118.ചീഫ് എഞ്ചിനീയർ- തിരുവനന്തപുരം – (സിവിൽ):-
1988 പകുതിയോടെ തിരുവനന്തപുരത്ത് ചീഫ് എൻജിനിയറായി ചുമതലയേറ്റു. ഇരുപത്തിയൊന്നാം വയസ്സിൽ 1956 ൽ സംസ്ഥാനത്തെ സർവീസിൽ ചേരുമ്പോൾ അവിടുത്തെ ചീഫ് എഞ്ചിനീയർ ആകണമെന്നായിരുന്നു ലക്ഷ്യമിട്ടത്. 32 കൊല്ലത്തെ നിരന്തര സേവനത്തിനുശേഷം തേടിയത് നേടി; സർക്കാർ സർവീസിന് പകരം വൈദ്യുതി ബോർഡിൽ ആയി എന്ന് മാത്രം. അതിന് അഞ്ചര കൊല്ലം ഹൈക്കോടതിയിൽ കേസും നടത്തി. കുറേ മാസങ്ങളിലെ പല അന്തർനാടകങ്ങൾ കാണേണ്ടതായും വന്നു.
പത്തനംതിട്ടയിലെ കക്കാട് വൻകിട പദ്ധതിയുടെയും ചാലക്കുടിപ്പുഴയുടെ വടക്കുഭാഗത്തുള്ള എല്ലാ വൻകിട, ചെറുകിട, തരികിട (മേജർ, സ്മാൾ, മിനി, മൈക്രോ) പദ്ധതികളുടെയും ചുമതല എനിക്കായിരുന്നു.
കക്കാട് പദ്ധതി:-
പമ്പാ നദീതടത്തിലെ ആദ്യത്തെ പദ്ധതി ശബരിഗിരി ആണ്. 1967 മുതൽ അതിൽ നിന്ന് വൈദ്യുതി പുറത്ത് ചാടുകയാണ്. കുറച്ചൊന്നുമല്ല 300 മെഗാവാട്ട്. കേരളത്തിലെ രണ്ടാമത്തെ പദ്ധതി. ഒന്നാമൻ ഇടുക്കി തന്നെ. 780mw. ശബരിഗിരി വൈദ്യുതി നിലയത്തിൽ നിന്ന് വരുന്ന വെള്ളത്തെ അങ്ങനെ വെറുതെ വിടരുത് എന്ന് കരുതി ഉണ്ടാക്കിയ പദ്ധതിയാണ് കക്കാട്. പത്തനംതിട്ട ജില്ലയിൽ ആണിത്.
ശബരിഗിരിയിലെ വെള്ളവും കക്കാട് നദിയുടെ രണ്ടു പോഷകനദികളായ മൂഴിയാറിലെയും വേലുത്തോടിലെയും വെള്ളവും കൂടി 132.6 മീറ്റർ (438 അടി) മുകളിൽ നിന്ന് ചാടിച്ചു 2690 ലക്ഷം യൂണിറ്റ് വൈദ്യുതി ഉണ്ടാക്കുകയാണ് ലക്ഷ്യം. ചെയ്യേണ്ട കാര്യങ്ങൾ ഇവയൊക്കെയാണ്.
ഒന്ന്. മൂഴിയാർ ആറ്റിൽ 33 മീറ്റർ ഉയരമുള്ള ഒരു കോൺക്രീറ്റ് ഡാം. ഇതിന് 175 മീറ്റർ നീളം. മൂന്ന് ഗേറ്റുകൾ.ഒരു ചീപ്പ്(outlet) 50, 000ഘന മീറ്റർ കോൺക്രീറ്റ്.
രണ്ട്. വേലുത്തോടിൽ ഇരുപത്തിരണ്ടര മീറ്റർ ഉയരത്തിൽ വേറൊരു കോൺക്രീറ്റ് ഡാം. 100 മീറ്റർ നീളം. ഒരു ചീപ്പ് (sluice )14,000 ഘനയടി കോൺക്രീറ്റ്.
മൂന്ന്. ഇരു ജലാശയങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു തുരങ്കം. (ഇൻറർകണക്ടിങ് ടണൽ). മൂന്നു കിലോമീറ്റർ നീളം. 3.6 മീറ്റർ വ്യാസം.
നാല്. പവർ ഹൗസിലേക്ക് വെള്ളം ഒഴുകുന്നതിന് ഉദ്ദേശം എട്ടു കിലോമീറ്റർ നീളമുള്ള തുരങ്കം. 3.6 മീറ്റർ വ്യാസം.
അഞ്ച്. സർജ് കിണറും വേറൊരു തുരങ്കത്തിന്റെ ഉള്ളിലൂടെ ഉള്ള ഇരുമ്പ് പൈപ്പും. 650 മീറ്റർ നീളം.
ആറ്. കക്കാട് ആറിന്റെ ഇടതു കരയിൽ വൈദ്യുതി നിലയം. 44.5 മീറ്റർ നീളം. 24.6 മീറ്റർ വീതി. 25mw വീതമുള്ള രണ്ട് യന്ത്രങ്ങൾ.
ജോണി തെക്കേത്തല, ഇരിഞ്ഞാലക്കുട✍