ്. ചെട്ടിക്കുളങ്ങര ഭഗവതി കൊടുങ്ങല്ലൂരമ്മയുടെ അനുജത്തിയാണ്. ”ഇമ്മട്ടില്‍ ഒരു മരുമക്കത്തായത്തറവാട്ടിലെ വെവ്വേറെ താവഴികള്‍ പോലെയുള്ള ഒരു ബന്ധത്തില്‍ കാവുകള്‍ അണിചേരുകയാണ്.” (അമ്മവഴിക്കേരളം, എം ആര്‍ രാഘവവാരിയര്‍ )നൂറ്റെട്ട് ദേവതമാരുടെ ഒരുകുടുംബസമ്മേളനം തന്നെയല്ലെ ആറാട്ടുപുഴയിലും (തലേന്ന് പെരുവനത്തും ) നടക്കുന്നത് ?
ആര്യന്മാരുടെ വരവിനുശേഷം (കൃ വ. 7. 8 നൂറ്റാണ്ട് )സ്ഥാപിക്കപ്പെട്ട ശിവ -വിഷ്ണു ക്ഷേത്രങ്ങള്‍ മലനാട്ടിലെ ആദി ദേവതകള്‍ക്കിടയിലെ മരുമക്കത്തായ ബന്ധങ്ങളെ ശിഥിലമാക്കിയെന്നുവേണം കരുതാന്‍. പതുക്കെ പതുക്കെ ഈ നാട്ടിലെ കാളിയും അയ്യപ്പനും മുരുകനും ശിവന്റെയും വിഷ്ണുവിന്റെയും സന്തതകളായി ജാതകര്‍മം ചെയ്യപ്പെടാന്‍തുങ്ങി. തായ്വഴി തന്തവഴിയായി മാറുന്ന ചരിത്രം ഇവിടെനിന്നുതുടങ്ങുന്നുവെന്ന് തോന്നും. മലനാട്ടിലെ ദേവതകളുടെ സംഗമത്തിന് വെെഷ്ണവനായ തൃപ്രയായര്‍ തേവര്‍ നെടുനായകത്വം വഹിക്കുമ്പോള്‍ തേവരുടെ ”സഹോദരി”മാരായി ഊരകത്തമ്മയും ചേര്‍പ്പ്ഭഗവതിയും പാര്‍ശ്വങ്ങളില്‍ നിലയുറപ്പിക്കുന്നതും ഈ ചരിത്രത്തിന്റെ തുടര്‍ച്ചയാവാം. തൃശ്ശൂര്‍ പൂരം കൊട്ടിക്കേറിയിറങ്ങുന്നത് വടക്കുന്നാഥന്റെ (ശിവന്‍ ) പ്രദക്ഷിണവഴിലാണെന്നും ഓര്‍ക്കുക.അത് ഏതായാലും , കാവുകളും അമ്പലങ്ങളും മഹാക്ഷേത്രങ്ങളും തിരുമുറ്റങ്ങളില്‍ കൊണ്ടാടുന്ന പൂരങ്ങള്‍ മലനാട്ടിലെ സംസ്കാരത്തിന്റെയും പെെതൃകത്തിന്റെയും ചരിത്രത്തിന്റെയും അനിഷേധ്യമായ ഭാഗമാണെന്ന് നിസ്സംശയം പറയാം.
ഇതെല്ലാം വായിച്ച് ‘ഇതെന്തൊരു പൂരം’ എന്ന് തലയില്‍ കെെവെയ്ക്കാന്‍ വരട്ടെ. ‘പൂരം’ ഒരു നക്ഷത്രത്തിന്റെ പേരുമാത്രമാണ്. ‘പൂര്‍വ്വം’എന്ന നക്ഷത്രത്തിന്റെ മലയാളീകരിച്ച രൂപമാണിത് . അതിന്റെ അടുത്ത നക്ഷത്രം ‘ഉത്തരം ‘ അഥവാ ഉത്രംആണ്.ഈ രണ്ടു നക്ഷത്രങ്ങള്‍ യഥാക്രമം ആദ്യപാതിയും രണ്ടാംപാതിയും (പൂര്‍വോത്തരം) ആയതെങ്ങനെ എന്നെനിക്കറിയില്ല. അറിവുള്ളവര്‍ പറയുക. (പൂരാടം -ഉത്രാടം , പൂരുരാട്ടാതി -ഉത്രട്ടാതി എന്നീ രണ്ട് ഇരട്ടകളും ഈ ഗണത്തില്‍ പെടുന്നു )
”പൊടിപൂരമായി ” എന്ന പഴയ ചൊല്ലിന് ഇന്നത്തെ ഭാഷയില്‍ ”അടിപൊളി ” എന്ന് സാമാന്യ അര്‍ത്ഥം പറയാം. എന്നാലും പൂരങ്ങള്‍ ഇക്കാലത്തും ”പൊടിപൂരമായി ” ആഘോഷിക്കപ്പെടുന്നുണ്ട്. നിരന്നുനില്‍ക്കുന്ന കൊമ്പനാനകളുടെ മസ്തകത്തിലെ സ്വര്‍ണക്കോലം പന്തത്തിന്റെ വെളിച്ചത്തില്‍ പലമടങ്ങു ശോഭിക്കുന്നു ; ചെണ്ടമേളം കൊട്ടിക്കേറുന്നു ; വെടിക്കെട്ടിന്റെ ദൃശ്യശ്രാവൃവിസ്മയം ഉടലാകെ പ്രകമ്പനം കൊള്ളുന്നു—കാമാഗ്നി കത്തിത്തീരുന്നതുപോലെ !
രാജൻ പടുതോൾ✍