ഇരുഡാമുകളും ചെയ്യുന്നത് ശബരിഗിരിയിലും ഇടുക്കിയിലും ജോലിചെയ്ത് തഴക്കവും പഴക്കവും വന്നവരാണ്. അവർക്ക് പണി നടത്തേണ്ട സാഹചര്യങ്ങൾ ഒരുക്കി കൊടുത്താൽ മതി. വേലുത്തോടിലെ വർഷകാലത്തെ വെള്ളം പണിത ഭാഗത്തിന് കുഴപ്പം വരാത്തവിധത്തിൽ ഒഴുകാൻ വേണ്ടി രൂപകല്പനയിൽ മാറ്റം വരുത്തി കൊടുത്തു. അതോടെ ഡാമുകളുടെ പണികൾ മുടങ്ങാതെ നടക്കുന്നു.
മറ്റുള്ള ഭാഗങ്ങളിലെ പണികളുടെ പോക്ക് ‘തൊമ്മൻ മുറുകുമ്പോൾ ചാണ്ടി അയയും; ചാണ്ടി മുറുകുമ്പോൾ തൊമ്മൻ അയയും’ എന്ന തരത്തിലാണ്. ആദ്യം രണ്ട് ടണലുകൾക്കും കൂടി ഒരുമിച്ച് ടെൻഡർ വിളിച്ചു. നാട്ടിൽ നിന്നുതന്നെ പണം ഉണ്ടാക്കിയ ഒരു പുതുപ്പണക്കാരൻ ജോലി ഏറ്റെടുത്തു. ആൾ രഹസ്യങ്ങൾ ചോർത്താനും അന്തർനാടകങ്ങൾ കളിക്കാനും മിടുക്കനാണ്. ഒരു രഹസ്യം ചോർത്തിയ വഴി ഇങ്ങനെയായിരുന്നു. ചീഫ് എൻജിനീയർ ഓഫീസിൽ നിന്ന് ബോർഡ് ഓഫീസിലേക്ക് ടെൻഡറുകൾ അയക്കുകയാണ്. അതിൻറെ കൂടെ വെക്കുന്ന എഴുത്തിൽ വിശദവിവരങ്ങൾ ഉണ്ട്. അത് ടൈപ്പ് ചെയ്യാൻ കൊടുത്തു. കോപ്പികൾ കൃത്യമായി തന്നെ തിരിച്ചുകിട്ടി. അതിനുപയോഗിച്ച പുതിയ കാർബൺ പേപ്പർ ഈ മനുഷ്യൻ സംഘടിപ്പിച്ചു. അതിൽ നിന്ന് വിവരങ്ങൾ മനസ്സിലാക്കി. വേണ്ട വിധത്തിലുള്ള പ്രയോഗങ്ങൾ നടത്തി. ജോലി ഏറ്റെടുത്തു. പല സ്ഥലങ്ങളിലാണ് ജോലികൾ. തൊഴിലാളികളും നേതാക്കന്മാരും പല തടസ്സങ്ങളും ഉണ്ടാക്കി. അദ്ദേഹം ഒരുവിധം തട്ടിമുട്ടി ജോലികൾ നടത്തുന്നുണ്ടായിരുന്നു. പണി നീണ്ടുപോയി. തുക കൂടുതൽ കിട്ടണമെന്ന് അവകാശവാദമുന്നയിച്ചു. പണിക്ക് വേഗത പോരെന്ന് പറഞ്ഞ് കരാർ അവസാനിപ്പിച്ചു.
വീണ്ടും ടെൻഡർ വിളിച്ചു. ജോലി ഏർപ്പാടാക്കി പണി തുടങ്ങുന്നതിനു മുൻപേ കേസും കോടതിയുമായി എല്ലാം അലസിപ്പോയി.
മൂന്നാമത് ടെൻഡർ വിളിച്ച് നാലുപേർക്ക് ആയി വീതിച്ചു കൊടുത്തു. തുടങ്ങിയും മുടങ്ങിയുമായിരുന്നു പണിയുടെ പോക്ക്.
ഇതിനിടയിൽ ചെയർമാനും ബോർഡും മാറി. ഒരു സീനിയർ ഐ. എ. എസു.കാരനാണ് ചെയർമാനായി വന്നത്.ശ്രീ.എൻ. കാളീശ്വരൻ. അടുത്തദിവസങ്ങളിൽ അദ്ദേഹം ചീഫ് എൻജിനീയർമാരെ വിളിച്ചു. എന്നിട്ട് അവരോട് പറഞ്ഞു. “ടൂർ ഇല്ലാത്തപ്പോൾ ഞാൻ കാലത്ത് ഒമ്പതരയ്ക്ക് വരും. നിങ്ങൾക്ക് എൻറെ പേഴ്സണൽ അസിസ്റ്റന്റിനെ കണ്ടതിനുശേഷം എന്നെ കാണാം.പ്രശ്നങ്ങൾ പറയാം. അവയ്ക്ക് ഉടനെ പരിഹാരം ഉണ്ടാക്കി തരികയും ചെയ്യും.”
തുരങ്കം ഒന്നു രണ്ടു സ്ഥലങ്ങളിൽ ഇടിഞ്ഞു വീണു. അവിടെ ബീമുകളും ആംഗിൾ അയണുകളും (Angle Iron) ഒക്കെ വെച്ച് താങ്ങു കൊടുത്താണ് മുന്നോട്ടു നീങ്ങുന്നത്. ഒന്നു രണ്ടു സ്ഥലത്ത് ഇടിഞ്ഞു വീണപ്പോൾ ഉപയോഗിച്ച ഇരുമ്പ് സാധനങ്ങളെപ്പറ്റി വിവരം കിട്ടിയല്ലോ. ഇടിഞ്ഞുവീണതിന് ശേഷം ഇവ എവിടെ കിട്ടും എന്ന് അന്വേഷിക്കുന്നതിനു പകരം വിവിധ ബോർഡ് സ്റ്റോറുകളിൽ നിന്ന് ഇവ വരുത്തി കക്കാട് സ്റ്റോറിൽ കരുതി വെച്ചു. ചീഫ് എൻജിനീയർ ഓഫീസിൽ പർച്ചേസ് ഡിവിഷനിൽ ജോലി ചെയ്തിരുന്നതു കൊണ്ട് എവിടെ എത്ര സ്റ്റോക്ക് ഉണ്ടെന്ന് എനിക്ക് കൃത്യമായി കണ്ടുപിടിക്കാൻ കഴിഞ്ഞു. കക്കാട് സ്റ്റോറിൽ ആവശ്യം വരുന്നതിനു മുമ്പ് തന്നെ സാധനങ്ങൾ എത്തിയപ്പോൾ കാലതാമസം ഇല്ലാതായി.
കരാറുകാർ പല പണികളും ചെയ്തു. എങ്കിലും പണം കൊടുക്കുന്നതിന് ചില സാങ്കേതിക ബുദ്ധിമുട്ടുകൾ ഉണ്ട്. ഒരു ഉദാഹരണം പറയാം.
കരാറനുസരിച്ച് മുക്കാൽ ഇഞ്ച് കമ്പി ഉപയോഗിച്ച് ജോലി ചെയ്യണം. അതിന് നിരക്കുണ്ട്. മുക്കാൽ ഇഞ്ച് കമ്പി കിട്ടാനില്ല. പകരം 20 മില്ലിമീറ്റർ ഉപയോഗിക്കുന്നു. കരാറുകാരന് സംഖ്യ കിട്ടുകയില്ല. ടണൽ ഇടിഞ്ഞുവീണ ഭാഗത്ത് ഒരുപാട് പണി കൂടുതൽ ചെയ്തു. പൈസ അനുവദിക്കാൻ കാലതാമസം. ഇവയ്ക്കൊക്കെ അഡ്വാൻസായി സംഖ്യ കൊടുക്കുന്നതിന് ചെയർമാൻ സമ്മതിച്ചു. അപ്പോൾ പണിക്ക് ഒരു ഉണർവുണ്ടായി.
തൊഴിലാളികൾ ചൂടൻമാരാണ്. ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് മുമ്പ് കൂലി കൊടുത്തില്ലെങ്കിൽ കരാറുകാരന്റെ ഷെഡ്ഡ് തല്ലിപ്പൊളിക്കും.
തുരങ്കത്തിൽ വെടി വെക്കാൻ ഉള്ള ഓരോ കുഴിയും രണ്ടരയടി, അഞ്ചടി, ഏഴര അടി നീളമുള്ള 3 കമ്പികൾ വച്ചാണ് അടിക്കേണ്ടത്.അവയ്ക്ക് പകരം അഞ്ചടി കമ്പി മാത്രം വച്ച് ഒറ്റ അടിയാണ്. ഉപയോഗിച്ചു പഴകിയ കമ്പികളും സ്വദേശി കമ്പനികളുടെ കമ്പികളും രണ്ട് കഷണങ്ങളാക്കി സഹായികളുടെ കയ്യിൽ കൊടുക്കും. ഏഴരയടി കുഴി അടിച്ചു പൊട്ടിച്ചു, കല്ലുണ്ടാക്കി, അവ നീക്കി എന്ന സങ്കൽപത്തിൽ കരാറുകാരന്റെ പക്കൽ നിന്ന് തുക വാങ്ങും. ഒരു ബ്ലാസ്റ്റിലെ കല്ല് നീക്കാനുള്ള തുക. ‘നീക്കും പോക്കും അറ്റകൈക്ക് മുട്ടാപ്പോക്കും എന്ന രീതി.’ എന്തെങ്കിലും പേരുപറഞ്ഞ് പണിമുടക്ക് ഉണ്ടാക്കും. ഉപയോഗിച്ചുകൊണ്ടിരിക്കുന്ന യന്ത്രസാമഗ്രികൾ കല്ല് അടർന്ന് വീഴാൻ സാധ്യതയുള്ള സ്ഥലത്ത് നിർത്തിയിട്ടിട്ടാണ് പണി മുടക്കുക. എങ്ങനെ എങ്കിലും നശിക്കട്ടെ എന്നാണ് മനോഭാവം!
ജോണി തെക്കേത്തല, ഇരിഞ്ഞാലക്കുട.✍
trjohny@gmail.com